| Tuesday, 1st September 2026, 5:30 pm

എന്റെ ഷര്‍ട്ട് അഴിച്ച് ആ നടന് കൊടുക്കാന്‍ ഡയറക്ടര്‍ പറഞ്ഞു, വെറും തോര്‍ത്ത് മാത്രം ഉടുത്ത് സ്വന്തം ഡ്രസ് തിരഞ്ഞ അനുഭവം മറക്കില്ല: സൂരി

അമര്‍നാഥ് എം.

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വര്‍ഷങ്ങളോളം സിനിമയുടെ പിന്നാമ്പുറത്ത് ഒതുക്കിനിര്‍ത്തപ്പെട്ട നടനാണ് സൂരി. പിന്നീട് കോമഡി താരമായി ശ്രദ്ധ നേടിയ സൂരി ഇന്ന് തമിഴിലെ ഗംഭീര നടന്മാരുടെ പട്ടികയില്‍ ഇടംപിടിച്ചു. വിടുതലൈയിലൂടെ തന്നിലെ നടനെ തേച്ചുമിനുക്കിയ അദ്ദേഹം പുതിയ ചിത്രമായ മണ്ടാടിയിലൂടെ ഞെട്ടിക്കാനൊരുങ്ങുകയാണ്.

ഒരുപാട് കഷ്ടപ്പാടുകളും അവഗണനകളും സഹിച്ചാണ് ഇന്ന് കാണുന്ന നിലയില്‍ എത്തിയതെന്ന് പറയുകയാണ് സൂരി. ഡയലോഗ് പോലുമില്ലാതെ വര്‍ഷങ്ങളോളം ആള്‍ക്കൂട്ടത്തില്‍ ഒരാളായി അഭിനയിക്കേണ്ടി വന്നിട്ടുണ്ടെന്ന് അദ്ദേഹം ഓര്‍ത്തെടുക്കുന്നു. ഡയലോഗുള്ള സീനുകളെല്ലാം പലപ്പോഴും കട്ട് ചെയ്ത അവസ്ഥയുണ്ടായിട്ടുണ്ടെന്നും സൂരി പറഞ്ഞു.

ചില സിനിമകളില്‍ അതിന്റെ അണിയറപ്രവര്‍ത്തകര്‍ പരസ്യമായി അവഗണിച്ചിട്ടുണ്ടായിരുന്നെന്നും അദ്ദേഹം പറയുന്നു. മറ്റുള്ളവരെക്കാള്‍ നന്നായി താന്‍ പെര്‍ഫോം ചെയ്യുമ്പോള്‍ അത് ഇഷ്ടമാകാത്തവര്‍ ഉണ്ടായിരുന്നെന്നും സൂരി കൂട്ടിച്ചേര്‍ത്തു. ഒരു സിനിമയില്‍ തന്നെ മുന്‍നിരയില്‍ നിന്ന് പിന്നിലേക്ക് മാറ്റി നിര്‍ത്തിയിട്ടുണ്ടായിരുന്നെന്നും താരം പറഞ്ഞു.

‘ഒരു സിനിമയിലേക്ക് എന്നെ വിളിച്ചു. വലിയൊരു കോമഡി നടന്റെ കൂടെയാണ് അഭിനയിക്കാനുണ്ടായിരുന്നത്. ഷൂട്ട് കഴിഞ്ഞ് മോണിറ്റര്‍ നോക്കി. സംവിധായകനും ആ വലിയ നടനും മോണിറ്റര്‍ നോക്കിയ ശേഷം എന്തൊക്കെയോ സംസാരിച്ചു. എന്നിട്ട് എന്റെ ഷര്‍ട്ട് അഴിച്ച് വേറൊരു നടന് കൊടുക്കാന്‍ പറഞ്ഞു. അയാള്‍ റെക്കമെന്‍ഡേഷനില്‍ വന്നതായിരുന്നു.

സ്വന്തം ഡ്രസ് ഇട്ടിട്ടാണ് ഞാന്‍ ഷൂട്ടിന് പോയത്. ഷൂട്ട് കഴിഞ്ഞപ്പോള്‍ ആ ഡ്രസ് ആരോ കോസ്റ്റിയൂം വെഹിക്കിളിലേക്ക് വലിച്ചെറിഞ്ഞു. ഒരു ടവല്‍ മാത്രം ഉടുത്തുകൊണ്ട് ആ വണ്ടിയില്‍ എന്റെ ഡ്രസ് തിരഞ്ഞ ദിവസം ജീവിതത്തില്‍ ഒരിക്കലും മറക്കില്ല. എത്രമാത്രം അപമാനമാണെന്ന് ഒന്ന് ആലോചിച്ച് നോക്കൂ. എന്നെ വല്ലാതെ വേദനിപ്പിച്ച അനുഭവമായിരുന്നു അത്,’ സൂരി പറയുന്നു.

മതിമാരന്‍ പുഗഴേന്തി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ മണ്ടാടി റിലീസിന് തയാറെടുക്കുകയാണ്. ചിത്രത്തിനായി സൂരി നടത്തിയ കഷ്ടപ്പാടുകളെല്ലാം വലിയ വാര്‍ത്തയായിരുന്നു. തെലുങ്ക് താരം സുഹാസ്, ആവേശത്തിലൂടെ ശ്രദ്ധ നേടിയ മിഥുന്‍ ജയ്ശങ്കര്‍, മഹിമ നമ്പ്യാര്‍, സത്യരാജ് തുടങ്ങി വലിയ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നു.

Content Highlight: Soori shares an insulting experience he faced

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more