| Sunday, 11th January 2026, 9:25 pm

ഒരു അഞ്ച് റണ്‍സ് കൂടി നേടാമായിരുന്നില്ലേ... ചരിത്രത്തില്‍ ഇടം നേടിയേനെ ഈ സെഞ്ച്വറി!

ശ്രീരാഗ് പാറക്കല്‍

ഡബ്ല്യു.പി.എല്ലില്‍ ഗുജറാത്ത് ജെയ്ന്റ്‌സും ദല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരം നവി മുംബൈയില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ദല്‍ഹി ഗുജറാത്തിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിലവില്‍ ബാറ്റ് അവസാനിച്ചപ്പോള്‍ 209 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു ഗുജറാത്ത്.

മത്സരത്തില്‍ ഗുജറാത്തിന്റെ സ്‌കോര്‍ ഉയര്‍ത്തിയത് ഓപ്പണറായ സോഫി ഡിവൈനായിരുന്നു. 42 പന്തില്‍ നിന്ന് എട്ട് കൂറ്റന്‍ സിക്‌സറും ഏഴ് ഫോറും ഉള്‍പ്പെടെ 95 റണ്‍സ് നേടിയായിരുന്നു സോഫിയുടെ മടക്കം. 226.19 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലായിരുന്നു സോഫി ബാറ്റ് വീശിയിരുന്നത്.

എന്നിരുന്നാലും വെറും അഞ്ച് റണ്‍സിന് താരത്തിന് നഷ്ടപ്പെട്ട സെഞ്ച്വറിയില്‍ ആരാധകരും നിരാശയിലാണ്. വിമണ്‍സ് പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ആദ്യ സെഞ്ച്വറി നേടുന്ന താരമാകാനുള്ള അവസരമായിരുന്നു ഈ ന്യൂസിലാന്‍ഡ് കാരിക്ക് നഷ്ടമായത്. ടൂര്‍ണമെന്റിന്റെ 2023 സീസണിലും സോഫി 99 റണ്‍സിന് പുറത്തായിരുന്നു. അന്ന് ആര്‍.സി.ബിയില്‍ കളിക്കുമ്പോള്‍ ഗുജറാത്തായിരുന്നു എതിരാളി.

2025ലെ സീസണില്‍ യു.പി വാരിയേഴ്‌സിന്റെ താരമായ ഓസ്‌ട്രേലിയക്കാരി ജോര്‍ജിയ വോളും ആര്‍.സി.ബിക്ക് എതിരെ 99* റണ്‍സ് നേടിയിരുന്നു. മാത്രമല്ല രണ്ടാം തവണയും സെഞ്ച്വറിക്കരികില്‍ വീഴുന്ന സോഫി ടൂര്‍ണമെന്റിലെ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ആറാമത്തെ താരം കൂടിയാണ്.

ഡബ്ല്യു.പി.എല്ലില്‍ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം, റണ്‍സ്, വര്‍ഷം

ജോര്‍ജിയ വോള്‍ – 99* – 2025

സോഫി ഡിവൈന്‍ – 99 – 2023

അലീസ ഹീലി – 96 – 2023

ബെത് മൂണി – 96* – 2025

ഹര്‍മന്‍ പ്രീത്കൗര്‍ – 95* – 2024

സോഫി ഡിവൈന്‍ – 95 – 2026

അതേസമയം മത്സരത്തില്‍ സോഫിക്ക് പുറമെ മിന്നും പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ ആഷ്‌ളി ഗാര്‍ഡ്ണറാണ്. 26 പന്തില്‍ 49 റണ്‍സാണ് താരം അടിച്ചെടുത്തത്. മൂന്ന് സിക്‌സും നാല് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

അതേസമയം ദല്‍ഹിക്ക് വേണ്ടി മിന്നും ബൗളിങ് പ്രകടനം നടത്തിയത് നന്ദനി ശര്‍മയാണ്. ഇന്നിങ്‌സിലെ അവസാന പന്തിലും വിക്കറ്റ് നേടി ഫൈഫറും അക്കൗണ്ടിലാക്കിയാണ് താരം കളം വിട്ടത്. ഹാട്രിക്ക് ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ വിക്കറ്റ് വേട്ട. സോഫി, കേശവീ ഗൗതം (14), കനിക അഹൂജ (4), രാജേശ്വരി ഗെയ്ക്വാദ് (0), രേണുക സിങ് (0) എന്നിവരെയാണ് താരം പുറത്താക്കിയത്. നന്ദനിക്ക് പുറമെ ചിനെല്ലി ഹെന്റി, ശ്രീ ചരണി എന്നിവര്‍ രണ്ട് വിക്കറ്റും ഷഫാലി വര്‍മ ഒരു വിക്കറ്റും നേടി.

Content Highlight: Sophie Devine Miss First Century In WPL

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more