| Monday, 19th August 2019, 8:41 pm

ദുര്‍മന്ത്രവാദം; മന്ത്രവാദിനി 45കാരിയെ ത്രിശൂലം ഉപയോഗിച്ച് കുത്തിക്കൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാഞ്ചി: ദുര്‍മന്ത്രവാദത്തിനിടെ മന്ത്രവാദിനി 45കാരിയെ ത്രിശൂലം ഉപയോഗിച്ച് കുത്തിക്കൊന്നു. ബാധ ഒഴിപ്പിക്കുന്ന ക്രിയക്കിടെ തുടര്‍ച്ചയായി ത്രിശൂലം ഉപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്നാണ് രുധിനി ദേവി കൊല്ലപ്പെട്ടത്.

സംഭവത്തില്‍ മന്ത്രവാദിനി ആലം ദേവിയേയും ഭര്‍ത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഝാര്‍ഖണ്ഡിലെ ഗാര്‍വ ജില്ലയിലാണ് സംഭവം.

കഴിഞ്ഞ കുറെ നാളുകളായി രുധിനി ദേവി രോഗബാധിതയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഡോക്ടറുടെ ചികിത്സയിലും ഫലം കണ്ടില്ല. തുടര്‍ന്ന് മന്ത്രവാദിനിയെ സമീപിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

മുറി അടച്ചിട്ട് മന്ത്രവാദ ക്രിയ നടത്തുന്നതിനിടെയാണ് ദാരുണമായ സംഭവമുണ്ടായത്. മന്ത്രവാദത്തിനിടെ സ്ത്രീയുടെ നിലവിളി കേട്ട് ബന്ധുക്കള്‍ ഓടിയെത്തുമ്പോള്‍ ത്രിശൂലം കൊണ്ട് കുത്തിപ്പരിക്കേറ്റ നിലയിലായിരുന്നു റുധിനി ദേവി.

തുടര്‍ന്ന് ഗ്രാമവാസികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മന്ത്രവാദിനിയേയും ഭര്‍ത്താവിനേയും പൊലീസ് പിടികൂടുന്നത്.

കണ്ണിലും കാലിലും വയറിലും ത്രിശൂലം കൊണ്ടുളള നിരന്തരമായ കുത്തേറ്റാണ് രുധിനി ദേവി കൊല്ലപ്പെട്ടതെന്ന് പൊലീസ് പറയുന്നു. കൃത്യത്തിന് ഉപയോഗിച്ച ത്രിശൂലം പൊലീസ് കണ്ടെടുത്തു.

ബാധ കയറിയതുകൊണ്ടാണ് രോഗം മാറാത്തതെന്നും അവര്‍ക്കൊപ്പം കുറച്ചുനാള്‍ താമസിച്ച് ചില മന്ത്രവാദ ക്രിയകള്‍ നടത്തിയാല്‍ അസുഖം ഭേദമാകുമെന്നും മന്ത്രവാദിനി പറഞ്ഞ് വിശ്വസിപ്പിച്ചതായി ബന്ധുക്കള്‍ പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more