വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025-27 സൈക്കിളില്‍ ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങിയിരിക്കുകയാണ്. ഇംഗ്ലണ്ടില്‍ ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളുടെ പരമ്പരയായ ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫി കളിച്ചുകൊണ്ടാണ് ഇന്ത്യ പുതിയ സൈക്കിള്‍ ആരംഭിച്ചിരിക്കുന്നത്.
ആദ്യ മത്സരത്തിന്റെ ഒന്നാം ദിനം അവസാനിക്കുമ്പോള്‍ മികച്ച സ്‌കോറുമായി ഇന്ത്യ ബാറ്റിങ് തുടരുകയാണ്. ലീഡ്സിലെ ഹെഡിങ്ലിയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 359എന്ന നിലയിലാണ് ആദ്യ ദിനം അവസാനിപ്പിച്ചത്.
യുവതാരം ശുഭ്മന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ കളത്തിലിറങ്ങിയ ആദ്യ മത്സരം കൂടിയായിരുന്നു ഇത്. സെഞ്ച്വറി പൂര്‍ത്തിയാക്കിയ ക്യാപ്റ്റനും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ വൈസ് ക്യാപ്റ്റനുമാണ് ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ക്രീസില്‍ തുടരുന്നത്. ശുഭ്മന്‍ ഗില്‍ 175 പന്തില്‍ 127 റണ്‍സും റിഷബ് പന്ത് 102 പന്തില്‍ 65 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്.
ഇന്ത്യന്‍ ഇന്നിങ്‌സില്‍ മറ്റ് രണ്ട് സെഞ്ച്വറികള്‍ കൂടി പിറവിയെടുക്കുമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ സൗരവ് ഗാംഗുലി. റിഷബ് പന്തും കരുണ്‍ നായരും ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടുമെന്നും ഗാംഗുലി പറഞ്ഞു. സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ പോസ്റ്റിന് മറുപടിയായാണ് ഗാംഗുലി ഇക്കാര്യം പറഞ്ഞത്.
‘കെ.എല്‍. രാഹുലും യശസ്വി ജെയ്‌സ്വാളും ചേര്‍ന്നൊരുക്കിയ അടിത്തറ ഇന്ത്യയെ ആദ്യ ദിനം മികച്ച നിലയിലെത്തിച്ചു. തകര്‍പ്പന്‍ സെഞ്ച്വറി നേടിയ യശസ്വി ജെയ്‌സ്വാളിനും ശുഭ്മന്‍ ഗില്ലിനും എല്ലാ വിധത്തിലുമുള്ള അഭിനന്ദനങ്ങളും. റിഷബ് പന്തിന്റെ പ്രകടനവും തുല്യ പ്രാധാന്യമുള്ളതാണ്.
ഇന്ത്യയുടെ ഇന്നത്തെ ബാറ്റിങ് 2002ലെ ഹെഡിങ്‌ലി ടെസ്റ്റിനെ ഓര്‍മിപ്പിക്കുന്നു. അന്ന് ഞാനും രാഹുലും (രാഹുല്‍ ദ്രാവിഡ്) സൗരവ് ഗാംഗുലിയും ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയിരുന്നു. ആ ടെസ്റ്റ് ഞങ്ങള്‍ വിജയിക്കുകയും ചെയ്തു. ഇന്ന് യശസ്വിയും ശുഭ്മനും സെഞ്ച്വറി നേടി തങ്ങളുടെ ഭാഗം പൂര്‍ത്തിയാക്കി. ആരായിരിക്കും ഇത്തവണ മൂന്നാം സെഞ്ച്വറി നേടാന്‍ പോകുന്നത്?’ സച്ചില്‍ എക്‌സില്‍ കുറിച്ചു.
ഇതിന് ‘ഹായ് ചാംപ്… ഇത്തവണ അത് നാല് സെഞ്ച്വറിയാകാന്‍ സാധ്യതയുണ്ട്. പന്തും ഒരുപക്ഷേ കരുണും അത് നേടിയേക്കും. 2022 ടെസ്റ്റിലെ ആദ്യ ദിനത്തിലെ പിച്ച് ഇതിനേക്കാള്‍ അല്‍പം വ്യത്യസ്തമായിരുന്നു,’ എന്നാണ് ഗാംഗുലി മറുപടി നല്‍കിയത്.
നേരത്തെ, മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റില്‍ കെ.എല്‍. രാഹുലും യശസ്വി ജെയ്‌സ്വാളും ചേര്‍ന്ന് മികച്ച തുടക്കം സമ്മാനിച്ചു. 91 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്.
78 പന്ത് നേരിട്ട് 42 റണ്‍സ് നേടിയ രാഹുലിനെ മടക്കിയാണ് ഇംഗ്ലണ്ട് ബ്രേക് ത്രൂ സ്വന്തമാക്കിത്. ബ്രൈഡന്‍ കാര്‍സിന്റെ പന്തില്‍ ജോ റൂട്ടിന് ക്യാച്ച് നല്‍കിയായിരുന്നു രാഹുലിന്റെ മടക്കം.
പിന്നാലെയെത്തിയ സായ് സുദര്‍ശന്‍ നിരാശപ്പെടുത്തി. തന്റെ ആദ്യ ടെസ്റ്റ് ഇന്നിങ്‌സില്‍ പൂജ്യം റണ്‍സുമായാണ് സായ് മടങ്ങിയത്. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ പന്തില്‍ ജെയ്മി സ്മിത്തിന്റെ കൈകളിലൊതുങ്ങിയാണ് താരം തിരിച്ചുനടന്നത്.
നാലാം നമ്പറില്‍ കളത്തിലിറങ്ങിയ ക്യാപ്റ്റന്‍ ഗില്ലിന്റെ മികച്ച പ്രകടനത്തിനാണ് ശേഷം ലീഡ്‌സ് സാക്ഷ്യം വഹിച്ചത്. യശസ്വി ജെയ്‌സ്വാളിനെ ഒപ്പം കൂട്ടി 129 റണ്‍സിന്റെ കൂട്ടുകെട്ടാണ് താരം മൂന്നാം വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്.
ഒരു വശത്ത് ഗില്ലും മറുവശത്ത് ജെയ്‌സ്വാളും നിലയുറപ്പിച്ചതോടെ ഇംഗ്ലണ്ട് പരുങ്ങലിലായി. സ്റ്റോക്‌സ് തന്ത്രങ്ങള്‍ മാറി മാറി പരീക്ഷിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ല.
ടീം സ്‌കോര്‍ 221ല്‍ നില്‍ക്കവെ ജെയ്‌സ്വാളിനെ ഇന്ത്യയ്ക്ക് നഷ്ടമായി. 158 പന്ത് നേരിട്ട് 101 റണ്‍സിനാണ് താരം മടങ്ങിയത്. 16 ഫോറും ഒരു സിക്‌സറുമടക്കം നേടി നില്‍ക്കവെ ബെന്‍ സ്റ്റോക്‌സിന് വിക്കറ്റ് സമ്മാനിച്ചായിരുന്നു ജെയ്‌സ്വാളിന്റെ മടക്കം.
പിന്നാലെയെത്തിയ റിഷബ് പന്തും മികച്ച രീതിയില്‍ ബാറ്റ് വീശിയതോടെ ആദ്യ ദിവസം ഇന്ത്യ മികച്ച സ്‌കോറിലെത്തിയിരിക്കുകയാണ്.
Content Highlight: Sourav Ganguly predicts Rishabh Pant and Karun Nair will score century in Leeds test