| Friday, 2nd October 2026, 6:19 pm

ഏകദിന ലോകകപ്പില്‍ ഹര്‍ദിക് ഇല്ലെങ്കില്‍ ആറാം സ്ഥാനത്ത് അദ്ദേഹം മികച്ച ഓപ്ഷനാണ്; അഭിപ്രായവുമായി ഗാംഗുലി

ശ്രീരാഗ് പാറക്കല്‍

2027ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയ്ക്ക് പരിക്ക് പറ്റിയാല്‍ ആറാം സ്ഥാനത്ത് തിലക് വര്‍മ മികച്ച ഓപ്ഷനാണെന്ന് മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ഹര്‍ദിക് ഇല്ലെങ്കില്‍, ആറാം സ്ഥാനത്ത് ഒരു യഥാര്‍ത്ഥ ബാറ്ററെ കളിപ്പിക്കണമെന്നും തിലക് വര്‍മ ഇടംകൈയ്യന്‍ ആയതിനാല്‍ ഒരു ഓപ്ഷന്‍ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് തിലക് സൗത്ത് ആഫ്രിക്കയില്‍ നടന്ന ടി-20യില്‍ നന്നായി കളിച്ചിട്ടുണ്ടെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹര്‍ദിക് പാണ്ഡ്യ

‘ഹര്‍ദിക് ഇല്ലെങ്കില്‍, ആറാം സ്ഥാനത്ത് ഒരു യഥാര്‍ത്ഥ ബാറ്ററെ കളിപ്പിക്കണം. ഒരുപക്ഷേ തിലക് വര്‍മ ഇടംകൈയ്യന്‍ ആയതിനാല്‍ ഒരു ഓപ്ഷന്‍ ആയിരിക്കാം. ഒന്നര വര്‍ഷം മുമ്പ് അദ്ദേഹം സൗത്ത് ആഫ്രിക്കയില്‍ നടന്ന ടി-20യില്‍ നന്നായി കളിച്ചു. അപ്പോള്‍ ഹര്‍ദിക്കിന് പരിക്കേറ്റാല്‍, അവര്‍ ആറാം സ്ഥാനത്ത് ഒരു പ്യുവര്‍ ബാറ്ററെയും ഏഴാം സ്ഥാനത്ത് ഒരു സീം-ബൗളിങ് ഓള്‍റൗണ്ടറെയും കളിപ്പിക്കണം, ഒരുപക്ഷേ ഹര്‍ദിക്കിന് പകരം രണ്ടാമത്തെ ഓപ്ഷന്‍ നിതീഷായിരിക്കാം.

ഏഴാം സ്ഥാനത്ത് ജഡേജ മികച്ച ബാറ്ററാണെങ്കിലും, അടുത്തിടെ ഏകദിനങ്ങളില്‍ അദ്ദേഹം അധികം കളിച്ചിട്ടില്ല. കൂടാതെ, സൗത്ത് ആഫ്രിക്കയില്‍ നിങ്ങള്‍ക്ക് ഒരു സീമിങ് ഓള്‍റൗണ്ടറെ ആവശ്യമായി വരും. ആദ്യ അഞ്ച് ബൗളര്‍മാരില്‍ ആരും സീമിങ് ഓള്‍റൗണ്ടര്‍മാരല്ല, അതിനാല്‍ നിങ്ങള്‍ക്ക് അഞ്ചാമത്തെയോ ആറാമത്തെയോ ബൗളിങ് ഓപ്ഷന്‍ ലഭിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ഹര്‍ദിക്ക് വളരെ പ്രധാനപ്പെട്ട താരമാകുന്നതും,’ സൗരവ് ഗാംഗുലി സ്റ്റാര്‍സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

തിലക് വര്‍മ

ഓസ്‌ട്രേലിയ എ യ്‌ക്കെതിരായ പരമ്പരയില്‍ കളിക്കാനിരിക്കവേ ഹര്‍ദിക്കിനെ പുതിയ പരിക്ക് സംഭവിച്ചത്. തുടര്‍ന്ന് താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. വെസ്റ്റ് ഇന്‍ഡീസ് ഏകദിനങ്ങള്‍ക്കുള്ള ടീമില്‍ ഹര്‍ദിക് ഇല്ലാതിരുന്നതിനാല്‍ 2026 ലെ ഏഷ്യന്‍ ഗെയിംസ് ടീമില്‍ ആദ്യം ഇടം നേടിയിരുന്ന നിതീഷ് കുമാര്‍ റെഡ്ഡിയെ പിന്നീട് വെസ്റ്റിന്ഡീസിനെതിരായ ഹോം പരമ്പരയ്ക്കുള്ള ഇന്ത്യ ലൈനപ്പിലേക്ക് മാറ്റുകയായിരുന്നു. 2026ലെ ഐ.പി.എല്ലിന് ശേഷം ഹര്‍ദിക് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടില്ല.

മാത്രമല്ല 2025ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം 50 ഓവര്‍ ക്രിക്കറ്റില്‍ ഹര്‍ദിക്ക് കളിച്ചിട്ടില്ല. 94 ഏകദിനങ്ങളില്‍ 1,904 റണ്‍സും 91 വിക്കറ്റുമാണ് ഹാര്‍ദിക്കിനുള്ളത്. 2027ലെ ഏകദിന ലോകകപ്പ് സൗത്ത് ആഫ്രിക്ക, നമീബിയ, സിംബാബ്‌വേ എന്നിവിടങ്ങളിലാണ് നടക്കുക. ലോകകപ്പിന് മുന്നോടിയായി ഇന്ത്യ വലിയ തയ്യാറെടുപ്പിലാണ്.

നിലവില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പ ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ അവസാന മത്സരം നാളെ (ഒക്ടോബര്‍ മൂന്ന്) നടക്കും. പരമ്പര തൂത്തുവാരാനാണ് ഇന്ത്യ ഒരുങ്ങുന്നത്.

Content Highlight: Sourav Ganguly says Tilak Varma is a great option if Hardik Pandya gets injured during the 2027 World Cup

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more