അടുത്തിടെ റിലീസായ മോളിവുഡ് ടൈംസില്‍ പ്രധാനപ്പെട്ട ഒരു സീനുണ്ട്. സിനിമ ചെയ്യാന്‍ നടക്കുന്നയാളാണ് നായകന്‍. ഒരു സമയത്ത് അയാള്‍ മനസില്‍ ആലോചിച്ച കഥ മറ്റൊരാള്‍ സിനിമയാക്കുകയും അത് ഹിറ്റാവുകയും ചെയ്യുന്ന സീന്‍ പലരുടെയും ശ്രദ്ധയാകര്‍ഷിച്ചു. ഒ.ടി.ടി റിലീസിന് ശേഷം ഏറ്റവുമധികം ചര്‍ച്ചയാകാന്‍ പോകുന്നത് ഈയൊരു സീനാകുമെന്ന് ഉറപ്പാണ്.
ഇത്തരം യാദൃശ്ചികതകള്‍ സിനിമയില്‍ മാത്രമല്ല, റിയല്‍ ലൈഫിലും കാണാനാകുമെന്നാണ് സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ച. നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വിജയത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റിന് പിന്നാലെയാണ് ചര്‍ച്ചയാരംഭിച്ചത്. ബൈക്ക് റേസിങ് പ്രമേയമായിട്ടാണ് വിജയം ഒരുങ്ങുന്നതെന്ന് ടൈറ്റില്‍ ടീസറും പോസ്റ്ററും സൂചന നല്‍കുന്നുണ്ട്.
വിജയം, സൗബിന്‍- ദുല്‍ഖര്‍ പ്രൊജക്ട്
ഇതിന് പിന്നാലെ സൗബിന്‍ ഷാഹിറിന്റെ അടുത്ത ഡയറക്ടോറിയല്‍ പ്രൊജക്ടിനെക്കുറിച്ചാണ് സിനിമാപേജുകളിലെ സംസാരം. ദുല്‍ഖറിനെ നായകനാക്കി സൗബിന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൊച്ചിയിലെ മഡ് റേസുമായി ബന്ധപ്പെട്ടതാണെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ വിജയം അനൗണ്‍സ് ചെയ്തതിന് പിന്നാലെ സൗബിന്റെ ഈ പ്രൊജക്ട് ചര്‍ച്ചയായിരിക്കുകയാണ്.
ഈ പ്രൊജക്ടിന് മുമ്പ് സൗബിന്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു ഒതിരം കടകം. ചിത്രത്തിന്റെ പോസ്റ്റര്‍ ഒരുസമയത്ത് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഈ അനൗണ്‍സ്‌മെന്റിന് പിന്നാലെയാണ് ബേസില്‍ ജോസഫും ദര്‍ശനയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ജയ ജയ ജയ ജയഹേ റിലീസായത്. ഗാര്‍ഹിക പീഡനത്തിനെതിരെ സംസാരിച്ച ചിത്രം വന്‍ വിജയമായിരുന്നു.
ഒതിരം കടകം, ജയ ജയ ജയ ജയ ഹേ Photo: Theatrical Poster
ഒതിരം കടകത്തിന്റെ അതേ തീം തന്നെയായിരുന്നു ജയ ജയ ഹേയ്ക്കുമെന്ന് പിന്നീട് സൗബിന്‍ വ്യക്തമാക്കി. അക്കാരണം കൊണ്ട് ഒതിരം കടകം ഉപേക്ഷിക്കേണ്ടി വരികയും ചെയ്തു. ഇപ്പോഴിതാ പുതിയ പ്രൊജക്ടിന് വെല്ലുവിളിയായി വിജയം അനൗണ്‍സ് ചെയ്തിരിക്കുകയാണ്. ഒരേ കഥയല്ലെങ്കിലും നായകന്‍ ബൈക്ക് റേസറാണെന്ന സാമ്യത ഇരു സിനിമകളെയും ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് സിനിമാപേജുകള്‍ വിലയിരുത്തുന്നു.
അസിസ്റ്റന്റ് ഡയറക്ടറായി കരിയര്‍ ആരംഭിച്ച് പിന്നീട് മികച്ച നടനെന്ന പേര് സ്വന്തമാക്കിയ സൗബിന്‍ 2017ലാണ് ആദ്യമായി സംവിധായക കുപ്പായമണിഞ്ഞത്. മട്ടാഞ്ചേരിയിലെ മുസ്‌ലിം സമുദായത്തിന്റെ ജീവിതം വരച്ചിട്ട പറവ ഗംഭീര സിനിമാനുഭവമായിരുന്നു. സൗബിന്‍ എന്ന സംവിധായകന്റെ വരവിനായി സിനിമാപ്രേമികള്‍ കാത്തിരിക്കുകയാണ്.
Content Highlight: Soubin- Dulquer project getting into discussion after Vijayam movie announcement
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