ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ് അടുത്തിടെ ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. ശുഭ്മന്‍ ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ ആരംഭിക്കുന്നത്. വൈസ് ക്യാപ്റ്റനായി റിഷബ് പന്തിനേയും തെരഞ്ഞെടുത്തു.
രോഹിത് ശര്‍മയുടേയും വിരാട് കോഹ്‌ലിയുടേയും അപ്രതീക്ഷിത വിരമിക്കലിന് ശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പരയാണിത്. ജൂണ്‍ 20ന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരയ്ക്ക് വേണ്ടി 18 അംഗ സ്‌ക്വാഡാണ് സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്. എന്നാല്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ശ്രേയസ് അയ്യരെ ഒഴിവാക്കിക്കൊണ്ടായിരുന്നു ഇന്ത്യന്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചത്. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് പല സീനിയര്‍ താരങ്ങളും സംസാരിച്ചിരുന്നു.
ഇംഗ്ലണ്ട് പരമ്പരയില്‍ നിന്ന് സൂപ്പര്‍ താരം ശ്രേയസ് അയ്യരെ ഒഴിവാക്കിയതിനെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ മുന്‍ ഇന്ത്യ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. കഴിഞ്ഞ കുറച്ച് കാലമായി അയ്യര്‍ മികച്ച ഫോമിലാണ് കളിക്കുന്നതെന്നും അദ്ദേഹം തീര്‍ച്ചയായും ടെസ്റ്റ് ടീമിന്റെ ഭാഗമാകേണ്ടതായിരുന്നുവെന്നും ഗാംഗുലി റെവ് സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘എളുപ്പത്തില്‍ പുറത്താക്കാന്‍ പറ്റുന്ന ഒരു കളിക്കാരനല്ല ശ്രേയസ് ഇപ്പോള്‍. സമ്മര്‍ദത്തില്‍ റണ്‍സ് നേടുന്ന അദ്ദേഹം ഇപ്പോള്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു മാത്രമല്ല ഷോട്ട് ബോളുകള്‍ പോലും നന്നായി കളിക്കുന്നു. അതെ, ടെസ്റ്റ് ക്രിക്കറ്റ് വ്യത്യസ്തമായ ഒരു ഫോര്‍മാറ്റാണ്, പക്ഷേ അദ്ദേഹത്തിന് എന്ത് നല്‍കാന്‍ കഴിയുമെന്ന് കാണാന്‍ വേണ്ടി ഞാന്‍ തീര്‍ച്ചയായും അദ്ദേഹത്തെ ഈ പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തുമായിരുന്നു,’ ഗാംഗുലി പറഞ്ഞു.
ഐ.പി.എല്‍ 2025ലില്‍ പഞ്ചാബ് കിങ്‌സിന്റെ ക്യാപ്റ്റനായ അയ്യര്‍ ടീമിനെ സീസണില്‍ ഫൈനലിലേക്ക് എത്തിച്ചിരുന്നു. ആഭ്യന്തര ടൂര്‍ണമെന്റില്‍ മികവ് പുലര്‍ത്തിയ അയ്യര്‍ കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് ഒരു ഇരട്ടസെഞ്ച്വറി അടക്കം 480 റണ്‍സ് നേടി. 2024ന് ശേഷം അയ്യര്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ കളിച്ചിട്ടില്ല. മാത്രമല്ല റെഡ് ബോളില്‍ ഇന്ത്യയ്ക്ക് വേണ്ടി 2021ല്‍ അരങ്ങേറ്റം കുറിച്ച ശ്രേയസ് 14 മത്സരങ്ങളിലെ 25 ഇന്നിങ്‌സില്‍ നിന്ന് 811 റണ്‍സാണ് നേടിയത്.
105 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്. 35.3 ആവറേജിലും 63 സ്‌ട്രൈക്ക് റേറ്റിലുമാണ് താരത്തിന്റെ പ്രകടനം. മാത്രമല്ല ഐ.പി.എല്‍ 2025ല്‍ 15 മത്സരങ്ങളില്‍ നിന്ന് 97 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറോടെ 516 റണ്‍സാണ് ശ്രേയസ് നേടിയത്. ഏകദിനത്തില്‍ 2845 റണ്‍സും ടി20യില്‍ 1104 റണ്‍സും താരത്തിനുണ്ട്.
Content Highlight: Sourav Ganguly Talking About Shreyas Iyer