| Friday, 22nd August 2025, 6:24 pm

തുടര്‍ച്ചയായി തോറ്റത് അഞ്ച് മത്സരമല്ല, അഞ്ച് പരമ്പര; മൈറ്റി എന്ന വിശേഷണം ഇനി പ്രോട്ടിയാസിന്

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടി-20 പരമ്പര പരാജയപ്പെട്ടതിന് ഏകദിന പരമ്പരയില്‍ കണക്കുചോദിച്ച് സന്ദര്‍ശകര്‍. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരവും വിജയിച്ചാണ് സൗത്ത് ആഫ്രിക്ക ഇതിനോടകം പരമ്പര പിടിച്ചെടുത്തത്.

ഗ്രേറ്റ് ബാരിയര്‍ റീഫ് അരീനയില്‍ നടന്ന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 84 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയാണ് പ്രോട്ടിയാസ് വമ്പന്‍മാര്‍ തലയുയര്‍ത്തി നിന്നത്. സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ 278 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്‌ട്രേലിയ 193ന് പുറത്താവുകയായിരുന്നു.

തുടര്‍ച്ചയായ അഞ്ചാം ഏകദിന പരമ്പരയിലാണ് ഓസ്‌ട്രേലിയ പ്രോട്ടിയാസിനോട് പരാജയപ്പെടുന്നത്.

സൗത്ത് ആഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മില്‍ നടന്ന ഒടുവിലെ അഞ്ച് ഏകദിന പരമ്പരകള്‍

2016 – സൗത്ത് ആഫ്രിക്കയ്ക്ക് വിജയം (5-0)

2018 -സൗത്ത് ആഫ്രിക്കയ്ക്ക് വിജയം (2-1)

2020 – സൗത്ത് ആഫ്രിക്കയ്ക്ക് വിജയം(3-0)

2023 – സൗത്ത് ആഫ്രിക്കയ്ക്ക് വിജയം (3-2ഃ

2025 – സൗത്ത് ആഫ്രിക്കയ്ക്ക് വിജയം (2-0)*

അതേസമയം, ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടിയാസിന് തുടക്കം പാളിയിരുന്നു. തെംബ ബാവുമയ്ക്ക് പകരം ക്യാപ്റ്റന്റെ റോളിലെത്തിയ ഏയ്ഡന്‍ മര്‍ക്രം പൂജ്യത്തിനും സൂപ്പര്‍ താരം റിയാന്‍ റിക്കല്‍ടണ്‍ എട്ട് റണ്‍സിനും മടങ്ങി.

എന്നാല്‍ മൂന്നാം വിക്കറ്റില്‍ ടോണി ഡി സോര്‍സിയെ ഒപ്പം കൂട്ടി മാത്യൂ ബ്രീറ്റ്‌സ്‌കി തകര്‍ത്തടിച്ചു. 67 റണ്‍സിന്റെ കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.

ടീം സ്‌കോര്‍ 90ല്‍ നില്‍ക്കവെ 38 റണ്‍സ് നേടിയ സോര്‍സിയെ മടക്കി ആദം സാംപയാണ് കൂട്ടുകെട്ട് പൊളിച്ചത്. എന്നാല്‍ പിന്നാലെയെത്തിയ ട്രിസ്റ്റണ്‍ സ്റ്റബ്‌സും സാഹചര്യത്തിനൊത്ത് ഉയര്‍ന്നതോടെ മറ്റൊരു തകര്‍പ്പന്‍ കൂട്ടുകെട്ടും പ്രോട്ടിയാസ് പടുത്തുയര്‍ത്തി.

89 റണ്‍സിന്റെ കൂട്ടുകെട്ട് പൊളിച്ച് ആദം സാംപ വീണ്ടും ബ്രേക് ത്രൂ സമ്മാനിച്ചു. 78 പന്തില്‍ 87 റണ്‍സ് നേടിയ ബ്രീറ്റ്‌സ്‌കി പുറത്താകുമ്പോള്‍ പ്രോട്ടിയാസ് 179 റണ്‍സ് അടിച്ചെടുത്തിരുന്നു.

പിന്നാലെയെത്തിയ ഡെവാള്‍ഡ് ബ്രെവിസ് തിളങ്ങാതെ പോയെങ്കിലും വിയാന്‍ മുള്‍ഡര്‍ സ്റ്റബ്‌സിന് പിന്തുണ നല്‍കി. 21 പന്തില്‍ 26 റണ്‍സുമായി മുള്‍ഡര്‍ മടങ്ങി.

