| Sunday, 16th November 2025, 4:56 pm

തോറ്റത് ഇന്ത്യയാണെങ്കിലും കൊണ്ടത് ഓസ്‌ട്രേലിയക്കാണ്; തകര്‍പ്പന്‍ നേട്ടത്തില്‍ പ്രോട്ടിയാസ്!

സ്പോര്‍ട്സ് ഡെസ്‌ക്

കൊല്‍ക്കത്ത ടെസ്റ്റില്‍ ഇന്ത്യക്കെതിരെ തകര്‍പ്പന്‍ വിജയവുമായായി സൗത്ത് ആഫ്രിക്ക. ആവേശം നിറഞ്ഞ മത്സരത്തില്‍ 30 റണ്‍സിന്റെ വിജയമാണ് തെംബ ബാവുമയും സംഘവും സ്വന്തമാക്കിയത്.

പ്രോട്ടിയാസ് ഉയര്‍ത്തിയ 124 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 93 റണ്‍സിന് പുറത്താവുകയായിരുന്നു. അതോടെ 15 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ ഒരു ടെസ്റ്റ് മത്സരം ജയിക്കാന്‍ സൗത്ത് ആഫ്രിക്കക്ക് സാധിച്ചു.

സ്‌കോര്‍

സൗത്ത് ആഫ്രിക്ക: 159 & 153

ഇന്ത്യ: 189 & 93

ടാര്‍ഗറ്റ്: 124

ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും സ്വന്തമാക്കാന്‍ സൗത്ത് ആഫ്രിക്കയ്ക്ക് സാധിച്ചിരിക്കുകയാണ്. 2025ല്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ വിജയിക്കാനാണ് തെംബ ബാവുമയ്ക്കും സംഘത്തിനും സാധിച്ചത്. ഇന്ത്യയെ പരാജയപ്പെടുത്തിയതോടെ പ്രോട്ടിയാസ് 2025ല്‍ ആറ് ടെസ്റ്റിലാണ് വിജയം സ്വന്താക്കിയത്. ഏഴ് മത്സരങ്ങളില്‍ നിന്നാണ് സൗത്ത് ആഫ്രിക്ക ആറ് വിജയം നേടിയത്. ഈ നേട്ടത്തില്‍ ഓസ്‌ട്രേലിയക്കൊപ്പമാണ് സൗത്ത് ആഫ്രിക്ക ഈ നേട്ടം പങ്കുവെക്കുന്നത്.

2025ലെ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിജയം സ്വന്തമാക്കിയ ടീം

സൗത്ത് ആഫ്രിക്ക – 6* (7 മത്സരങ്ങള്‍)

ഓസ്‌ട്രേലിയ – 6 (7 മത്സരങ്ങള്‍)

ഇന്ത്യ – 4 (9 മത്സരങ്ങള്‍)

ഇംഗ്ലണ്ട് – 3 (6 മത്സരങ്ങള്‍)

ബംഗ്ലാദേശ് – 2 (5 മത്സരങ്ങള്‍)

ന്യൂസിലന്‍ഡ് – 2 (2 മത്സരങ്ങള്‍)

പാകിസ്ഥാന്‍ – 2 (5 മത്സരങ്ങള്‍)

സിംബാബ്‌വേ – 2 (10 മത്സരങ്ങള്‍)

അഫ്ഗാനിസ്ഥാന്‍ – 1 (2 മത്സരങ്ങള്‍)

അയര്‍ലാന്‍ഡ് – 1 (2 മത്സരങ്ങള്‍)

ശ്രീലങ്ക – 1 (4 മത്സരങ്ങള്‍)

വെസ്റ്റ് ഇന്‍ഡീസ് – 1 (7 മത്സരങ്ങള്‍)

പ്രോട്ടിയാസിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് തുടക്കം തന്നെ പാളിയിരുന്നു. സ്‌കോര്‍ ഒരു റണ്‍ ചേര്‍ത്തപ്പോഴേക്കും ഓപ്പണര്‍മാരെ ആതിഥേയര്‍ക്ക് നഷ്ടമായി. മൂന്നാമതായെത്തിയ വാഷിങ്ടണ്‍ സുന്ദറാണ് ടീമിനായി പിടിച്ച് നിന്നത്. 92 പന്തില്‍ 31 റണ്‍സെടുത്താണ് സുന്ദര്‍ മടങ്ങിയത്.

