| Tuesday, 8th July 2025, 4:16 pm

സൗബിന്‍ അറസ്റ്റില്‍, സ്റ്റേഷന്‍ ജാമ്യത്തില്‍ വിടും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സാമ്പത്തിക തട്ടിപ്പ് കേസില്‍ നടനും ചിത്രത്തിന്റെ നിര്‍മാതാവുമായ സൗബിന്‍ ഷാഹിര്‍ അറസ്റ്റില്‍. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മറ്റ് രണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തും. കോടതി വ്യവസ്ഥയുള്ളതിനാല്‍ സൗബിനെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിടും. മരട് പൊലീസാണ് താരത്തെ അറസ്റ്റ് ചെയ്തത്.

മുമ്പ് ചീറ്റിങ് ഉള്‍പ്പെടെയുള്ള വകുപ്പുകളുള്‍പ്പെടെ ചേര്‍ത്തുകൊണ്ടാണ് സൗബിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ചിത്രത്തിന്റെ സഹനിര്‍മാതാവായ സിറാജ് വലിയതുറയുടെ പരാതിയിന്മേലാണ് കേസെടുത്തത്. എന്നാല്‍ കേസ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സൗബിന്‍ ഹൈക്കോടതിയെ സമീപിച്ചു. കോടതി സൗബിന്റെ ഹരജി തള്ളിക്കളഞ്ഞതിന് പിന്നാലെയാണ് താരം ചോദ്യം ചെയ്യലിന് മരട് പൊലീസിന് മുന്നില്‍ ഹാജരായത്.

സൗബിന്റെ മാനേജര്‍ ഷോണ്‍ ആന്റണി, പിതാവ് ബാബു ഷാഹിര്‍ എന്നിവരാണ് മറ്റ് പ്രതികള്‍. ചിത്രത്തിനായി ഏഴുകോടി നിക്ഷേപിച്ചിട്ടും ലാഭവിഹിതം നല്‍കിയില്ലെന്ന് ആരോപിച്ചാണ് സിറാജ് പൊലീസില്‍ പരാതിപ്പെട്ടത്. നിര്‍മാതാക്കള്‍ നടത്തിയത് ഗുരുതര സാമ്പത്തിക ഇടപാടാണെന്ന് പറഞ്ഞാണ് പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

ഴേുകോടി നല്‍കിയ സിറാജിന് 50 ലക്ഷം മാത്രമാണ് തിരികെ നല്‍കിയതെന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തിയേറ്റര്‍, ഒ.ടി.ടി, സാറ്റലൈറ്റ് എന്നിവയിലൂടെ ലഭിക്കുന്ന ലാഭത്തിന്റെ 40 ശതമാനം നല്‍കാമെന്ന് കരാറുണ്ടായിരുന്നെന്നും ഇത് പാലിച്ചില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുള്ളത്.

കേസില്‍ ചോദ്യം ചെയ്യലിന് രണ്ടാംദിവസവും സൗബിന്‍ ഹാജരായിരുന്നു. ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ലാഭവിഹിതം നല്‍കാന്‍ താന്‍ തയറായിരുന്നെന്നും കണക്കുകള്‍ പരിശോധിക്കുന്നതിനിടയിലായിരുന്നു പരാതിക്കാരന്‍ കോടതിയെ സമീപിച്ചതെന്നും ചോദ്യം ചെയ്യലിന് മുമ്പ് മാധ്യമങ്ങളോട് പ്രതികരിച്ച സൗബിന്‍ പറഞ്ഞത്.

Content Highlight: Soubin Shahir arrested for financial fraud case about Manjummel Boys movie

We use cookies to give you the best possible experience. Learn more