ആറ് പന്തുകളുടെ ഇടവേളകളില്‍ എസ്. മുത്തുസ്വാമിയെയും ട്രിസ്റ്റണ്‍ സ്റ്റബ്‌സിനെയും മടക്കിയ ഓസീസ് സൗത്ത് ആഫ്രിക്കയുടെ താളം തെറ്റിച്ചു. മുത്തുസ്വാമി നാല് റണ്‍സിന് മടങ്ങിയപ്പോള്‍ 87 പന്തില്‍ 74 റണ്‍സിന് സ്റ്റബ്‌സും പുറത്തായി.

കേശവ് മഹാരാജ് 24 പന്തില്‍ പുറത്താകാതെ 22 റണ്‍സ് നേടി തന്റെ സംഭാവന സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തുവെച്ചു.

ഒടുവില്‍ 49.1 ഓവറില്‍ പ്രോട്ടിയാസ് 277ന് പുറത്തായി,

ഓസ്‌ട്രേലിയക്കായി ആദം സാംപ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ മാര്‍നസ് ലബുഷാന്‍, നഥാന്‍ എല്ലിസ്, സേവ്യര്‍ ബാര്‍ട്‌ലെറ്റ് എന്നിവര്‍ രണ്ടഡ് വിക്കറ്റ് വീതവും സ്വന്തമാക്കി. ജോഷ് ഹെയ്‌സല്‍വുഡാണ് ശേഷിച്ച വിക്കറ്റെടുത്തത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ക്കും തുടക്കം പാളി. ട്രാവിസ് ഹെഡ് ആറ് റണ്‍സിനും ലബുഷാന്‍ ഒറ്റ റണ്ണിനും മടങ്ങി. പത്ത് ഓവര്‍ പൂര്‍ത്തിയാകും മുമ്പേ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷും തിരിച്ചുനടന്നു. 25 പന്തില്‍ 18 റണ്‍സിനാണ് മാര്‍ഷ് മടങ്ങിയത്.

എന്നാല്‍ നാലാം വിക്കറ്റില്‍ കാമറൂണ്‍ ഗ്രീനിനെ ഒപ്പം കൂട്ടി ജോഷ് ഇംഗ്ലിസ് ചെറുത്തുനില്‍പ്പാരംഭിച്ചു. 67 റണ്‍സാണ് ഇവര്‍ കൂട്ടിച്ചേര്‍ത്തത്.

ടീം സ്‌കോര്‍ 105ല്‍ നില്‍ക്കവെ ഗ്രീനിനെ റിട്ടേണ്‍ ക്യാച്ചിലൂടെ എസ്. മുത്തുസ്വാമി പുറത്താക്കി. 54 പന്തില്‍ 35 റണ്‍സ് നേടിയാണ് താരം മടങ്ങിയത്.

പിന്നാലെയെത്തിയവര്‍ക്കൊന്നും ഇംഗ്ലിസിന് പിന്തുണ നല്‍കാന്‍ സാധിച്ചില്ല. ഒരുവശത്ത് വിക്കറ്റ് വീഴുമ്പോഴും മറുവശത്ത് ഇംഗ്ലിസ് ചെറുത്തുനിന്നു. എന്നാല്‍ 184ല്‍ നില്‍ക്കവെ ഏഴാം വിക്കറ്റായി ജോഷ് ഇംഗ്ലിസിനെ ലുങ്കി എന്‍ഗിഡി പവലിയനിലേക്ക് തിരിച്ചയച്ചു. 74 പന്തില്‍ 84 റണ്‍സാണ് താരം സ്വന്തമാക്കിയത്.

ഒമ്പത് റണ്‍സിനിടെ അടുത്ത മൂന്ന് വിക്കറ്റും പിഴുതെറിഞ്ഞ് പ്രോട്ടിയാസ് വിജയമാഘോഷിച്ചു.

സൗത്ത് ആഫ്രിക്കയ്ക്കായി ലുങ്കി എന്‍ഗിഡി ഫൈഫര്‍ പുര്‍ത്തിയാക്കി. എസ്. മുത്തുസ്വാമിയും നാന്ദ്രേ ബര്‍ഗറും രണ്ട് വിക്കറ്റ് വീതമെടുത്തപ്പോള്‍ വിയാന്‍ മുള്‍ഡര്‍ ശേഷിച്ച വിക്കറ്റും നേടി.

Content Highlight: South Africa defeated Australia and won the series

We use cookies to give you the best possible experience. Learn more