എസ്.എ 20 സൂപ്പര്‍ ടീം പ്രിട്ടോറിയ ക്യാപ്പിറ്റല്‍സിന്റെ പ്രധാന പരിശീലകനായി ചുമതലയേറ്റ് മുന്‍ ഇന്ത്യന്‍ നായകനും ബി.സി.സി.ഐ മുന്‍ ചെയര്‍മാനുമായ സൗരവ് ഗാംഗുലി. എസ്.എ.20യുടെ അടുത്ത എഡിഷനിലാണ് ഗാംഗുലിയുടെ ശിക്ഷണത്തില്‍ പ്രിട്ടോറിയ ക്യാപ്പിറ്റല്‍സ് കളത്തിലിറങ്ങുക.
ഗാംഗുലി ടീമിന്റെ പ്രധാന പരിശീലകനായി ചുമതലയേറ്റ വിവരം ക്യാപ്പിറ്റല്‍സ് തങ്ങളുടെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ വഴി പങ്കുവെച്ചിട്ടുണ്ട്.
‘ക്യാപ്പിറ്റല്‍സ് ക്യാമ്പിന് റോയല്‍ ഫ്‌ളയര്‍ കൊണ്ടുവരാന്‍ പ്രിന്‍സ് ഒരുങ്ങിയിരിക്കുകയാണ്. സൗരവ് ഗാംഗുലിയെ ടീമിന്റെ പ്രധാന പരിശീലകനായി തീരുമാനിച്ച വിവരം അറിയിക്കാന്‍ ഞങ്ങള്‍ അത്യധികം സന്തോഷവാന്‍മാരാണ്. സെഞ്ചൂറിയന്‍ കാത്തിരിക്കുന്നു,’ എന്നാണ് ക്യാപ്പിറ്റല്‍സ് സോഷ്യല്‍ മീഡയയില്‍ കുറിച്ചത്.
കഴിഞ്ഞ വര്‍ഷമാണ് ജെ.എസ്.ഡബ്ല്യൂവിന്റെ ക്രിക്കറ്റ് ഡയറക്ടറായി ഗാംഗുലിയെ ചുമതലപ്പെടുത്തിയത്. ഇതോടെ അദ്ദേഹം ജെ.എസ്.ഡബ്ല്യൂ ഫ്രാഞ്ചൈസികളുടെ പരിശീലകന്റെ റോളിലെത്താനും കാരണമായി.
ഈ വര്‍ഷം സെപ്റ്റംബറില്‍ നടക്കുന്ന താരലേലമാകും ഗാംഗുലിയുടെ കോച്ചിങ് ചുമതലയിലെ ആദ്യ കടമ്പ.
ഗാംഗുലിയുടെ ഡെപ്യൂട്ടിയായി പ്രോട്ടിയാസ് ഇതിഹാസം ഷോണ്‍ പൊള്ളോക്കിനെയും പ്രിട്ടോറിയ ക്യാപ്പിറ്റല്‍സ് നിയോഗിച്ചിട്ടുണ്ട്.
ടൂര്‍ണമെന്റിന്റെ മൂന്ന് സീസണുകള്‍ പിന്നിട്ടിട്ടും പ്രിട്ടോറിയകക്ക് കിരീടം നേടാന്‍ സാധിച്ചിട്ടില്ല. ആദ്യ സീസണില്‍ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയെങ്കിലും സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ്പിനോട് പരാജയപ്പെടുകയായിരുന്നു.
ആദ്യ സീസണിലെ ഫൈനലിസ്റ്റുകള്‍ അടുത്ത രണ്ട് സീസണിലും നിരാശ മാത്രമായിരുന്നു ആരാധകര്‍ക്ക് സമ്മാനിച്ചത്. 2024ല്‍ കളിച്ച പത്ത് മത്സരത്തില്‍ ആറിലും തോറ്റ് അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. പ്ലേ ഓഫിന് യോഗ്യത നേടാനും സാധിച്ചില്ല.
ഇക്കഴിഞ്ഞ സീസണിലും സെക്കന്‍ഡ് ലാസ്റ്റായി അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തതെങ്കിലും പ്രകടനം 2024ലേതിനേക്കാള്‍ മോശമായിരുന്നു. പത്ത് മത്സരം കളിച്ചപ്പോള്‍ വിജയിക്കാന്‍ സാധിച്ചത് വെറും രണ്ട് മത്സരത്തില്‍ മാത്രം. വില്‍ ജാക്‌സ്, കൈല്‍ വെരായ്‌നെ, ജമ്മി നീഷം തുടങ്ങി മികച്ച താരങ്ങളുണ്ടായിരുന്നിട്ടും വിജയങ്ങള്‍ സ്വന്തമാക്കാന്‍ മാത്രം ടീമിന് സാധിച്ചിരുന്നില്ല.
എന്നാല്‍ ദാദയുടെ വരവോടെ ടീമിന്റെ തലവര തന്നെ മാറുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
Content Highlight: Sourav Ganguly appointed as Pretoria Capitals’ head coach