| Monday, 11th August 2025, 5:44 pm

ഇന്ത്യയ്ക്ക് ഒരു മികച്ച സ്പിന്നറെ ആവശ്യമാണ്, അവനെ ടീമിലെടുക്കണം: സൗരവ് ഗാംഗുലി

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യൻ ടീമിന് വിജയിക്കാൻ ഒരു മികച്ച സ്പിന്നറെ ആവശ്യമാണെന്ന് മുൻ ഇന്ത്യൻ നായകനും ബി.സി.സി.ഐ ചെയർമാനുമായിരുന്ന സൗരവ് ഗാംഗുലി. അതിനായി കുൽദീപിനെ ടീമിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ ടുഡേയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എനിക്ക് കുൽദീപ് യാദവിനെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തണമെന്നാണ് ആഗ്രഹം. മികച്ച ടീമുകൾക്കെതിരെ ദീർഘകാലം വിജയിക്കാൻ നിലവാരമുള്ള ഒരു സ്പിന്നർ ടീമിൽ ഉണ്ടാവേണ്ടത് പ്രധാനമാണ്,’ ഗാംഗുലി പറഞ്ഞു.

അടുത്തിടെ സമാപിച്ച ടെൻഡുൽക്കർ – ആൻഡേഴ്സൺ പരമ്പരയിൽ കുൽദീപ് യാദവ് ടീമിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ ഒരു മത്സരത്തിൽ പോലും താരത്തിന് അവസരം ലഭിച്ചിരുന്നില്ല. പരമ്പരയ്ക്കിടെ തന്നെ കുൽദീപിന് പ്ലെയിങ് ഇലവനിൽ ഇടം നൽകണമെന്ന് പല സീനിയർ താരങ്ങളും ആവശ്യപ്പെട്ടിരുന്നു.

അതോടെ ഒരു മത്സരത്തിലെങ്കിലും താരം ഇംഗ്ലണ്ടിനെതിരെ കളിക്കുമെന്ന് പ്രതീക്ഷയിലായിരുന്നു ആരാധകർ. എന്നാൽ, ടീം മാനേജ്മെന്റ് പേസർമാർക്കും ഓൾറൗണ്ടർമാർക്കും കൂടുതൽ പ്രാധാന്യം കൊടുക്കാൻ തീരുമാനിച്ചതോടെ താരത്തിന് അവസരം ലഭിക്കാതിരിക്കയായിരുന്നു.

കുൽദീപ് യാദവ്‌ അവസാനമായി 2024ലാണ് ഇന്ത്യൻ കുപ്പായത്തിൽ ടെസ്റ്റ് കളിച്ചത്. ബെംഗളൂരുവിൽ ന്യൂസിലാൻഡിനെതിരെ നടന്ന ടെസ്റ്റിലായിരുന്നു അത്. പിന്നീട് താരത്തിന് ഒരു അവസരം ലഭിച്ചില്ല. ഇത് ആദ്യമായല്ല താരത്തിന് അവസരം ലഭിക്കാതിരിക്കുന്നതും ടീമിൽ നിന്ന് പുറത്താവുന്നതും.

2017ൽ അരങ്ങേറിയ കുൽദീപ് ഇതുവരെ ഇന്ത്യയ്ക്കായി 13 മത്സരങ്ങളിൽ മാത്രമാണ് കളിച്ചത്. ഈ മത്സരത്തിൽ നിന്ന് മൊത്തം 56 വിക്കറ്റുകൾ നേടാനും താരത്തിന് സാധിച്ചിട്ടുണ്ട്. മികച്ച പ്രകടനങ്ങൾ നടത്തിയിട്ടും സ്പിന്നർക്ക് പലപ്പോഴും ടീമിന് പുറത്തിരിക്കേണ്ടി വന്നിട്ടുണ്ട്. ഇന്ത്യയ്ക്കായി വിക്കറ്റുകൾ വീഴ്ത്തിയപ്പോഴും വീണ്ടും ടീമിലെത്താൻ രണ്ട് വർഷത്തോളം കാത്തിരിക്കേണ്ടി വന്ന ഒരാൾ കൂടിയാണ് ഈ ഇടം കൈയ്യൻ ബൗളർ.

Content Highlight: Sourav Ganguly says that India need quality spinner like Kuldeep Yadav to win matches

We use cookies to give you the best possible experience. Learn more