കൊല്‍ക്കത്തയിലെ അര്‍ജന്റൈന്‍ ഫാന്‍സ് ക്ലബ്ബിനെതിരെ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസയച്ച് മുന്‍ ഇന്ത്യന്‍ നായകനും ബി.സി.സി.ഐ മേധാവിയുമായിരുന്ന സൗരവ് ഗാംഗുലി.
മെസിയുടെ ഇന്ത്യന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദങ്ങളിലേക്ക് അനാവശ്യമായി തന്റെ പേര് വലിച്ചിഴച്ചു എന്ന് ആരോപിച്ചാണ് അര്‍ജന്റീന ഫാന്‍സ് ക്ലബ്ബ് പ്രസിഡന്റ് ഉത്തം സാഹയ്‌ക്കെതിരെ ഗാംഗുലി നിയമനടപടികള്‍ക്കൊരുങ്ങുന്നത്.
50 കോടി രൂപയാണ് ഗാംഗുലി നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്.
മെസിയുടെ ഗോട്ട് ടൂറുമായി ബന്ധപ്പെട്ട പ്രമോട്ടര്‍ ശതാദ്രു ദത്തയുടെ സംഘാടനത്തില്‍ ഗാംഗുലി മധ്യസ്ഥത വഹിച്ചുവെന്നായിരുന്നു സാഹയുടെ ആരോപണം. ഇതിനെതിരെയാണ് ഗാംഗുലി രംഗത്തെത്തിയിരിക്കുന്നത്.
സാഹയുടെ ആരോപണം തീര്‍ത്തും അടിസ്ഥാനരഹതിമാണെന്നാണ് ഗാംഗുലി പറയുന്നത്. ഇത് തന്റെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തിയെന്നും ഗാംഗുലി അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നു.
മെസിയുടെ പരിപാടിയുമായി തനിക്ക് ഔദ്യോഗികമായി ഒരു തരത്തിലുള്ള ബന്ധവുമില്ലെന്നും ഗാംഗുലി നോട്ടീസില്‍ വ്യക്തമാക്കുന്നു. അതിഥിയായി മാത്രമാണ് സ്റ്റേഡിയത്തില്‍ പോയതെന്നും ആരോപണത്തില്‍ കഴമ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലെ മെസിയുടെ സന്ദര്‍ശനവും തുടര്‍ന്നുണ്ടായ അനിഷ്ടസംഭവങ്ങളുമാണ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്.
വന്‍ തുക ടിക്കറ്റിന് നല്‍കിയെങ്കിലും മെസിയെയും സഹ താരങ്ങളെയും കാണാന്‍ സാധിക്കാതെ പോയതാണ് ആരാധകരെ പ്രകോപിതരാക്കിയത്. മെസി ഉടന്‍ തന്നെ സ്‌റ്റേഡിയത്തില്‍ നിന്ന് മടങ്ങുകയും ചെയ്തിരുന്നു.
ഇതോടെ പ്രകോപിതരായ ആരാധകര്‍ സ്റ്റേഡിയത്തിലേക്ക് കുപ്പിയും മാലിന്യവും വലിച്ചെറിയുകയും സീറ്റുകള്‍ തകര്‍ക്കുകയും മറ്റ് നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തിരുന്നു.
പരിപാടിയുടെ മുഖ്യ സംഘാടകനായ ശതാദ്രു ദത്തയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ ബംഗാള്‍ സര്‍ക്കാര്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ ബംഗാള്‍ കായികമന്ത്രി അരൂപ് ബിശ്വാസ് രാജിവെച്ചിരുന്നു. കായിക വകുപ്പിന്റെ ചുമതല മുഖ്യമന്ത്രി മമത ബാനര്‍ജി ഏറ്റെടുത്തെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് കുണാല്‍ ഘോഷ് അറിയിച്ചു.
മുഖ്യമന്ത്രി യുവജനകാര്യ കായിക വകുപ്പിന്റെ ചുമതല അരൂപില്‍ നിന്നും ഏറ്റെടുത്തെന്നും ഇത് താത്കാലികമാണെന്നും തൃണമൂല്‍ വക്താവ് പ്രതികരിച്ചു.
പരിപാടി അലങ്കോലമായതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാണോയെന്ന് അരൂപ് ബിശ്വാസിനോട് മമത ചോദിച്ചതായും ഉത്തരവാദിത്തം ഏറ്റെടുക്കാനാകില്ലെങ്കില്‍ രാജിവെയ്ക്കണമെന്ന് നിര്‍ദേശിച്ചിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
Content highlight: Sourav Ganguly sends legal notice for defamation against Argentina fans club in Kolkata.