| Wednesday, 1st October 2025, 7:01 pm

സോറ 2; എ.ഐക്ക് മാത്രമായൊരു ടിക് ടോക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സാൻ ഫ്രാൻസിസ്‌കോ: ടിക് ടോക്കിനും ഇൻസ്റ്റാഗ്രാം റീൽസിനും യൂട്യൂബ് ഷോർട്ട്സിനും വെല്ലുവിളിയായി സോറ 2 ആപ് പുറത്തിറക്കി ഓപ്പൺ എ.ഐ.

വീഡിയോ നിർമിക്കാനുള്ള ഓപ്പൺ എ.ഐയുടെ ഏറ്റവും നൂതനമായ ആപ്പാണ് സോറ 2. ടെക്സ്റ്റ് പ്രോംപ്റ്റുകളിലൂടെ ഹൈ ക്വാളിറ്റി ഡെഫനിഷനിലുള്ള റിയലിസ്റ്റിക് വീഡിയോകൾ നിമിഷങ്ങൾക്കുള്ളിൽ സോറ 2 നിർമ്മിച്ചു തരുന്നു.

‘സർഗാത്മകതയ്ക്കായുള്ള ചാറ്റ് ജി.പി.ടി’ എന്നാണ് ഓപ്പൺ എ.ഐയുടെ സി.ഇ.ഒ സാം ആൾട്ട്മാൻ സോറ 2 വിനെ വിശേഷിപ്പിച്ചത്. ഗൂഗിൾ, മെറ്റ, ബൈറ്റ്ഡാൻസ് തുടങ്ങിയ ടെക് ഭീമന്മാരെ വെല്ലുവിളിച്ചാണ്
ഓപ്പൺ എ.ഐയുടെ സോറ 2 പുറത്തിറങ്ങുന്നത്.

കാമിയോസ് എന്ന ഫീച്ചർ സോറ 2 വിനെ മറ്റു വീഡിയോ ആപുകളിൽ നിന്നും വ്യത്യസ്തമാക്കുന്നു. ഉപയോക്താക്കൾക്ക് അവരുടെ രൂപവും ശബ്ദവും വീഡിയോകളിൽ ചേർക്കാൻ സാധിക്കുന്നു. ഐഡന്റിറ്റി വെരിഫിക്കേഷൻ വഴിയാണ് ഇത് സാധ്യമാകുന്നത്.

സോറ 2 വിൽ ഉപയോക്താക്കൾക്ക് ക്യാമറ റോളിൽ നിന്നുള്ള വീഡിയോകളും ഫോട്ടോകളുമുപയോഗിക്കാൻ സാധിക്കില്ല. തീർത്തും എ.ഐ ഉപയോഗിച്ചുള്ള കണ്ടെന്റുകളിലൂടെ മാത്രമേ വീഡിയോ നിർമിക്കാൻ സാധിക്കൂ.

ടിക് ടോക്കിനും ഇൻസ്റ്റഗ്രാം റീലിസിനും യൂട്യൂബ് ഷോർട്സിനും സമാനമായി വെർട്ടിക്കൽ രീതിയിലുള്ള ഫീഡുകളാണ് സോറയ്ക്കും.

നിലവിൽ ഐ.ഒ.എസ് ഉപയോക്താക്കൾക്ക് ആപ്പ് സ്റ്റോർ വഴി സോറ ആപ്പ് ഉപയോഗിക്കാൻ കഴിയും. അമേരിക്കയിലും കാനഡയിലും ആപ്പിളിന്റെ ആപ് സ്റ്റോർ വഴിയാണ് സോറ 2 പുറത്തിറങ്ങുന്നത്.

സോറയുടെ മുൻ മോഡലുകളെ അപേക്ഷിച്ച് റിയലിസത്തിനു പ്രാധാന്യം കൊടുത്താണ് സോറ 2 വിന്റെ വരവ്. ചെറിയ ചലനങ്ങൾ പോലും യഥാർത്ഥമായി തോന്നുന്ന വിധത്തിൽ വീഡിയോകൾ നിർമിക്കാൻ കഴിയുന്നു.

വീഡിയോയ്ക്ക് അനുയോജ്യമായ ശബ്ദങ്ങളും സംഭാഷണങ്ങളും സോറ 2 തന്നെ നിർമിച്ചു തരുന്നു. സിനിമാറ്റിക്, ആനിമേറ്റഡ്, കാർട്ടൂൺ, ഫോട്ടോറിയലിസ്റ്റിക് എന്നിങ്ങനെയുള്ള ദൃശ്യശൈലികൾ സോറ 2 ലഭ്യമാക്കുന്നുണ്ട്.

സ്വതന്ത്രമായി ഉപയോഗിക്കാൻ സാധിക്കുന്നതോടൊപ്പം ഡീപ് ഫേക്കുകൾ, തെറ്റിദ്ധാരണ പടർത്തുന്ന ഉള്ളടക്കങ്ങൾ എന്നിവ നിയന്ത്രിക്കുന്നതിനുള്ള സുരക്ഷാനടപടികളും നയങ്ങളും സോറ 2 വിലുണ്ടെന്നാണ് ഓപ്പൺ എ.ഐ അവകാശപ്പെടുന്നത്.

Content Highlight: Sora 2; A TikTok just for AI

We use cookies to give you the best possible experience. Learn more