ന്യൂദല്‍ഹി: ബി.ജെ.പിയുമായി ബന്ധമുള്ള ചില സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തന്റെ പാസ്പോര്‍ട്ട് ചോര്‍ത്തിയിരിക്കുന്നുവെന്ന് സി.ജെ.പി സഹ കണ്‍വീനര്‍ സൗരവ് ദാസ്. ഇതൊരു ഗൗരവകരമായ വിഷയമാണെന്ന് പറഞ്ഞ സൗരവ് പൗരന്മാരുടെ പാസ്പോര്‍ട്ടുകള്‍ ഇത്തരത്തില്‍ ചോര്‍ത്തപ്പെടുന്നത് ഒരു പതിവ് കാര്യമാണോ എന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുമോ എന്നും ചോദിച്ചു.
പുതിയ ഇന്ത്യയില്‍ വ്യക്തിഗത വിവരങ്ങള്‍ പരസ്യപ്പെടുത്തുന്ന ‘ഡോക്സിംഗ്’ നിയമവിധേയമാക്കപ്പെട്ടോയെന്നും സൗരവ് എക്‌സ് പോസ്റ്റില്‍ കുറിച്ചു.
‘ആദ്യം, ബി.ജെ.പി അനുകൂലിയായ ഒരു നീചന്‍ എന്റെ ദല്‍ഹിയിലെ താമസസ്ഥലത്തിന്റെ വിലാസം ചോര്‍ത്തി. തുടര്‍ന്ന്, ഞാന്‍ നഗരത്തിന് പുറത്തായിരുന്ന സമയത്ത്, പ്രചരണങ്ങള്‍ നടത്തുന്ന ചില യൂട്യൂബര്‍മാരെ എന്റെ വീട്ടിലേക്ക് അയച്ചു.
അവര്‍ അതിക്രമിച്ചു കയറുകയും ചെയ്തു. അതിനു പിന്നാലെ, എന്റെ കുടുംബജീവിതത്തെക്കുറിച്ച് കെട്ടിച്ചമച്ച കഥകളും, എന്നെ മോശമായി ചിത്രീകരിക്കുന്ന തരത്തില്‍ കൃത്രിമം വരുത്തിയ ഒരു ചിത്രവും പ്രചരിപ്പിച്ചു. ഇപ്പോള്‍, തീര്‍ത്തും അസംബന്ധവും പരിഹാസ്യവുമായ മറ്റൊരു കഥ മെനയാന്‍ വേണ്ടി എന്റെ പാസ്പോര്‍ട്ട് പ്രചരിപ്പിക്കുകയാണ്,’ എന്നും സൗരവ് കുറിച്ചു.
ഇത്തരത്തില്‍ തന്നെ ലക്ഷ്യമിട്ടുള്ള ഉപദ്രവങ്ങള്‍ പതിവായതുകൊണ്ടാണ്, വാടക കരാര്‍ പുറത്തുപോകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് എസ്.ഇ.എം കോടതിയോട് പ്രത്യേകം ആവശ്യപ്പെട്ടത്. തന്റെ പാസ്പോര്‍ട്ട് പ്രചരിപ്പിക്കുന്നതില്‍ പങ്കാളികളായ ഓരോ സോഷ്യല്‍ മീഡിയ അക്കൗണ്ടിനെതിരെയും ബന്ധപ്പെട്ട അധികാരികള്‍ക്ക് ക്രിമിനല്‍ പരാതി നല്‍കുമെന്നും സൗരവ് വ്യക്തമാക്കി.
‘നിലവില്‍ തങ്ങള്‍ക്ക് എന്തുമാകാമെന്നും, ആരും ഒന്നും ചെയ്യില്ലെന്നുംകരുതുന്നവരോട് ഒരു കാര്യം പറയാനുണ്ട്. ഓരോ സംഭവവും, അതില്‍ ഉള്‍പ്പെട്ട ഓരോ അക്കൗണ്ടും ഞാന്‍ കൃത്യമായി രേഖപ്പെടുത്തി വെക്കുന്നുണ്ട്.
