കുടുംബപ്രേക്ഷകരുടെ പ്രിയതാരമാണ് സൗമ്യ ഭാഗ്യൻ പിള്ള. എന്നാൽ ആ പേരിനേക്കാൾ മലയാളികൾക്ക് കൂടുതൽ സുപരിചിതം ‘അളിയൻസ്’ പരമ്പരയിലെ ലില്ലിക്കുട്ടി എന്ന കഥാപാത്രമാണ്.
ടെലിവിഷൻ പരിപാടികളിലൂടെയും സ്‌കിറ്റുകളിലൂടെയും ശ്രദ്ധ നേടിയ സൗമ്യ, ‘അളിയൻസ്’ എന്ന ജനപ്രിയ പരമ്പരയിലൂടെയാണ് പ്രേക്ഷക മനസിൽ ഇടം നേടിയത്.
മികച്ച നർത്തകി കൂടിയായ താരം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഹൃദയപൂർവം എന്ന ചിത്രത്തിലും ജീത്തു ജോസഫ് ഒരുക്കിയ ദൃശ്യം 3 യിലും ശ്രദ്ധേയ സാന്നിധ്യമാണ്.
അളിയൻസ്, Photo: Saumya baghyan pillai/ Facebook
ഇപ്പോഴിതാ, മോഹൻലാലും സത്യൻ അന്തിക്കാടും തന്റെ പരമ്പരയായ ‘അളിയൻസ്’ സ്ഥിരമായി കാണാറുണ്ടെന്നറിഞ്ഞപ്പോൾ ഉണ്ടായ സന്തോഷത്തെക്കുറിച്ച് തുറന്ന് പറയുകയാണ് സൗമ്യ. കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിനിടെയാണ് താരം ഈ അനുഭവം പങ്കുവെച്ചത്.
ഹൃദയപൂർവം സിനിമയുടെ ചിത്രീകരണ വേളയിൽ നടന്ന ഒരു സംഭാഷണമാണ് സൗമ്യ ഓർമിക്കുന്നത്. താൻ അവതരിപ്പിച്ച കഥാപാത്രത്തെക്കുറിച്ച് മോഹൻലാൽ സത്യൻ അന്തിക്കാടിനോട് ചോദിച്ചുവെന്നാണ് താരം പറയുന്നത്. ‘ഞാൻ അവതരിപ്പിച്ച കഥാപാത്രം ആരാണെന്ന് സാറിനോട് ലാലേട്ടൻ ചോദിച്ചു.
അപ്പോൾ സാർ പറഞ്ഞു, അത് ‘അളിയൻസ്’ പരമ്പരയിലെ സൗമ്യയാണെന്ന്. അതുകേട്ട് ലാലേട്ടൻ ‘ആണോ?’ എന്ന് ചോദിച്ചു,’ സൗമ്യ പറഞ്ഞു.
തുടർന്ന് സത്യൻ അന്തിക്കാട് തന്നോട് പറഞ്ഞ വാക്കുകളാണ് തനിക്ക് ഏറ്റവും വലിയ സന്തോഷം നൽകിയതെന്നും താരം വ്യക്തമാക്കി. ‘അപ്പോൾ സാർ എന്നോട് പറഞ്ഞു, ‘സൗമ്യ, ഞാനും ലാലും ഒക്കെ അളിയൻസ് സ്ഥിരമായി കാണാറുണ്ട്’. അത് കേട്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി.
അളിയൻസ്, Photo: YouTube/ Screengrab
എനിക്ക് അത് വിശ്വസിക്കാൻ പോലും കഴിഞ്ഞില്ല. ഞാൻ സാറിനോട് ‘ഇല്ല, ഞാൻ വിശ്വസിക്കുന്നില്ല’ എന്ന് പറഞ്ഞു. അപ്പോൾ അദ്ദേഹം വീണ്ടും പറഞ്ഞു, ‘സൗമ്യ, ഞങ്ങൾ ഒക്കെ സ്ഥിരമായി കാണാറുണ്ട്’,’ സൗമ്യ ഓർത്തെടുത്തു.
മോഹൻലാൽ തന്റെ പരമ്പര കാണുന്നുണ്ടെന്നറിഞ്ഞത് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിലൊന്നായിരുന്നുവെന്നും സൗമ്യ പറയുന്നു.
‘അപ്പോൾ എനിക്ക് ഭയങ്കര സന്തോഷമായി. പിന്നീട് ഞങ്ങൾ ഒരുമിച്ച് ഫോട്ടോ എടുത്തു. അപ്പോൾ സാർ എന്നോട് പറഞ്ഞു, ‘ഇത് അളിയൻസിലെ എല്ലാവരെയും കാണിക്കണം’ എന്ന്. ആ വാക്കുകൾ എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല,’ താരം കൂട്ടിച്ചേർത്തു.
സത്യൻ അന്തിക്കാടും മോഹൻലാലും വീണ്ടും ഒന്നിച്ച ഹൃദയപൂർവം സിനിമയിൽ പ്രേക്ഷക മനസിൽ ഇടം നേടിയ കഥാപാത്രങ്ങളിലൊന്നായിരുന്നു സൗമ്യ അവതരിപ്പിച്ച ഒളിച്ചോടിയ രജനി. ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മുഖത്ത് ഒരു പുഞ്ചിരി സമ്മാനിച്ച കഥാപാത്രമായാണ് രജനി ശ്രദ്ധ നേടിയത്.
Content Highlight: Soumya Bhagyan Pillai talks about Mohanlal