| Friday, 24th October 2025, 11:31 am

തിണ്ണയില്‍ കിടന്നവന് പെട്ടെന്ന് വന്ന ഭാഗ്യം, സൂരിയുടെ ദീപാവലി പോസ്റ്റിന് അധിക്ഷേപ കമന്റ്, പ്രകോപിതനാകാതെ താരത്തിന്റെ മറുപടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വര്‍ഷങ്ങളോളം ചെറിയ വേഷങ്ങളില്‍ മാത്രം തളച്ചിടപ്പെട്ട നടനായിരുന്നു സൂരി. വെട്രിമാരന്‍ സംവിധാനം ചെയ്ത വിടുതലൈയിലൂടെ മികച്ച നടനാണ് താനെന്ന് സൂരി തെളിയിച്ചു. ഇന്ന് തമിഴിലെ മിനിമം ഗ്യാരണ്ടിയുള്ള നടന്മാരില്‍ ഒരാളായി സൂരി മാറി. തന്റെ കുടുംബവുമായി ദീപാവലി ആഘോഷിക്കുന്നതിന്റെ ഫോട്ടോ സൂരി കഴിഞ്ഞദിവസം പങ്കുവെച്ചിരുന്നു.

തന്റെ സ്വന്തം മണ്ണായ രാജക്കൂറില്‍ കുടുംബത്തോടൊപ്പം ദീപാവലി ആഘോഷം എന്ന ക്യാപ്ഷനോടെയാണ് ഫോട്ടോ പങ്കുവെച്ചത്. എന്നാല്‍ ഫോട്ടോയുടെ താഴെ ഒരാള്‍ സൂരിയെ അധിക്ഷേപിച്ച് കമന്റ് ചെയ്തു. ‘തിണ്ണയിലെ കിടന്തവനുക്ക് തിട്ടുക്കുന്ന് വന്തിച്ചാം വാഴ്‌ക്കൈ (തിണ്ണയില്‍ കിടന്നവന് പെട്ടെന്ന് വന്ന മെച്ചപ്പെട്ട ജീവിതം) എന്നാണ് കമന്റ്. വി.ജെ ദുരൈ എന്ന ഐ.ഡിയാണ് കമന്റ് പങ്കുവെച്ചത്. എന്നാല്‍ ഇത്രയും വലിയ അധിക്ഷേപത്തിന് വളരെ പക്വതയുള്ള മറുപടിയാണ് സൂരി നല്‍കിയത്.

‘തിണ്ണയില്‍ മാത്രമല്ല സുഹൃത്തേ, പല ദിവസങ്ങളിലും രാത്രി റോഡില്‍ തങ്ങിയവനാണ് ഞാന്‍. ആ വഴികളാണ് എനിക്ക് ജീവിതത്തിന്റെ സത്യവും മൂല്യവും പഠിപ്പിച്ചു തന്നത്. നീയും നിന്റെ വളര്‍ച്ചയില്‍ വിശ്വസിച്ചാല്‍ തീര്‍ച്ചയായും നിന്നെയും വിജയം തേടിവരും’ എന്നാണ് സൂരി കമന്റിന് നല്‍കിയ മറുപടി. താരത്തിന്റെ മറുപടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറി.

കമന്റിനെ സൂരി നേരിട്ട രീതിയാണ് പലരുടെയും കൈയടി സ്വന്തമാക്കിയത്. എല്ലാ നടന്മാരുടെ പോസ്റ്റിനും ഇത്തരത്തില്‍ അധിക്ഷേപ കമന്റിടുന്ന ഇതുപോലുള്ള ആളുകളെ മൈന്‍ഡ് ചെയ്യാതിരിക്കാമായിരുന്നെന്നും എന്നാല്‍ അയാളെ കൃത്യമായി ഉപദേശിച്ച് വിട്ടത് നന്നായെന്നുമാണ് കൂടുതല്‍ ആളുകളും അഭിപ്രായപ്പെടുന്നത്.

കഷ്ടപ്പെട്ട് ജീവിതത്തില്‍ വിജയിക്കുന്നവരെ പുച്ഛിക്കുന്ന ഇത്തരം ആളുകള്‍ സമൂഹത്തില്‍ ഒരുപാടുണ്ടെന്നും അവര്‍ക്ക് കൂടിയുള്ള മറുപടിയാണ് സൂരി നല്‍കിയതെന്നും നിരവധിയാളുകള്‍ അഭിപ്രായപ്പെടുന്നു. കമന്റ് പിന്നീട് നീക്കം ചെയ്‌തെങ്കിലും അതിന്റെ സ്‌ക്രീന്‍ഷോട്ട് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറി.

ലൈറ്റ് ബോയ്, ജൂനിയര്‍ ആര്‍ട്ടിസ്റ്റ് എന്നീ മേഖലയില്‍ ഒരുപാട് കാലം പണിയെടുത്ത സൂരി 2010ല്‍ പുറത്തിറങ്ങിയ വെണ്ണിലാ കബഡി കുഴു എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ താരം പ്രത്യക്ഷപ്പെട്ടു. വിടുതലൈ, ഗരുഡന്, കൊട്ടുകാളി എന്നീ സിനിമകള്‍ സൂരിയുടെ ആക്ടിങ് റേഞ്ച് എടുത്തുകാണിച്ചവയാണ്.

Content Highlight: Soori replied to the hatred comment on his Diwali post

We use cookies to give you the best possible experience. Learn more