ന്യൂദല്‍ഹി: പുരുഷാധിപത്യത്തെ തകര്‍ക്കുക എന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ കേന്ദ്ര മന്ത്രി കിരണ്‍ റിജിജു നടത്തിയ പരാമര്‍ശത്തെ വിമര്‍ശിച്ച് കോക്രോച്ച് ജനത പാര്‍ട്ടി (സി.ജെ.പി) നേതാവ് സൗരവ് ദാസ്. പുരുഷാധിപത്യം തകര്‍ക്കുക എന്ന പ്രസ്താവനയെക്കുറിച്ച് ‘എന്തിനാണ് എപ്പോഴും ഹിന്ദുക്കളെ മാത്രം ലക്ഷ്യം വയ്ക്കുന്നത്,’ എന്ന് ഒരു എക്‌സ് പോസ്റ്റില്‍ റിജിജു ചോദിച്ചിരുന്നു. റിജിജുവിന്റെ ആ പ്രതികരണത്തെയാണ് സൗരവ് ദാസ് ഇപ്പോള്‍ വിമര്‍ശിച്ചത്.
പുരുഷാധിപത്യത്തെ തകര്‍ക്കുക എന്നതിനെ എന്തിനാണ് റിജിജു ഒരു ഹിന്ദു മുസ് ലിം പ്രശ്‌നമാക്കാന്‍ ശ്രമിക്കുന്നതെന്ന് സൗരവ് ദാസ് എക്‌സ് പോസ്റ്റില്‍ ചോദിച്ചു. ഈ ന്യൂന പക്ഷ വിരുദ്ധ രാഷ്ട്രീയം നിര്‍ത്തൂ എന്നും റിജിജുവിനോട് സൗരവ് ദാസ് പറഞ്ഞു. റിജിജുവിന്റെ എക്‌സ് പോസ്റ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു സൗരവ് ദാസിന്റെ പ്രതികരണം.
‘ഈ ആളുകള്‍ക്ക് എപ്പോഴാണ് പഠിക്കുക? പുരുഷാധിപത്യത്തെ തകര്‍ക്കുക എന്നതിനെ ആളുകള്‍ക്ക് എങ്ങനെയൊക്കം എതിര്‍ക്കാന്‍ പറ്റും? എന്തിനാണ് അദ്ദേഹം അതിനെ ഒരു ഹിന്ദു-മുസ് ലിം പ്രശ്‌നമാക്കാന്‍ ശ്രമിക്കുന്നത്?,’ സൗരവ് ദാസ് എക്‌സ് പോസ്റ്റില്‍ കുറിച്ചു.
ഇതേ മന്ത്രിയാണ് അഭിമുഖങ്ങളില്‍ പോയി ‘ പ്രതിഷേധത്തില്‍ ഒരു വിദ്യാര്‍ത്ഥിയും മരിച്ചില്ലല്ലോ’ എന്ന് ചോദിക്കാനും ‘പക്ഷേ പ്രതിഷേധത്തിന് നേരെ ഒരു വെടിയുണ്ടയും ഉതിര്‍ത്തില്ല’ എന്ന് പറയാനും ധൈര്യപ്പെടുന്നതെന്നും റിജിജുവിനെക്കുറിച്ച് സൗരവ് ദാസ് പറഞ്ഞു. ഈ രാജ്യം ഭരിക്കുന്നത് പൂര്‍ണമായും തലതിരിഞ്ഞവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയം നിര്‍ത്താനും രാജ്യത്തെ സ്‌കൂളുകളും കൊളേജുകളും ഗതാഗതവും ആശുപത്രികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സൗരവ് റിജിജുവിനോട് ആവശ്യപ്പെട്ടു. ‘മിസ്റ്റര്‍ റിജിജു, ഈ ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയം നിര്‍ത്തു. സ്വാതന്ത്ര്യം ലഭിച്ച് 80 വര്‍ഷങ്ങള്‍ക്ക് ശേഷവും നമ്മുടെ സ്‌കൂളുകള്‍, കോളേജുകള്‍, റോഡുകള്‍, ആരോഗ്യ സംരക്ഷണം, വായു, വെള്ളം ഭക്ഷണം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക!,’ സൗരവ് കുറിച്ചു.
പുരുഷാധിപത്യം തകര്‍ക്കാന്‍ പറയുന്ന കോണ്‍ഗ്രസ് എന്തുകൊണ്ടാണ് ഹിന്ദുക്കളെ മാത്രം ലക്ഷ്യം വെക്കുന്നതെന്നായിരുന്നു റിജിജുവിന്റെ പരാമര്‍ശം.
