| Wednesday, 3rd December 2025, 10:32 pm

രണ്ട് സെഞ്ച്വറിയും പാഴായി; ഇന്ത്യയെ തളച്ച് പ്രോട്ടിയാസ്!

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ വിജയം സ്വന്തമാക്കി സൗത്ത് ആഫ്രിക്ക. റായ്പൂരില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് പ്രോട്ടിയാസ് വിജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 358 റണ്‍സായിരുന്നു നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ 94.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 362 റണ്‍സ് നേടിയാണ് തെംബ ബാവുമയും സംഘവും വിജയിച്ചത്. ഇതോടെ മൂന്ന് ഏകദിനങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ 1-1ന് പ്രോട്ടിയാസ് ഒപ്പത്തിനൊപ്പമെത്തിയിരിക്കുകയാണ്.

പ്രോട്ടിയാസിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ഓപ്പണര്‍ ഏയ്ഡന്‍ മാര്‍ക്രമാണ്. 98 പന്തില്‍ നിന്ന് 10 ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 110 റണ്‍സാണ് താരം നേടിയത്. താരത്തിന് പുറമെ അര്‍ധ സെഞ്ച്വറി നേടി മാത്യു ബ്രീറ്റ്‌കെയും ഡെവാള്‍ഡ് ബ്രെവിസും തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്.

ബ്രീറ്റ്‌സ്‌കെ 64 പന്തില്‍ നിന്ന് അഞ്ച് ഫോര്‍ അടക്കം 68 റണ്‍സ് നേടി. ഡെവാള്‍ഡ് ബ്രെവിസ് 34 പന്തില്‍ നിന്ന് അഞ്ച് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 54 റണ്‍സും അടിച്ചെടുത്തു. ടീമിലേക്ക് തിരിച്ചെത്തിയ തെംബ ബാവുമ 48 പന്തില്‍ 46 റണ്‍സാണ് നേടിയത്.

അവസാന ഘട്ടത്തില്‍ കോര്‍ബിന്‍ ബോഷ് 29 റണ്‍സും കേശവ് മഹാരാജ് 10 റണ്‍സും നേടി ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. 17 റണ്‍സ് നേടി റിട്ടയേഡ് ഹര്‍ട്ടായ ടോണി ഡി സോര്‍സിയും നിര്‍ണായകമായി.

ഇന്ത്യന്‍ നിരയില്‍ അര്‍ഷ്ദീപ് സിങ്ങും പ്രസിദ്ധ് കൃഷ്ണയും രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. ഇന്ത്യന്‍ ടീമിന്റെ മിസ് ഫീല്‍ഡുകളാണ് ടീമിന് വിനയായത്. ബൗണ്ടറികളും ക്യാച്ചും വിട്ട് ഇന്ത്യന്‍ താരങ്ങള്‍ 20 റണ്‍സിനടുത്ത് പ്രോട്ടിയാസിന് ബോണസായി നല്‍കിയിരുന്നു.

കെ.എല്‍. രാഹുലും ഇന്ത്യയ്ക്ക് വേണ്ടി വെടിക്കെട്ട് പ്രകടനമാണ് നടത്തിയത്. അഞ്ചാമനായി ഇറങ്ങി 43 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ പുറത്താകാതെ 66 റണ്‍സാണ് രാഹുല്‍ നേടിയത്. രവീന്ദ്ര ജഡേജ 27 പന്തില്‍ 24 റണ്‍സും നേടി. ഓപ്പണര്‍മാരായ ജെയ്‌സ്വാള്‍ 22 റണ്‍ഡസും രോഹിത് 14 നേടി നേരത്തെ മടങ്ങി.

പ്രോട്ടിയാസിന് വേണ്ടി മാര്‍ക്കോ യാന്‍സന്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ നാന്ദ്രെ ബര്‍ഗര്‍, ലുംഗി എന്‍ഗിഡി എന്നിവര്‍ രണ്ട് വിക്കറ്റും നേടി. നിലവില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ പ്രോട്ടിയാസ് 36 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സാണ് നേടയത്. 110 റണ്‍സ് നേടിയ ഏയ്ഡന്‍ മാര്‍ക്രമിന്റെ കരുത്തിലാണ് പ്രോട്ടിയാസ് സ്‌കോര്‍ ഉയര്‍ത്തിയത്.

Content Highlight: South Africa Beat India In Second ODI

We use cookies to give you the best possible experience. Learn more