അമൽ നീരദ് സംവിധാനം ചെയ്ത് 2012ൽ പുറത്തിറങ്ങിയ ചിത്രമാണ് ബാച്ചിലർ പാർട്ടി. സിനിമയുടെ സ്പിരിച്വൽ സീക്വലായ് ഒരുങ്ങുന്ന ചിത്രമാണ് ബാച്ചിലർ പാർട്ടി ഡ്യൂ. അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്റർടൈൻമെന്റ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ ക്രിസ്റ്റോ സേവ്യറാണ് സംഗീതം ഒരുക്കുന്നത്. അപ്പു പ്രഭാകർ ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിങും നിർവ്വഹിക്കുന്നു.
ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങൾ പങ്കു വെയ്ക്കുകയാണ് സൗബിൻ ഷാഹിർ. മനോരമ ഓൺലൈനുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ആദ്യം കഥ കേട്ടപ്പോൾ ടെൻഷനുണ്ടായിരുന്നു. പറയുമ്പോൾ പഴയ ബാച്ചിലർ പാർട്ടിയായിട്ട് കംപയർ ചെയ്തിട്ടാണല്ലോ പോകുന്നത്. കഥ കേട്ടപ്പോൾ തികച്ചും വ്യത്യസ്തമായി തോന്നി. വേറൊരു സ്ക്രിപ്റ്റും കഥാപാത്രങ്ങളും സ്ഥലങ്ങളും സിറ്റുവേഷനൊക്കെയാണ്. ഇത് നമ്മൾ പുതിയതായിത്തന്നെ ചെയ്യുന്ന രീതിയിൽ തന്നെയാണ് അമലേട്ടൻ പറഞ്ഞത്. അല്ലാതെ അതിലെ ഒരാളെ പോലെയാവണമെന്നോ അങ്ങനെയൊരു റെഫെറൻസോ നമ്മളോട് പറഞ്ഞിട്ടില്ല.
ബാച്ചിലർ പാർട്ടി ഡ്യൂ.Photo: Screen Grab/ Youtube.com
അമലേട്ടന്റെ മേക്കിങ് രീതിയൊക്കെ പിന്നെ അറിയാലോ, ഓരോ ഷോട്ടിനും അത്യാവശ്യം ലെങ്തുണ്ടാവും. പക്ഷേ അത് നമുക്ക് മൂഡിലോട്ട് എത്താനും നടന്ന് എത്തുമ്പോഴേക്കും അതിലെ കഥാപാത്രങ്ങൾക്ക് ആ സ്റ്റൈലും കാര്യങ്ങളൊക്കെ ചിലപ്പോൾ അതിലായിരിക്കും കിട്ടുന്നത്. അതെപ്പോഴും ഗുണം ചെയ്തിട്ടേയുള്ളൂ,’ സൗബിൻ പറഞ്ഞു.
ഒരു സീനിന് മുൻപാണെങ്കിലും അടുത്ത ദിവസം എടുക്കാൻ പോകുന്ന സീനാണെങ്കിലും പാക്അപ്പ് കഴിഞ്ഞിട്ട് എല്ലാവരും കൂടെ അടുത്ത സീനിനെ പറ്റി ഡിസ്കസ് ചെയ്യാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ കൂടെ അസിസ്റ്റന്റായി വർക്ക് ചെയ്തപ്പോൾ അന്ന് എങ്ങനെയാണോ എല്ലാവരുടെയടുത്തും സീനിനെ പറ്റി ഡിസ്കസ് ചെയ്തത് അത് പോലെത്തന്നെയാണ് ഇപ്പോഴുമെന്നും നടൻ വ്യക്തമാക്കി. കുറേകാലം അദ്ദേഹത്തിന്റെ അസിസ്റ്റന്റായി വർക്ക് ചെയ്തിട്ടുള്ളതുകൊണ്ട് അദ്ദേഹം പറയാതെ തന്നെ അദ്ദേഹത്തിന് എന്താ വേണ്ടതെന്ന് മനസിലാക്കാൻ തനിക്ക് കഴിയാറുണ്ടെന്നും നടൻ പറഞ്ഞു.
നവംബർ 19നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. നസ്ലെൻ, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, രജിഷ വിജയൻ, ജ്യോതിർമയി, നദിയ മൊയ്തു, ചന്തു സലിംകുമാർ, ഹൻസിക കൃഷ്ണ, ലാൽ, പാരിസ് ലക്ഷ്മി തുടങ്ങി വൻ താര നിര തന്നെ സിനിമയിൽ അണി നിരക്കുന്നുണ്ട്.
Content Highlight: Soubin Shahir said that it was not the old Bachelor Party, but a new script with a different storyline.