2027 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിന് മുന്നോടിയായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെ പുതിയ മുഖ്യ പരിശീലകനായി നിയമിച്ച് ദൽഹി ക്യാപിറ്റൽസ്.
കഴിഞ്ഞ രണ്ട് സീസണുകളിൽ ടീമിൻ്റെ മുഖ്യ പരിശീലകനായി സേവനമനുഷ്ഠിച്ച ഹേമാങ് ബദാനിക്ക് പകരക്കാരനായാണ് 54 കാരനായ ഗാംഗുലി ടീമിലേക്ക് എത്തുന്നത്. 2019 ൽ ദൽഹി ക്യാപിറ്റൽസിന്റെ മെന്ററായിരുന്ന ഗാംഗുലി 2024 ൽ ഡി.സി അടക്കമുള്ള ജെ.എസ്.ഡബ്ല്യു ഗ്രൂപ്പിന്റെ ക്രിക്കറ്റ് ഡയറക്ടറായി നിയമിക്കപ്പെട്ടു.
സൗരവ് ഗാംഗുലി
ഐ.പി.എൽ 2027-ൽ ടീമിന്റെ പ്രവർത്തന നിയന്ത്രണം ജെ.എസ്.ഡബ്ല്യു ഗ്രൂപ്പ് പൂർണ്ണമായി ഏറ്റെടുത്തതോടെയാണ് അദ്ദേഹത്തെ മുഖ്യ പരിശീലകനായി നിയമിച്ചത്. സഹ ഉടമകളായ ജി.എം.ആർ ഗ്രൂപ്പുമായി മാനേജ്‌മെന്റ് ചുമതലകൾ മാറിമാറി കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ഫ്രാഞ്ചൈസി ഇക്കാര്യം അറിയിച്ചത്.
2008 ലെ ഉദ്ഘാടന പതിപ്പ് മുതൽ സീസണിന്റെ ഭാഗമായിട്ടും ഇതുവരെ ഐ.പി.എൽ ട്രോഫി നേടാത്ത രണ്ട് ടീമുകൾ ദൽഹി ക്യാപിറ്റൽസും പഞ്ചാബ് കിങ്‌സും മാത്രമാണ്. ബദാനി മുഖ്യ പരിശീലകനായിരുന്ന രണ്ട് സീസണുകളിൽ പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്നതിലും അവർ പരാജയപ്പെട്ടു.
2026 ഐപിഎല്ലിൽ അക്സർ പട്ടേലിന്റെ നേതൃത്വത്തിൽ ഡി.സി പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തെത്തിയിരുന്നു. 2021-ലെ സീസണിൽ ക്വാളിഫയർ രണ്ടിൽ റണ്ണേഴ്‌സ് അപ്പായ ടീമിനോട് മൂന്ന് വിക്കറ്റിന് തോറ്റ് പുറത്തായതിന് ശേഷം, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ദൽഹിക്ക് പ്ലേഓഫിൽ എത്താൻ സാധിച്ചിട്ടില്ല.
Content Highlights: Sourav Ganguli will be the head coach of delhi capitals