| Thursday, 12th March 2026, 1:17 pm

7 മണിക്ക് കളി തുടങ്ങി 7.30ന് തന്നെ ന്യൂസിലാന്‍ഡ് ലോകകപ്പ് പരാജയപ്പെട്ടിരുന്നു; ഫൈനലിനെ കുറിച്ച് ഇന്ത്യന്‍ ഇതിഹാസം

ആദർശ് എം.കെ.

ടി-20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ ഡോമിനേഷനെ കുറിച്ച് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ താരവുമായിരുന്ന സൗരവ് ഗാംഗുലി. ഇന്ത്യയെ ആദ്യം ബാറ്റിങ്ങിനയച്ച തീരുമാനം പാടെ തെറ്റിയെന്നും 7.30 ആയപ്പോഴേക്കും ന്യൂസിലാന്‍ഡ് ലോകകപ്പ് കിരീടം കൈവിട്ടുവെന്നുമാണ് ഗാംഗുലി പറഞ്ഞത്.

റേവ്‌സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സൗരവ് ഗാംഗുലി

‘7.30 ആയപ്പോഴേക്കും ന്യൂസിലാന്‍ഡ് ലോകകപ്പ് കൈവിട്ടിരുന്നു. എങ്ങനെയാണ് ഇന്ത്യയോട് ബാറ്റ് ചെയ്യാന്‍ ഇവര്‍ക്ക് ആവശ്യപ്പെടാന്‍ സാധിക്കുക? ഇത് ദുരന്തത്തിനുള്ള റെസീപ്പിയാണ് എന്നല്ലാതെ വേറെ എന്താണ് പറയുക. ഏഴ് മണിക്ക് മത്സരം ആരംഭിച്ചു, ഏഴരയോടെ അത് അവസാനിക്കുകയും ചെയ്തു. എന്നോടൊപ്പം മത്സരം കണ്ടുകൊണ്ടിരുന്നവരോട് ഇത്ര മാത്രമേ ഞാന്‍ പറഞ്ഞിരുന്നുള്ളൂ.,’ ഗാംഗുലി പറഞ്ഞു.

ഇന്ത്യ കിരീടവുമായി

‘ഇന്ത്യയുടെ ബാറ്റിങ് നിരയെ നോക്കൂ. ഇഷാന്‍, അഭിഷേക്, സഞ്ജു സാംസണ്‍, സൂര്യ, ശിവം, തിലക്, അക്‌സര്‍… എന്നിട്ടും ഇന്ത്യയെ ആദ്യം ബാറ്റിങ്ങിനയക്കുക! ഇതിന് ശേഷം ടീമില്‍ കരുത്തനായ ജസ്പ്രീത് ബുംറയുമുണ്ട്. മത്സരം 7.30ഓടെ അവസാനിച്ചു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. സഞ്ജുവും അഭിഷേകും ഒരു ദയവുമില്ലാതെ കിവികളെപ്രഹരിച്ചപ്പോള്‍ പവര്‍പ്ലേയില്‍ തന്നെ ഇന്ത്യന്‍ സ്‌കോര്‍ 92ലെത്തിയിരുന്നു.

ടീം സ്‌കോര്‍ 98ല്‍ നില്‍ക്കവെ 21 പന്തില്‍ 52 റണ്‍സ് നേടിയ അഭിഷേക് പുറത്തായെങ്കിലും പിന്നാലെയെത്തിയ ഇഷാന്‍ കിഷന്‍ അവര്‍ സെറ്റ് ചെയ്ത മൊമെന്റം നഷ്ടപ്പെടാതെ കാത്തു.

രണ്ടാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായി ഇരുവരും സ്‌കോര്‍ പടുത്തുയര്‍ത്തവെ സഞ്ജുവിനെയും (46 പന്തില്‍ 89), ഇഷാന്‍ കിഷനെയും (25 പന്തില്‍ 54), സൂര്യകുമാര്‍ യാദവ് (ഗോള്‍ഡന്‍ ഡക്ക്) എന്നിവരെ ഒറ്റ ഓവറില്‍ മടക്കി മാറ്റ് ഹെന്‌റി ബ്രേക് ത്രൂ സമ്മാനിച്ചു.

ശിവം ദുബെ എട്ട് പന്തില്‍ പുറത്താകാതെ 26 റണ്‍സ് നേടിയതോടെ ഇന്ത്യന്‍ ടോട്ടല്‍ 255ലെത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവികള്‍ 19 ഓവറില്‍ 159ന് പുറത്താവുകയായിരുന്നു.

Content Highlight: Sourav Ganguly about IND vs NZ Final

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more