| Monday, 5th October 2026, 2:37 pm

വമ്പൻ തിരിച്ചുവരവിനൊരുങ്ങി സ്കൈ; വെളിപ്പെടുത്തലുമായി മുംബൈ ക്രിക്കറ്റ് അസോസിയേഷൻ

അഞ്ജലി പി.കെ.

2026-27 ലെ രഞ്ജി ട്രോഫിയിൽ പങ്കെടുക്കാൻ സന്നദ്ധത അറിയിച്ച് മുൻ ഇന്ത്യൻ ടി-20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. 36 കാരനായ താരം 2026 ലെ ഇന്ത്യൻ പ്രീമിയർ ലീഗിന് ശേഷം ക്രിക്കറ്റ് കളിച്ചിട്ടില്ല. അതിന് പിന്നാലെയാണ് ആഭ്യന്തര ക്രിക്കറ്റിലേക്ക് സ്കൈ എത്തുന്നത്.

ഒക്ടോബർ 11 ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ  ചണ്ഡിഗഡിനെതിരെയാണ് മുംബൈയെ പ്രതിനിതീകരിച്ച് താരം കളത്തി ലിറങ്ങുന്നത്. മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് അജിങ്ക്യ നായിക്കിനെ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് ഇത്തരമൊരു കാര്യം തുറന്ന് പറഞ്ഞത്.

2025 ഫെബ്രുവരിയിൽ നാഗ്പൂരിൽ വിദർഭയ്‌ക്കെതിരെയായിരുന്നു സൂര്യ മുംബൈക്കു വേണ്ടിയുള്ള അവസാന റെഡ്-ബോൾ മത്സരം കളിച്ചത്.
86 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 42.33 ശരാശരിയിൽ 5,758 റൺസ് സൂര്യകുമാർ നേടിയിട്ടുണ്ട്. 144 ഇന്നിങ്‌സുകളിൽ നിന്ന് 14 സെഞ്ച്വറികളും 30 അർദസെഞ്ച്വറികളും അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്. അതുകൊണ്ട് തന്നെ സൂര്യകുമാറിന്റെ സാന്നിധ്യം സീസണിൽ മുംബൈയുടെ സാധ്യത വർദ്ധിപ്പിക്കും എന്ന പ്രതീക്ഷയാണ് നൽകുന്നത്.

സൂര്യകുമാർ യാദവ്.

2026 ടി-20 ലോകകപ്പിന് ശേഷം സൂര്യകുമാർ യാദവിനെ ഇന്ത്യൻ ടീമിൽ നിന്നും പുറത്താക്കിയിരുന്നു. രഞ്ജി ട്രോഫി ആഭ്യന്തര ക്രിക്കറ്റിലൂടെ മികച്ച പ്രകടനം കാഴ്ചവെച്ച് തിരിച്ച് വരാനാണ് താരം ലക്ഷ്യമിടുന്നത്.

എന്നിരുന്നാലും മുൻ മുംബൈ ക്യാപ്റ്റനും ഓൾറൗണ്ടറുമായ ഷർദുൽ താക്കൂറിനേറ്റ പരിക്ക് ടീമിന് തിരിച്ചടിയാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മികവ് കാട്ടുന്ന ഷർദുലിന് വരാനിരിക്കുന്ന ചില മത്സരങ്ങൾ ഇതുമൂലം നഷ്ടമാകും. പരിശീലനത്തിനിടെ ആയുഷ് മാത്രെയുടെ ഒരു ഷോട്ട് കൈയിൽ തട്ടിയാണ്  34-കാരനായ ഷർദുലിന് പരിക്കേറ്റത്.

ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മികവ് കാട്ടുന്ന ഷാർദുലിന്റെ അഭാവം മുംബൈ ടീമിന് തിരിച്ചടിയാണ്. കഴിഞ്ഞ സീസണിൽ ആറ് മത്സരങ്ങളിൽ നിന്ന് 130 റൺസും 13 വിക്കറ്റും അദ്ദേഹം നേടിയിരുന്നു. ഷർദുലിന്റെ അഭാവത്തിൽ തുഷാർ ദേശ്പാണ്ഡെയായിരിക്കും മുംബൈയുടെ പേസ് നിരയ്ക്ക് നേതൃത്വം നൽകുക. ബെംഗളൂരുവിൽ നോർത്ത് സോണിനെതിരെ വെസ്റ്റ് സോണിനു വേണ്ടിയായിരുന്നു ഷർദുൽ അവസാനമായി കളിച്ചത്.

Content Highlights: Soorya Kumar Yadav will Play Ranji Trophy in 2026-27 Season

അഞ്ജലി പി.കെ.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്നി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദവും മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദവും നേടി.

Latest Stories

We use cookies to give you the best possible experience. Learn more