| Thursday, 26th July 2012, 1:08 pm

എഴുത്തുകാരന്റെ കൈയ്യൊപ്പ്....

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബിംബാവലികളില്‍ മലയാളത്തിലെ രാജാവെന്നോ ചക്രവര്‍ത്തിയെന്നോ ഓ.വി. വിജയനെ വിളിക്കാന്‍ സാധിക്കും. ഖസാക്കിന്റെ ഇതിഹാസം സൃഷ്ടിക്കുന്ന വാക്കിന്‍ കൗതുകം വിട്ട് മലയാളിക്ക് ഇന്നും ഒരിഞ്ച് മുന്നേറാന്‍ സാധിച്ചിട്ടില്ല.


ടുനൈറ്റ് ഐ വില്‍ സിംഗ് ദി **** / സൂര്യന്‍

ഓരോ വാക്കുകള്‍ക്കും ഒരു ഓമന മുത്തം നല്‍കിയാണു എഴുത്തുകാരന്‍ അതിനെ വായനക്കാരനു നല്‍കുന്നത്. തന്റെ മനസ്സില്‍ രൂപപ്പെട്ടൊരു കഥ പറയുമ്പോള്‍ അയാളെ സഹായിക്കുന്നത് ഈ വാക്കുകളാണ്. വാക്കുകളുടെ ഒരു കളിസ്ഥലമാണ് ഓരോ കഥയും. ചില വാക്കുകള്‍ ധ്യാനാത്മകമായി ഇരിക്കുമ്പോള്‍ മറ്റുചിലവ കുട്ടികളെപ്പോലെ ഓടിക്കളിക്കുന്നുണ്ടാവും. ചില വാക്കുകള്‍ ഇടിമിന്നല്‍ പോലെ പറന്നിറങ്ങി കപടസദാചാരത്തിന്റെ മണ്ട തകര്‍ക്കുന്നുണ്ടാവും.. മറ്റുചില വാക്കുകള്‍ക്കിഷ്ടം മഴയായ് നിറയെ പെയ്യാനാവും..

[]

ഓരോ എഴുത്തുകാരനും അവന്റെ വാക്കുകളില്‍ ഹൃദയത്തിന്റെയോ തലച്ചോറിന്റെയോ അടയാളങ്ങള്‍ പതിപ്പിച്ചിരിക്കും.. വായനക്കാരന്‍ ആ വാക്കിന്‍ പാലത്തിലൂടെയാണ് എഴുത്തുകാരന്റെ മനസ്സിലേക്ക് കടന്നു ചെല്ലുക. എഴുതുന്ന എല്ലാ വാക്കുകളും സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരിക്കും. എന്നാല്‍ ഈ അടയാളങ്ങള്‍ മായ്ച്ചു കളയാന്‍ വാക്കുകള്‍ ശ്രമിക്കാറില്ല.

“അണ്ഡകടാഹം ” എന്നൊരു വാക്ക് ബഷീറിനല്ലാതെ മറ്റൊരാള്‍ക്കും അതേ തീവ്രതയോടെ അവതരിപ്പിക്കാന്‍ കഴിയില്ല. കശ്മലച്ചി, പഹയന്‍, ബെടക്കൂസ്… ഈ വാക്കുകള്‍ ബഷീറില്‍ നിന്നും ആര്‍ക്കും മോഷ്ടിക്കാന്‍ സാധിക്കില്ല. കാരണം അതിന്റെ പേറ്റന്റ് ബഷീര്‍ പണ്ടേ എടുത്തതാണ്. സാമ്രാജ്യത്ത്വത്തിന്റെ ഒരു മൂരാച്ചികള്‍ക്കും ഈ വാക്കുകള്‍ വഴങ്ങിക്കൊടുക്കുകയുമില്ല.

