| Friday, 11th September 2026, 1:18 pm

അദ്ദേഹത്തെ അവഗണിക്കുകയല്ല, 10000ത്തിലധികം റണ്‍സ് നേടിയിട്ടും എന്നെ ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്: സൗരവ് ഗാംഗുലി

ശ്രീരാഗ് പാറക്കല്‍

ദുലീപ് ട്രോഫി ഫൈനലില്‍ തിലക് വര്‍മയുടെ സൗത്ത് സോണിനെ പരാജയപ്പെടുത്തി ഇഷാന്‍ കിഷന്റെ ഈസ്റ്റ് സോണ്‍ ചാമ്പ്യന്‍മാരായിരുന്നു. ചെന്നൈയില്‍ നടന്ന മത്സരം സമനിലയില്‍ കലാശിച്ചെങ്കിലും ആദ്യ ഇന്നിങ്സില്‍ കൂറ്റന്‍ സ്‌കോര്‍ നേടിയതിന്റെ പിന്‍ബലത്തിലാണ് ഈസ്റ്റ് സോണ്‍ ചാമ്പ്യന്‍മാരായത്.

മത്സരത്തിന് പിന്നാലെ ഈസ്റ്റ് സോണ്‍ സൂപ്പര്‍ പോസര്‍ മുഹമ്മദ് ഷമിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ആഭ്യന്തര മത്സരത്തില്‍ മികച്ച പ്രകടനവുമായി മുന്നേറുന്ന ഷമിയെ 2027 ഏകദിന ലോകകപ്പില്‍ പരിഗണിക്കുമോ എന്നാണ് ഗാംഗുലിയോട് ചോദിച്ചത്.

ഷമി ആഭ്യന്തര മത്സരത്തില്‍ മികച്ച പ്രകടനം നടത്തുന്നതില്‍ സന്തോഷമുണ്ടെന്നും അതിശയപ്പിക്കുന്ന പ്രകടനമാണ് താരം പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ലോകകപ്പിന് ഇനിയും സമയമുണ്ടെന്നും ഷമിയുടെ സെലഷനെക്കുറിച്ച് അഭിപ്രായം പറയാന്‍ കഴിയില്ലെന്നും ഗാംഗുലി ചൂണ്ടിക്കാട്ടി.

‘ഷമി ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നത്തുന്നു എന്നതാണ് എന്നെ ഏറെ സന്തോഷിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ പ്രകടനം കാണുന്നത് തന്നെ അതിശയകരമാണ്. ഇതിനോടകം നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ താരമാണ് അദ്ദേഹം. എന്നാല്‍ 2027 ഒക്ടോബര്‍ ഇനിയും ഏറെ ദൂരെയാണ്. അതിനാല്‍ അതേക്കുറിച്ച് ഇപ്പോള്‍ അഭിപ്രായം പറയാന്‍ എനിക്ക് കഴിയില്ല.മുഹമ്മദ് ഷമി

ഷമിയെ അവഗണിക്കുകയല്ല. അദ്ദേഹം ഒരുപാട് മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ്, ഒരു ചാമ്പ്യനുമാണ്. എന്നാല്‍ പ്രായം കൂടുന്നതിനനുസരിച്ച് ഇത്തരം കാര്യങ്ങള്‍ സംഭവിക്കാറുണ്ട്. 10000ത്തിലധികം റണ്‍സ് നേടിയിട്ടും എന്നെ ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ടീമിലേക്ക് തിരിച്ചുവരാനുള്ള വഴി കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞു. എല്ലാവരുടെയും കരിയറില്‍ ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്,’ അദ്ദേഹം പറഞ്ഞു.

അതേസമയം ഫൈനലില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഈസ്റ്റ് സോണ്‍ 708 റണ്‍സിന് ഓള്‍ ഔട്ട് ആകുകയായിരുന്നു. നായകന്‍ ഇഷാന്‍ കിഷന്റെ ഇരട്ട സെഞ്ച്വറി കരുത്തിലാണ് ഈസ്റ്റ് സോണ്‍ കൂറ്റന്‍ സ്‌കോറിലെത്തിയത്. 334 പന്തില്‍ 270 റണ്‍സാണ് ഇഷാന്‍ കിഷന്‍ സ്വന്തമാക്കിയത്. 30 ഫോറും ഏഴ് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

തുടര്‍ന്ന് ഒന്നാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ സൗത്ത് 336 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ 388ന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ശേഷം കളി സമനിലയിലെത്തുകയും ഒന്നാം ഇന്നിങ്‌സിലെ മികച്ച സ്‌കോറിന്റെ അടിസ്ഥാനത്തില്‍ ഈസ്റ്റ് വിജയിക്കുകയുമായിരുന്നു. മത്സരത്തില്‍ നിര്‍ണായകമായ രണ്ട് വിക്കറ്റുകള്‍ വീഴ്ത്താന്‍ ഷമിക്ക് സാധിച്ചിരുന്നു.

Content Highlight: Sourav Ganguly Talking About Mohammed Shami

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more