2026 ടി – 20 ലോകകപ്പില്‍ സൂപ്പര്‍ ഓവര്‍ ത്രില്ലറില്‍ ജയിച്ച് സൗത്ത് ആഫ്രിക്ക. രണ്ട് സൂപ്പര്‍ ഓവറുകള്‍ പിറന്ന മത്സരത്തില്‍ നാല് റണ്‍സിനാണ് അഫ്ഗാനെ പ്രോട്ടിയാസ് തകര്‍ത്തത്. ഇതോടെ ടൂര്‍ണമെന്റിലെ രണ്ടാം ജയം സ്വന്തമാക്കാന്‍ ടീമിന് സാധിച്ചു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പ്രോട്ടിയാസ് ഉയര്‍ത്തിയ 187 റണ്‍സ് തന്നെ അഫ്ഗാനും എടുത്തതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് കടക്കുകയായിരുന്നു. എന്നാല്‍ ആദ്യ സൂപ്പര്‍ ഓവറിലും ഇരു ടീമുകളും സമനില പാലിച്ചു.
ഇതോടെ രണ്ടാം സൂപ്പര്‍ ഓവറിലേക്കും കളി നീണ്ടു. എന്നാല്‍ പ്രോട്ടിയാസ് ഉയര്‍ത്തിയ 24 വിജയലക്ഷ്യം നേടാനാവാതെ അഫ്ഗാന് സംഘം അടിയറവ് പറയുകയായിരുന്നു. കണ്ട് നിന്നവരുടെ നെഞ്ചിടിപ്പേറ്റിയ മത്സരത്തില്‍ ഒടുവില്‍ പ്രോട്ടിയാസ് വിജയം സ്വന്തമാക്കുകയായിരുന്നു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്കയ്ക്ക് തുടക്കം തന്നെ തിരിച്ചടി നേരിട്ടിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 12 റണ്‍സ് ചേര്‍ത്തപ്പോഴേക്കും ഏയ്ഡന്‍ മര്‍ക്രമിനെ നഷ്ടമായി. എന്നാല്‍, പിന്നീട് ക്വിന്റണ്‍ ഡി കോക്ക് – റയാന്‍ റിക്കില്‍ട്ടണ്‍ സഖ്യം ടീമിനെ മുന്നോട്ട് നയിച്ചു. ഇരുവരും ചേര്‍ന്ന് 114 റണ്‍സ് ചേര്‍ത്ത് പിരിഞ്ഞു.
ആദ്യം ഡി കോക്ക് 41 പന്തില്‍ 59 റണ്‍സും പിന്നാലെ റിക്കില്‍ട്ടണ്‍ 28 പന്തില്‍ 61 റണ്‍സുമായി തിരികെ നടന്നു. പിന്നാലെത്തിയ ഡെവാള്‍ഡ് ബ്രെവിസ് 19 പന്തില്‍ 23 റണ്‍സും ഡേവിഡ് മില്ലര്‍ പുറത്താവാതെ 15 പന്തില്‍ 20 റണ്‍സും ചേര്‍ത്തു. ഇതോടെ ടീം ആറ് വിക്കറ്റിന് 187 റണ്‍സെടുത്തു.
മറുപടി ബാറ്റിങ്ങില്‍ അഫ്ഗാനിസ്ഥനായി റഹ്‌മാനുള്ള ഗുര്‍ബാസ് 42 പന്തില്‍ 84 റണ്‍സെടുത്ത ടീമിന്റെ ടോപ് സ്‌കോററായി. പിന്നീട് എത്തിയവരില്‍ അസമതുള്ള ഒമര്‍സായി (22 പന്തില്‍ 17), റഷീദ് ഖാന്‍ (12 പന്തില്‍ 20) റണ്‍സ് ചേര്‍ത്ത് ടീമിനെ വിജയലക്ഷ്യത്തിന് അടുത്തെത്തിച്ചു.
തുടരെ തുടരെ പ്രോട്ടീയാസ് വിക്കറ്റ് വീഴ്ത്തിയതോടെ അവര്‍ വിജയം സ്വന്തമാക്കുമെന്ന പ്രതീതി ഉണര്‍ത്തി. എന്നാല്‍ അവസാന വിക്കറ്റില്‍ നൂര്‍ അഹമ്മദ് – ഫസല്‍ഹഖ് ഫാറൂഖി എന്നിവര്‍ ടീമിനെ മുന്നോട്ട് നയിച്ചു. അവസാന ഓവറിലെ നാലാമത്തെ പന്തില്‍ രണ്ട് റണ്‍സ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഫാറൂഖി പുറത്തായി. ഇരു ടീമുകളും സമനില പാളിച്ചത്തോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടു.
ആദ്യ സൂപ്പര്‍ ഓവറില്‍ ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 17 റണ്‍സെടുത്തു. ടീമിനായി ഒമാര്‍സായി അഞ്ച് പന്തില്‍ 16 റണ്‍സും ഗുര്‍ബാസ് ഒരു റണ്‍സും എടുത്ത് പുറത്താവാതെ നിന്നു.
മറുപടി ബാറ്റിങ്ങില്‍ സൗത്ത് ആഫ്രിക്കയും ഒരു വിക്കറ്റ് നഷ്ടത്തില്‍ 17 റണ്‍സ് തന്നെ എടുത്തു. ബ്രെവിസ് ആറ് റണ്‍സെടുത്ത് പുറത്തായപ്പോള്‍ സ്റ്റബ്ബ്സ് മൂന്ന് പന്തില്‍ പത്ത് റണ്‍സും മില്ലര്‍ ഒരു റണ്‍സുമായി പുറത്താവാതെ നിന്നു. അവസാന പന്തില്‍ സ്റ്റബ്‌സ് സിക്‌സടിച്ചാണ് മത്സരം അടുത്ത സൂപ്പര്‍ ഓവറിലേക്ക് നയിച്ചത്.
രണ്ടാം സൂപ്പര്‍ ഓവറില്‍ പ്രോട്ടിയാസ് ആറ് പന്തില്‍ 23 റണ്‍സെടുത്തു. ഒമര്‍സായ് എറിഞ്ഞ ഓവറില്‍ നാല് പന്തില്‍ മില്ലര്‍ 16 റണ്‍സും സ്റ്റബ്‌സ് രണ്ട് പന്തില്‍ ഏഴ് റണ്‍സും എടുത്തു.
മറുപടി ബാറ്റിങ്ങില്‍ രണ്ടാം പന്തില്‍ തന്നെ അഫ്ഗാന് മുഹമ്മദ് നബിയെ നഷ്ടമായി. പിന്നാലെത്തിയ ഗുര്‍ബാസ് തുടരെ മൂന്ന് പന്തില്‍ സിക്‌സടിച്ച് വിജയ പ്രതീക്ഷ നല്‍കി. എന്നാല്‍, അവസാന പന്തില്‍ താരം മില്ലര്ക്ക് ക്യാച്ച് നല്‍കിയതോടെ സൗത്ത് ആഫ്രിക്ക വിജയിക്കുകയായിരുന്നു.
Content Highlight: South Africa defeated Afghanistan in double super over thriller in T20 World Cup 2026