കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ 30 റണ്‍സിനായിരുന്നു പരാജയപ്പെട്ടത്. മത്സരത്തില്‍ ഇന്ത്യ ഒരുക്കിയ പിച്ച് സ്പിന്നിന് അനുകൂലമായിരുന്നു. എന്നാല്‍ പ്രോട്ടിയാസിന്റെ ബൗളിങ്ങില്‍ അധികം പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെയാണ് ഇന്ത്യ പരാജയത്തിലേക്ക് കൂപ്പുകുത്തിയത്.
ഇപ്പോള്‍ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ഇംഗ്ലണ്ട് പര്യടനത്തിലും ഏകദിന, ടി-20 പരമ്പരയിലും ഗംഭീര്‍ മികവ് കാണിച്ചെന്ന് ഗാംഗുലി പറഞ്ഞു.
ഇന്ത്യ ഗംഭീറിനൊപ്പം തുടരുമെന്നും പക്ഷെ നിലവാരമുള്ള പിച്ചുകള്‍ ഒരുക്കണമെന്നും മുന്‍ താരം ചൂണ്ടിക്കാട്ടി. മാത്രമല്ല ബുംറ, സിറാജ്, ഷമി എന്നിവരിലും മത്സരം അനുകൂലമാക്കാന്‍ സാധിക്കുന്ന സ്പിന്നര്‍മാരിലും ഗംഭീറിന് ആത്മവിശ്വാസം ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് ഗാംഗുലി കൂട്ടിച്ചേര്‍ത്തു.
‘ഗൗതമിനോട് എനിക്ക് വലിയ ബഹുമാനമുണ്ട്. ഇംഗ്ലണ്ടിലും ഏകദിനങ്ങളിലും ടി-20യിലും ഇന്ത്യയ്ക്കായി അദ്ദേഹം മികവ് കാണിച്ചു. തല്‍ക്കാലം ഞങ്ങള്‍ അദ്ദേഹത്തോടൊപ്പം തന്നെ തുടരും, പക്ഷേ നിലവാരമുള്ള പിച്ചുകള്‍ ഒരുക്കണം. ബുംറ, സിറാജ്, ഷമി എന്നിവരിലും മത്സരങ്ങള്‍ ടീമിന് അനുകൂലമാക്കാന്‍ കഴിയുന്ന സ്പിന്നര്‍മാരിലും അദ്ദേഹത്തിന് ആത്മവിശ്വാസം ആവശ്യമാണ്,’ സൗരവ് ഗാംഗുലി പറഞ്ഞു.
അതേസമയം നിലവില്‍ ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റില്‍ മോശം പ്രകടനമാണ് കാഴ്ചവെക്കുന്നത്. കഴിഞ്ഞ ആറ് ഹോം ടെസ്റ്റുകളില്‍ ഇന്ത്യ വെറും രണ്ട് മത്സരങ്ങളില്‍ മാത്രമാണ് വിജയം കണ്ടത്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, സൗത്ത് ആഫ്രിക്ക എന്നിവരോടാണ് ഇന്ത്യ സ്വന്തം മണ്ണില്‍ പരാജയപ്പെട്ടത്. ഗൗതം ഗംഭീര്‍ മുഖ്യ പരിശീലകനായി സ്ഥാനമേറ്റതിന് ശേഷം ഇന്ത്യയുടെ റെഡ് ബോള്‍ ഫോര്‍മാറ്റിന്റെ ഭാവി തുലാസിലാണ്.
Content Highlight: Sourav Ganguly Talking About Gautham Gambhir