| Tuesday, 25th November 2025, 4:00 pm

ഓസ്‌ട്രേലിയയെ വെട്ടി, ഇനി ഇന്ത്യ ഭരിക്കുന്നത് പ്രോട്ടിയാസ്; സൂപ്പര്‍ റെക്കോഡില്‍ ബാവുമയും സംഘവും!

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റിലെ നാലാം ദിനത്തില്‍ സൗത്ത് ആഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സിന് ഡിക്ലയര്‍ ചെയ്തിട്ടുണ്ട്. ഇതോടെ 548 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് പ്രോട്ടിയാസ് ഇന്ത്യയ്ക്ക് മുന്നില്‍ പടുത്തുയര്‍ത്തിയത്. സെഞ്ച്വറിക്കരികെ വീണ ട്രിസ്റ്റന്‍ സ്റ്റബ്‌സാണ് സന്ദര്‍ശകരെ മികച്ച നിലയില്‍ എത്തിച്ചത്.

സൗത്ത് ആഫ്രിക്ക: 489 & 260/5 ഡിക്ലയര്‍

ഇന്ത്യ: 201

ടാര്‍ഗറ്റ്: 549

ഇന്ത്യന്‍ മണ്ണില്‍ വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയതോടെ ഒരു തകര്‍പ്പന്‍ നേട്ടവും പ്രോട്ടിയാസ് സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ ഏറ്റവും വലിയ വിജയലക്ഷ്യം ഉയര്‍ത്തുന്ന ടീമാകാനാണ് സൗത്ത് ആഫ്രിക്കയ്ക്ക് സാധിച്ചത്. ഈ നേട്ടത്തില്‍ ഓസ്‌ട്രേലിയയെ തകര്‍ത്താണ് പ്രോട്ടിയാസ് ക്യാപ്റ്റന്‍ ബാവുമയും സംഘവും ഒന്നാമതായത്.

ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ ഏറ്റവും വലിയ വിജയലക്ഷ്യം ഉയര്‍ത്തുന്ന ടീം, റണ്‍സ്, വേദി, വര്‍ഷം

സൗത്ത് ആഫ്രിക്ക – 549 – ഗുവാഹത്തി – 2025

ഓസ്‌ട്രേലിയ – 543 – നാഗ്പൂര്‍ – 2004

സൗത്ത് ആഫ്രിക്ക – 467 – കൊല്‍ക്കത്ത – 1996

ഓസ്‌ട്രേലിയ – 457 – ബെംഗളൂരു – 2004

ഇംഗ്ലണ്ട് – 452 – ചെന്നൈ – 1934

അതേസമയം നിലവില്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 11 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 22 റണ്‍സാണ് നേടിയത്. യശസ്വി ജെയ്‌സ്വാള്‍ (13), കെ.എല്‍. രാഹുല്‍ (6) എന്നിവരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

രണ്ടാം ഇന്നിങ്‌സില്‍ പ്രോട്ടിയാസിന് വേണ്ടി സ്‌കോര്‍ ഉയര്‍ത്തിയത് ട്രിസ്റ്റന്‍ സ്റ്റബ്‌സാണ്. 180 പന്തില്‍ നിന്ന് 94 റണ്‍സാണ് താരം നേടയത്. ടോണി ഡി സോര്‍സി 68 പന്തില്‍ നിന്ന് 49 റണ്‍സും നേടിയാണ് മടങ്ങിയത്. വിയാന്‍ മുള്‍ഡര്‍ 35 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ ഓപ്പണര്‍ റിയാന്‍ റിക്കിള്‍ട്ടണ്‍ 35 റണ്‍സും മാര്‍ക്രം 29 റണ്‍സും നേടി. ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ നാല് വിക്കറ്റുകള്‍ നേടിയാണ് തിളങ്ങിയത്. ശേഷിച്ച വിക്കറ്റ് വാഷിങ്ടണ്‍ സുന്ദറും നേടി.

Content Highlight: South Africa In Great Record Achievement In Test Cricket Against India

We use cookies to give you the best possible experience. Learn more