‘കോണ്‍ഗ്രസ് പറയുന്നു, ‘പുരുഷാധിപത്യം തകര്‍ക്കുക’ എന്ന്. എപ്പോഴും ഹിന്ദുക്കളെ മാത്രം ലക്ഷ്യം വയ്ക്കുന്നത് എന്തുകൊണ്ട്? നൂനപക്ഷ സ്ത്രീകളുടെ കാര്യമോ? മുത്തലാഖിന്റെ കാര്യമോ? മുസ്ലീം പെണ്‍കുട്ടികള്‍ നമ്മുടെ സഹോദരിമാരും പെണ്‍മക്കളുമല്ലേ?,’ റിജിജുവിന്റെ എക്‌സ് പോസ്റ്റില്‍ പറയുന്നു.
‘നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ സ്ത്രീകള്‍ക്കൊപ്പം നില്‍ക്കുന്നുവെങ്കില്‍, എല്ലാ സ്ത്രീകള്‍ക്കും എല്ലാ സമുദായത്തിനും ഒപ്പം എല്ലായ്പ്പോഴും നില്‍ക്കുക,’ എന്നും റിജിജു പറഞ്ഞു. ‘നമ്മുടെ ഇന്ത്യന്‍ പെണ്‍മക്കള്‍ ഐ.എസ്.ആര്‍.ഒയില്‍ മുന്നിട്ടുനില്‍ക്കുന്നു, യുദ്ധവിമാനങ്ങള്‍ പറത്തുന്നു, ഒളിമ്പിക്‌സില്‍ മെഡലുകള്‍ നേടുന്നു. ലക്ഷാധിപതിഖളായി സഹോദരിമാരിലും ഡ്രോണ്‍ സഹോദരിമാരിലും നാരി ശക്തി ദൃശ്യമാണ്. ഇന്ത്യന്‍ സമൂഹത്തെ വിഭജിക്കാന്‍ ഇന്ത്യന്‍ പെണ്‍മക്കളെ ദുര്‍ബലരായി കാണരുത്,’ എന്നും റിജിജു പറഞ്ഞിരുന്നു.
പൂനെയില്‍ നടന്ന ‘ഛാത്രോം കി ഗൂഞ്ച്’ പരിപാടിയില്‍ വിദ്യാര്‍ഥിനികളുമായി സംസാരിക്കവെയായിരുന്നു രാഹുല്‍ ഗാന്ധി ‘പുരുഷാധിപത്യത്തെ തകര്‍ക്കുക’ എന്ന പ്രസ്താവന നടത്തിയത്. ആണ്‍കുട്ടികള്‍ അധിക്ഷേപ വാക്കുകള്‍ ഉപയോഗിച്ചാല്‍ പ്രശ്‌നമില്ല. എന്നാല്‍ ഒരു പെണ്‍കുട്ടി അങ്ങനെ ചെയ്താല്‍ അത് ‘സംസ്‌കാരത്തിന് ചേരാത്തത് ‘ ആകുന്നു. അത് ശരിയായ സമീപനമല്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു.
ഇത്തരം സമീപനം ‘മനുസ്മൃതി’ അടിസ്ഥാനമാക്കിയുള്ള പുരുഷാധിപത്യ ചിന്തയെ പ്രതിഫലിപ്പിക്കുന്നതാണ്. സ്ത്രീകള്‍ക്ക് സമൂഹത്തില്‍ ഒരു പ്രത്യേക സ്ഥാനം മാത്രം നിശ്ചയിക്കുകയും അവരെ നിയന്ത്രിക്കുകയും ചെയ്യുന്നതാണ് ഈ ചിന്തയെന്നും രാഹുല്‍ അഭിപ്രായപ്പെട്ടിരുന്നു.
‘ഒരു പെണ്‍കുട്ടിക്ക് ഒരു പ്രത്യേക സ്ഥാനം മാത്രമാണെന്ന് പറയുന്ന മനോഭാവമാണിത്. അവളെ ഒരു കൂട്ടിലടച്ച് നിയന്ത്രിക്കണം, ജോലി ചെയ്യാന്‍ അനുവദിക്കരുത് എന്ന ചിന്ത. അതേസമയം ആണ്‍കുട്ടികള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നു,’ അദ്ദേഹം പറഞ്ഞിരുന്നു.
സ്ത്രീകള്‍ സ്വന്തം ജീവിതത്തില്‍ സ്വാതന്ത്ര്യവും വ്യക്തിത്വവും നിലനിര്‍ത്തണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. ‘നിങ്ങള്‍ ആരുടേയും സ്വന്തമല്ല. നിങ്ങള്‍ നിങ്ങളുടേത് മാത്രമാണ്. ഉറക്കെ സംസാരിക്കൂ, അഭിമാനത്തോടെ മുന്നോട്ട് വരൂ, സമൂഹത്തില്‍ നിങ്ങളുടെ ഇടത്തിനായി പോരാടൂ,’ എന്നും അദ്ദേഹം വിദ്യാര്‍ഥിനികളോട് പറഞ്ഞിരുന്നു.
Content Highlight: Sourav Das Response on Kiran Rijiju’s Remark Against Rahul Gandhi’s Smash Patriarchy Remark