റിലി നോര്‍ട്ടണ്‍ എന്ന 19കാരന്‍ ഇന്ന് സൗത്ത് ആഫ്രിക്കയുടെ ഹീറോയാണ്. വേള്‍ഡ് റഗ്ബി അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പില്‍ സൗത്ത് ആഫ്രിക്കയെ കിരീടത്തിലേക്ക് നയിച്ചാണ് നോര്‍ട്ടണ്‍ കയ്യടി നേടുന്നത്. ഫൈനലില്‍ കരുത്തരായ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തിയായിരുന്നു കുട്ടി സ്പ്രിങ്‌ബോക്കുകളുടെ കിരീടധാരണം.
ഇറ്റലി, റോവിഗോയിലെ സ്‌റ്റേഡിയോ ‘മാരിയോ ബാറ്റഗ്ലിനി’യില്‍ നടന്ന മത്സരത്തില്‍ 23-15 എന്ന സ്‌കോറിനാണ് സൗത്ത് ആഫ്രിക്ക വിജയിച്ചത്. വിജയത്തില്‍ ക്യാപ്റ്റന്റെ പ്രകടനവും ഏറെ നിര്‍ണായകമായിരുന്നു.
ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, സ്‌കോട്‌ലാന്‍ഡ് എന്നിവരുള്‍പ്പെട്ട മരണഗ്രൂപ്പായ പൂള്‍ എ-യിലാണ് സൗത്ത് ആഫ്രിക്ക ഉള്‍പ്പെട്ടിരുന്നത്. ആദ്യ ഘട്ടത്തില്‍ കളിച്ച മൂന്ന് മത്സരത്തിലും വിജയിച്ച് പൂള്‍ ചാമ്പ്യന്‍മാരായാണ് സൗത്ത് ആഫ്രിക്ക മുമ്പോട്ട് കുതിച്ചത്.
പൂള്‍ ബി-യില്‍ നിന്നും ഫ്രാന്‍സ്, അര്‍ജന്റീന ടീമുകളും പൂള്‍ സി-യില്‍ നിന്നും ന്യൂസിലാന്‍ഡും സെമി ഫൈനലിന് യോഗ്യത നേടി. ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവുമധികം പോയിന്റ് ലഭിച്ച ടീമുകളാണ് സെമി ഫൈനലിന് യോഗ്യതയുറപ്പിച്ചത്.
സൗത്ത് ആഫ്രിക്ക, ഫ്രാന്‍സ് എന്നിവര്‍ 15 പോയിന്റോടെ സെമിയുറപ്പിച്ചപ്പോള്‍ അര്‍ജന്റീന 11 പോയിന്റോടെയും ന്യൂസിലാന്‍ഡ് 14 പോയിന്റോടെയും സെമിക്ക് ടിക്കറ്റെടുത്തു.
ആദ്യ സെമിയില്‍ ഫ്രാന്‍സിനെ 34-26 പോയിന്റിന് പരാജയപ്പെടുത്തിയാണ് ന്യൂസിലാന്‍ഡ് ഫൈനലുറപ്പിച്ചത്. അര്‍ജന്റീനയെ 24-48 എന്ന നിലയില്‍ തകര്‍ത്ത് സൗത്ത് ആഫ്രിക്കയും കിരീടപ്പോരാട്ടത്തിന് യോഗ്യത നേടി. ഫൈനലില്‍ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി സൗത്ത് ആഫ്രിക്ക കിരീടമണിയുകയും ചെയ്തു.
ഇത് രണ്ടാം തവണയാണ് സൗത്ത് ആഫ്രിക്ക U20 റഗ്ബി ലോക ചാമ്പ്യന്‍ഷിപ്പ് കിരീടമണിയുന്നത്. 2012ലായിരുന്നു ഇതിന് മുമ്പുള്ള കിരീടനേട്ടം. 2014ല്‍ ടീം രണ്ടാം സ്ഥാനത്തുമെത്തിയിരുന്നു. അന്ന് ഇംഗ്ലണ്ടിനോടായിരുന്നു ടീമിന്റെ പരാജയം.
ഒമ്പത് തവണ സൗത്ത് ആഫ്രിക്ക മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു. (2008, 2009, 2010, 2013, 2015, 2017, 2018, 2019, 2023). 2016ല്‍ ടീം നാലാം സ്ഥാനവും ടീം സ്വന്തമാക്കി.
ക്യാപ്റ്റന്‍ റിലി നോര്‍ട്ടന് കീഴില്‍ സൗത്ത് ആഫ്രിക്കന്‍ റഗ്ബി ടീം കിരീടം സ്വന്തമാക്കുമ്പോള്‍ സൗത്ത് ആഫ്രിക്കയിലെ ക്രിക്കറ്റ് ടീമിനും സന്തോഷിക്കാന്‍ വകയുണ്ട്. കഴിഞ്ഞ വര്‍ഷം U19 ലോകകപ്പ് സെമി ഫൈനലില്‍ ടീം പരാജയപ്പെടുമ്പോള്‍ നോര്‍ട്ടന്‍ ടീമിന്റെ ഭാഗമായിരുന്നു.
2024 അണ്ടര്‍ 19 ലോകകപ്പിലാണ് റിലി നോര്‍ട്ടന്‍ സൗത്ത് ആഫ്രിക്കന്‍ ജേഴ്‌സിയണിഞ്ഞ് കളത്തിലിറങ്ങിയത്. സെമി ഫൈനലില്‍ ഇന്ത്യയായിരുന്നു ടീമിന്റെ എതിരാളികള്‍. എന്നാല്‍ ബെനോനിയിലെ വില്ലോമൂര്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്ക പരാജയപ്പെടുകയായിരുന്നു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ 245 റണ്‍സിന്റെ വിജയലക്ഷ്യം എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി ഉദയ് സഹരണും സംഘവും മറികടന്നു. മത്സരത്തില്‍ പുറത്താകാതെ ഏഴ് റണ്‍സായിരുന്നു നോര്‍ട്ടന്റെ സമ്പാദ്യം.
Content Highlight: South Africa defeat New Zealand in World Rugby U20 Championship Final