‘അണ്ഡകടാഹം ‘ എന്നൊരു വാക്ക് ബഷീറിനല്ലാതെ മറ്റൊരാള്‍ക്കും അതേ തീവ്രതയോടെ അവതരിപ്പിക്കാന്‍ കഴിയില്ല

വി.കെ.എന്‍ വാക്കുകളെ ഒരു മാടമ്പിയെപ്പോലെയാണു ഉപയോഗിച്ചത്. വാക്കുകളുടെ തുടയ്ക്ക് തല്ലിയും, തെറിവിളിച്ചും വി.കെ.എന്‍ അനുസരിപ്പിക്കും. വാക്കുകളോട് ഒരു ഫ്യൂഡല്‍ ജന്മിയെപ്പോലെയാണു വി.കെ.എന്‍ പെരുമാറിയിരുന്നത്. അതിനാല്‍ തന്നെ പയ്യനും, ചാത്തനും, വിഷയവും വി.കെ.എന്റെ മാത്രമായ് ഉജ്ജ്വലിച്ചു നിന്നു. വി.കെ.എന്നെ അനുകരിച്ച് ധാരാളം “വി.കെ.എന്മാ”ര്‍ ഉണ്ടാകാന്‍ ശ്രമിച്ചെങ്കിലും വാക്കുകള്‍ അവരുടെ തലക്ക് അടിയും കൊടുത്ത് അവരുടെ വഴിക്ക് പോവുകയാണുണ്ടായത്.

ബിംബാവലികളില്‍ മലയാളത്തിലെ രാജാവെന്നോ ചക്രവര്‍ത്തിയെന്നോ ഓ.വി. വിജയനെ വിളിക്കാന്‍ സാധിക്കും. ഖസാക്കിന്റെ ഇതിഹാസം സൃഷ്ടിക്കുന്ന വാക്കിന്‍ കൗതുകം വിട്ട് മലയാളിക്ക് ഇന്നും ഒരിഞ്ച് മുന്നേറാന്‍ സാധിച്ചിട്ടില്ല. കാലത്തിന്റെ ഗംഗാ തടാകം, വെള്ളത്തിന്റെ വില്ലീസു പടുത, ജന്മജന്മാന്തരങ്ങളുടെ ഇളവെയില്‍, പനന്തത്തകളുടെ ധനുസ്സുകള്‍ ,ദുരൂഹമായ ആഴങ്ങള്‍, ജലമുഖം, ബാല്യ വിശുദ്ധി, അനന്തമായ കാലത്തിന്റെ അനാസക്തി ഇങ്ങനെ വിജയന്‍ സൃഷ്ടിച്ച മാന്ത്രികതയില്‍ മനം മയങ്ങിയാണു മലയാളിയുടെ വായന രൂപപ്പെടുന്നത് തന്നെ.

എഴുത്തുകാര്‍ക്ക് മാത്രമല്ല, ഓരോ മനുഷ്യനും ഒരു ഭാഷാ രീതിയുണ്ട്. ഒരാള്‍ സംസാരിക്കുന്നതുപോലെ മറ്റൊരാള്‍ക്ക് ഒരിക്കലും അത് സാധിക്കില്ല. അനുകരണം സൂക്ഷ്മമായ് പരിശോധിക്കപ്പെട്ടാല്‍ കള്ളത്തരം തിരിച്ചറിയാന്‍ സാധിക്കും. ഒരു വാക്ക് രൂപപ്പെടുന്നത് മനസ്സിലെ നിരവധി വികാരങ്ങളുടെയും ചിന്തയുടെയും ഭാഗമായാണ്. ഒരു കുഞ്ഞിനെ അമ്മ പേരു വിളിക്കുമ്പോള്‍, അതില്‍ നിറഞ്ഞിരിക്കുന്ന സ്‌നേഹവും വാല്‍സല്യവും മറ്റൊരാള്‍ പേരു വിളിക്കുമ്പോള്‍ ഉണ്ടാവുന്നില്ല. അതുകൊണ്ടാണു “ജി”യുടെ കവിത ഇങ്ങനെ പെയ്യുന്നതും…

“നേരു പറയണമങ്ങു വിളിക്കയെന്‍
പേരുമധുരമായ് തീരുന്നതെങ്ങനെ..?”