സര്‍ക്കാരുകള്‍ വരും, പോകും. സമയം വരുമ്പോള്‍, നിയമത്തിന്റെ പൂര്‍ണ്ണമായ ശക്തി അവര്‍ നേരിടേണ്ടി വരും. അപ്പോള്‍ രാജ്യം വിട്ടുപോകുകയല്ലാതെ അവര്‍ക്ക് മുന്നില്‍ മറ്റൊരു വഴിയും ബാക്കിയുണ്ടാകില്ല,’ സൗരവ് കുറിച്ചു.
പാസ്‌പോര്‍ട്ട് ചോര്‍ന്നതിനെ സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെയും അപലപിച്ചു. സൗരവ് ദാസിന്റെ പാസ്‌പോര്‍ട്ട് സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്ന് ചോര്‍ത്തപ്പെടുകയും അത് ബി.ജെ.പി അനുകൂലികള്‍ പ്രചരിപ്പിക്കുകയും ചെയ്യുകയാണെന്ന് ദീപ്‌കെ എക്‌സ് പോസ്റ്റില്‍ കുറിച്ചു.
പ്രധാനമന്ത്രിയുടെ ബിരുദ വിവരങ്ങള്‍ ആര്‍ക്കും ലഭ്യമാകാത്ത, എന്നാല്‍ ഒരു സാധാരണ പൗരന്റെ പാസ്പോര്‍ട്ട് ഇത്ര പരസ്യമായി ചോര്‍ത്തപ്പെടുകയും പ്രചരിക്കപ്പെടുകയും ചെയ്യുന്ന എന്ത് തരം ലോകത്താണ് നമ്മള്‍ ജീവിക്കുന്നതെന്നും ദീപ്‌കെ ചോദിച്ചു.
ഓണ്‍ലൈന്‍ സംഘികള്‍ സൗരവിന്റെ പാസ്‌പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് പിന്നാലെയായിരുന്നു സി.ജെ.പി നേതാക്കളുടെ പ്രതികരണം. പാസ്‌പോര്‍ട്ട് ചോര്‍ന്നതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനങ്ങളും ഉയരുന്നു. കേന്ദ്ര സര്‍ക്കാര്‍ ജനത്തിന്റെ അതീവ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി ബി.ജെ.പി ഐ.ടി സെല്ലിന് നല്‍കുകയാണോ എന്നും സോഷ്യല്‍ മീഡിയ യൂസര്‍മാര്‍ ചോദിക്കുന്നു.
ഇന്ന് സൗരവ് ആണെങ്കില്‍ നാളെ സര്‍ക്കാരിനെ ചോദ്യം ചെയ്യാന്‍ ധൈര്യപ്പെടുന്ന ആരുടെ വിവരവും ഇത്തരത്തില്‍ ചോരാമെന്നും ചില എക്‌സ് യൂസര്‍മാര്‍ കുറിച്ചു. ഇത് അപകടകരവും ആശങ്കാജനകവുമാണ്. ഇതൊരു ആശങ്കാജനകമായ കാര്യവും വളരെ അപകടകരമായ ഒരു കീഴ് വഴക്കവുമാണെന്നാണ് മറ്റൊരു എക്‌സ് പോസ്റ്റില്‍ പറയുന്നത്. ഒരു ട്രോള്‍ യുദ്ധത്തിനായി പാസ്പോര്‍ട്ട് വിവരങ്ങള്‍ ചോര്‍ത്താമെങ്കില്‍, ഈ രാജ്യത്ത് പിന്നെ എന്ത് സ്വകാര്യതയാണ് അവശേഷിക്കുന്നതെന്നും എക്‌സില്‍ ചില യൂസര്‍മാര്‍ ചോദിക്കുന്നു.
Content Highlight: Sourav Das says his passport was leaked by Online BJP Supporters