രവീന്ദ്ര ജഡേജ 26 പന്തില്‍ 18 റണ്‍സും അക്‌സര്‍ പട്ടേല്‍ 17 പന്തില്‍ 26 റണ്‍സ് എടുത്ത് ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചു. മറ്റാര്‍ക്കും സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചിരുന്നില്ല. പരിക്കേറ്റ ക്യാപ്റ്റന്‍ ഗില്‍ ബാറ്റിങ്ങിന് ഇറങ്ങാത്തതിനാല്‍ സൗത്ത് ആഫ്രിക്ക വിജയം ഉറപ്പിക്കുകയായിരുന്നു.

പ്രോട്ടീയാസിനായി സൈമണ്‍ ഹാര്‍മാര്‍ നാല് വിക്കറ്റ് വീഴ്ത്തി മികവ് പുലര്‍ത്തി. മാര്‍ക്കോ യാന്‍സെന്‍, കേശവ് മഹാരാജ് എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ എയ്ഡന്‍ മാര്‍ക്രം ഒരു വിക്കറ്റും സ്വന്തമാക്കി.

നേരത്തെ, രണ്ടാം ഇന്നിങ്സില്‍ പ്രോട്ടിയാസ് 153 റണ്‍സിന് പുറത്തായിരുന്നു. ടീമിനായി ക്യാപ്റ്റന്‍ തെംബ ബാവുമ 136 പന്തില്‍ പുറത്താവാതെ 55 റണ്‍സെടുത്ത് തിളങ്ങി. ഒപ്പം കോര്‍ബിന്‍ ബോഷ് 37 പന്തില്‍ 25 റണ്‍സും എടുത്തു. ഇന്ത്യയ്ക്കായി ജഡേജ നാല് വിക്കറ്റും സിറാജ്, കുല്‍ദീപ് എന്നിവര്‍ രണ്ട് വിക്കറ്റുകളും നേടി. ബുംറയും അക്സറും ഓരോ വിക്കറ്റും സ്വന്തമാക്കി.

അതേസമയം, മത്സരത്തില്‍ ടോസ് നേടി ബാറ്റ് ചെയ്ത ഒന്നാം ഇന്നിങ്സില്‍ സൗത്ത് ആഫ്രിക്ക 159 റണ്‍സാണ് എടുത്തിരുന്നത്. ടീമിനായി എയ്ഡന്‍ മാര്‍ക്രമാണ് മികച്ച ബാറ്റിങ് നടത്തിയത്. താരം 48 പന്തില്‍ 31 റണ്‍സാണ് സ്‌കോര്‍ ചെയ്തിരുന്നത്. കൂടാതെ വിയാന്‍ മുള്‍ഡറും ടോണി ഡി സോഴ്സിയും 24 റണ്‍സ് വീതവും നേടി. ഇന്ത്യയ്ക്കായി അഞ്ച് വിക്കറ്റുമായി ജസ്പ്രീത് ബുംറ തിളങ്ങി. കുല്‍ദീപ് യാദവും മുഹമ്മദ് സിറാജും രണ്ട് വിക്കറ്റ് നേടിയപ്പോള്‍ അക്‌സര്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങില്‍ ഇന്ത്യയ്ക്കും വലിയ സ്‌കോര്‍ ഉയര്‍ത്താനായില്ല. ബൗളര്‍മാര്‍ക്ക് മുന്‍തൂക്കം ലഭിച്ച മത്സരത്തില്‍ ആതിഥേയര്‍ 189 റണ്‍സിന് പുറത്തായി. 119 പന്തില്‍ 39 റണ്‍സ് നേടിയ കെ.എല്‍ രാഹുല്‍ ഇന്ത്യന്‍ നിരയില്‍ ടോപ് സ്‌കോററായി. വാഷിങ്ടണ്‍ സുന്ദര്‍ 27 റണ്‍സ് എടുത്തപ്പോള്‍ പന്തും ജഡേജയും 27 റണ്‍സ് വീതം ചേര്‍ത്തു. പ്രോട്ടിയാസിനായി ഹാര്‍മാര്‍ നാല് വിക്കറ്റും യാന്‍സെന്‍ മൂന്ന് വിക്കറ്റും വീഴ്ത്തി. കോര്‍ബിന്‍ ബോഷും കേശവ് മഹാരാജും ഓരോ വിക്കറ്റ് വീതവും നേടി.

Content Highlight: South Africa In Great Record Achievement In Test Cricket

Latest Stories

We use cookies to give you the best possible experience. Learn more