പല കാമുകിമാരും ഈ വരികള്‍ കാമുകന്റെ കാതില്‍ ചൊല്ലുന്നതും. പ്രണയമില്ലാത്തൊരുവന്‍ തന്റെ പേരു വിളിച്ചാല്‍ അത് തിരിച്ചറിയാന്‍ ഓരോ കാമുകിയും പഠിക്കേണ്ടിയിരിക്കുന്നു.

ആര്‍ക്കും ആരുടെയും വാക്കുകള്‍ മോഷ്ടിക്കാന്‍ സാധിക്കില്ല. അങ്ങനെ മോഷ്ടിച്ചാല്‍ ആ വാക്കുകള്‍ കരഞ്ഞ് നിലവിളിച്ച് വായനക്കാരനോട് പറയുന്നുണ്ടാവും ഞാന്‍ ഇയാളുടേതല്ല എന്നും മറ്റുചിലപ്പോള്‍ വാക്കുകള്‍ ഒരു വിപ്ലവകാരിയെപ്പോലെ മുദ്രാവാക്യം മുഴക്കുകയും സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്യും.

ആര്‍ക്കും ആരുടെയും വാക്കുകള്‍ മോഷ്ടിക്കാന്‍ സാധിക്കില്ല. അങ്ങനെ മോഷ്ടിച്ചാല്‍ ആ വാക്കുകള്‍ കരഞ്ഞ് നിലവിളിച്ച് വായനക്കാരനോട് പറയുന്നുണ്ടാവും ഞാന്‍ ഇയാളുടേതല്ല എന്ന്

സ്വന്തമായ് കൂടു തീര്‍ക്കുന്നവര്‍ക്കും അവിടെ വാക്കിന്‍ മുട്ടകള്‍ അടവെച്ചുവിരിയിക്കുന്നവര്‍ക്കും മാത്രമേ എഴുത്തിന്റെയും സാഹിത്യത്തിന്റെയും ശോഭയില്‍ നില്‍ക്കാന്‍ സാധിക്കൂ.. !

കൂവിത്തുടങ്ങുമ്പോള്‍ കുയില്‍ പാട്ട് കാക്കക്കരച്ചിലില്‍ നിന്നും വേറിട്ട് നില്‍ക്കുകയും , കുയിലിനു മാന്തളിരു തേടി പറന്ന് പോവേണ്ടിയും വരും. കാക്കകള്‍ എച്ചിലുകള്‍ കൊത്തിപ്പെറുക്കാനും.

മലയാളത്തില്‍ ഒരു വി.കെ.എന്നും ഒരു ബഷീറും ഒരു ഒ.വി വിജയനും ഒരു അയ്യപ്പനും മാത്രം ഉണ്ടായത് അതിനാലാണ്.. അവര്‍ സ്വന്തമായ് കൂടുകെട്ടി വാക്കിന്‍ മുട്ടകള്‍ വിരിയിച്ച് പഞ്ചവര്‍ണ്ണതത്തകളെ മാനത്ത് പറത്തിയവരാണ്..!


“ടുനൈറ്റ് ഐ വില്‍ സിംഗ് ദി ****”, മുന്‍ അദ്ധ്യായങ്ങള്‍:

മാര്‍ക്കേസെന്ന കമ്യൂണിസ്റ്റ് മാന്ത്രികനും ബഷീറെന്ന സൂഫി മാന്ത്രികനും

ഹവ്വാച്ചീ’സ് പെര്‍ഫോമന്‍സ്…

മരം പറയുന്നത്

പുഴയുടെ സ്വാതന്ത്ര്യസമരം….

Latest Stories

We use cookies to give you the best possible experience. Learn more