| Monday, 8th June 2026, 2:49 pm

ഇപ്പോള്‍ അവനില്‍ വലിയ പ്രതീക്ഷകള്‍ നല്‍കേണ്ടതില്ല: ഗാംഗുലി

Sudev A

അയര്‍ലാന്‍ഡ്, ഇംഗ്ലണ്ട് പരമ്പരകളിലേക്കും ഏഷ്യന്‍ ഗെയിംസിനുമുള്ള ഇന്ത്യ ടി-20 ടീമിനെ കഴിഞ്ഞ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരുന്നു. വമ്പന്‍ മാറ്റങ്ങളുമായാണ് ഇന്ത്യ ഈ പരമ്പരയ്ക്ക് ഒരുങ്ങുന്നത്.

സൂര്യകുമാര്‍ യാദവിന് പകരം ശ്രേയസ് അയ്യര്‍ ഇന്ത്യയുടെ ക്യാപ്റ്റനായി എത്തിയതാണ് പ്രധാന മാറ്റം. രാജസ്ഥാന്‍ റോയല്‍സ് യുവതാരം വൈഭവ് സൂര്യവംശി ടീമില്‍ ഇടം നേടിയതും ഏറെ ശ്രദ്ധേയമായി. ഇപ്പോഴിതാ വൈഭവിനെ ടീമില്‍ ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി.

വൈഭവിനെ ഇപ്പോള്‍ സ്വതന്ത്രമായി കളിക്കാന്‍ അനുവദിക്കണമെന്നാണ് ഗാംഗുലി പറഞ്ഞത്. രാജസ്ഥാന്‍ ഓപ്പണറെ സ്വാഭാവികമായി വളരാന്‍ അനുവദിക്കണമെന്നും ഗാംഗുലി വ്യക്തമാക്കി. പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ നായകന്‍.

‘അവനെ ഇപ്പോള്‍ വെറുതെ വിടുന്നതാണ് നല്ലതെന്ന് ഞാന്‍ കരുതുന്നു. അവന് വെറും 15 വയസാണ്. സമ്മര്‍ദങ്ങളെക്കുറിച്ച് അധികം ചിന്തിക്കാതെ സ്വാഭാവികമായി കളിക്കുകയാണ് അവന്‍. അതിനാലാണ് ഐ.പി.എല്ലില്‍ അവന്റെ കഴിവ് നമുക്ക് കാണാന്‍ സാധിച്ചത്. ഇന്ത്യക്ക് വേണ്ടി കളിക്കുന്നത് കുറച്ച് വ്യത്യസ്തമായിരിക്കും. വിവിധ രാജ്യങ്ങളിലെ വ്യത്യസ്ത പിച്ചുകളില്‍ അവന്‍ കളിക്കേണ്ടി വരും. ന്യൂ ബോളില്‍ കുറച്ച് ബൗണ്‍സ് ഉണ്ടാവും. അതുകൊണ്ട് കളിയുടെ സ്വഭാവം മാറും.

അവന് അസാധാരണമായ കഴിവുണ്ട്. അതുകൊണ്ട് അവനെ സ്വഭാവികമായി വളരാന്‍ അനുവദിക്കണം. അവനില്‍ ഇപ്പോള്‍ തന്നെ വലിയ പ്രതീക്ഷകള്‍ നല്‍കേണ്ടതില്ല. ഇന്ത്യയില്‍ ഒരുപാട് യുവതാരങ്ങള്‍ ഉള്ളത് പോലെ അവനും വലിയ കഴിവുള്ള താരമാണ്. അതിനാല്‍ അവന് സമയം നല്‍കുകയും സ്ഥിരത കൈവരിക്കാന്‍ അവസരം നല്‍കുകയും ചെയ്യണം’, സൗരവ് ഗാംഗുലി പറഞ്ഞു.

2026 ഐ.പി.എല്ലില്‍ രാജസ്ഥാന് വേണ്ടി മിന്നും പ്രകടനമായിരുന്നു വൈഭവ് നടത്തിയത്. ഇതിന് പിന്നാലെയാണ് 15കാരന് ആദ്യമായി ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ അവസരം ലഭിച്ചത്. ഈ സീസണില്‍ 16 മത്സരങ്ങളില്‍ നിന്നും 776 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. നാല് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയുമാണ് വൈഭവ് നേടിയത്. 48.50 എന്ന മികച്ച ആവറേജിലും 237.3 എന്ന അവിശ്വസനീയ സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്.

2026 ഐ.പി.എല്‍ സീസണിലെ ഓറഞ്ച് ക്യാപ്പും കൈപ്പിടിയിലാക്കിയത് വൈഭവ് തന്നെയാണ്. ഇതിന് പുറമെ മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍, സൂപ്പര്‍ സ്‌ട്രൈക്കര്‍ (237.3), മോസ്റ്റ് സിക്‌സ് (72), എമര്‍ജിങ് പ്ലെയര്‍ തുടങ്ങിയ അവാര്‍ഡുകളും താരം സ്വന്തം പേരിലാക്കിയിരുന്നു.

വൈഭവ് സൂര്യവംശി. Photo: The Cricket Panda/x.com

വൈഭവ് അയര്‍ലാന്‍ഡിനെതിരെ കളത്തിലിറങ്ങുകയാണെങ്കില്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും 15കാരന്‍ മാറും. ഇതിഹാസ താരമായ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് വൈഭവിന് മുന്നില്‍ തകര്‍ന്ന് വീഴുക. 1989ല്‍ പാകിസ്ഥാനെതിരെയായിരുന്നു സച്ചിന്റെ അരങ്ങേറ്റം. 16 വയസും 205 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു സച്ചിന്റെ അരങ്ങേറ്റം.

അയര്‍ലാന്‍ഡിനെതിരെ ജൂണ്‍ 26നും 28നുമാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ഇംഗ്ലണ്ടിനെതിരെ ജൂലൈ ഒന്ന് മുതല്‍ 11വരെയുള്ള അഞ്ച് ടി-20കളും ഇന്ത്യ കളിക്കും.

Content Highlight: Sourav Ganguly talks about Vaibhav Suryavanshi

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more