| Friday, 17th October 2025, 11:12 pm

വനിതാ ലോകകപ്പില്‍ ലങ്കയെ തളച്ച് സൗത്ത് ആഫ്രിക്ക!

സ്പോര്‍ട്സ് ഡെസ്‌ക്

വനിതാ ലോകകപ്പില്‍ ശ്രീലങ്കക്കെതിരെ വിജയം സ്വന്തമാക്കി സൗത്ത് ആഫ്രിക്ക. കൊളംബോയില്‍ നടന്ന മത്സരത്തില്‍ 10 വിക്കറ്റിനാണ് പ്രോട്ടിയാസ് വനിതകള്‍ വിജയിച്ച് കയറിയത്. മത്സരത്തില്‍ വില്ലനായി എത്തിയ മഴ കാരണം ഓവറുകള്‍ വെട്ടിച്ചുരുക്കിയിരുന്നു.

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലങ്ക 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സായിരുന്നു നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ വിക്കറ്റുകളൊന്നും നഷ്ടപ്പെടാതെ 14.5 ഓവറില്‍ 125 റണ്‍സ് രേഖപ്പെടുത്തി വിജയം നേടുകയായിരുന്നു സൗത്ത് ആഫ്രിക്ക (ഡി.എല്‍.എസ് മെത്തേഡ്).

സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി ഓപ്പണര്‍മാരായ ലോറ വാള്‍വാട്ട് 47 പന്തില്‍ 60 റണ്‍സും തസ്മിന്‍ ബ്രിറ്റ്‌സ് 42 പന്തില്‍ 55 റണ്‍സും നേടി മിന്നും പ്രകടനമാണ് നടത്തിയത്.

ലങ്കയ്ക്ക് വേണ്ടി സ്‌കോര്‍ ഉയര്‍ത്തിയത് ഓപ്പണര്‍ വിഷ്മി ഗുണരത്‌നെയാണ് 33 പന്തില്‍ നിന്ന് 34 റണ്‍സാണ് താരം നേടിയത്. ആറ് ഫോറുകളടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. ക്യാപ്റ്റന്‍ ചമാരി അത്തപ്പത്തു 11 റണ്‍സിന് മടങ്ങിയതോടെ മറ്റ് താരങ്ങള്‍ക്ക് താളം കണ്ടെത്താനോ സമ്മര്‍ദത്തെ നിയന്ത്രിച്ച് കളിക്കാനോ സാധിച്ചില്ല.

ടീമിലെ രണ്ടാം ടോപ് സ്‌കോറര്‍ നിലക്ഷി ഡി സില്‍വയാണ്. 17 പന്തില്‍ 18 റണ്‍സാണ് താരം നേടിയത്. സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റുകള്‍ നേടി നൊങ്കുലുലെക്കോ മ്ലബാ തിളങ്ങിയപ്പോള്‍ മസബത ക്ലാസ് പണ്ട് വിക്കറ്റും നദൈന്‍ ഡി ക്ലര്‍ക്ക് ഒരു വിക്കറ്റും നേടി.

Content Highlight: South Africa Beat Sri Lanka In  Womens World Cup

Latest Stories

We use cookies to give you the best possible experience. Learn more