| Thursday, 10th September 2026, 2:28 pm

മമ്മൂട്ടി സാര്‍ സൂര്യ എന്ന് വിളിക്കുന്നത് കേട്ടിട്ടാണ് എന്റെ പേരും അങ്ങനെയാക്കിയത്, പിന്നീടത് സൂരി എന്ന് മാറ്റി: സൂരി

അമര്‍നാഥ് എം.

തമിഴ് സിനിമയെ ഞെട്ടിച്ച ട്രാന്‍സ്‌ഫോര്‍മേഷനാണ് സൂരിയുടേത്. വര്‍ഷങ്ങളോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റായി നിന്ന സൂരി പതിയെയാണ് മുന്‍നിരയിലേക്കെത്തിയത്. കോമഡി റോളുകളില്‍ മാത്രം തളച്ചിടപ്പെട്ട സൂരി വിടുതലൈയിലൂടെ സീരിയസ് റോളും തനിക്ക് ചേരുമെന്ന് തെളിയിച്ചു. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ മണ്ടാടി തിയേറ്ററുകളിലെത്തിയിരിക്കുകയാണ്.

ചെറുപ്പം മുതല്‍ സിനിമയോട് അടങ്ങാത്ത ആഗ്രഹമുണ്ടായിരുന്നെന്നും എങ്ങനെയെങ്കിലും സിനിമയില്‍ കയറിപ്പറ്റണമെന്നായിരുന്നു ആഗ്രഹമെന്നും പറയുകയാണ് സൂരി. രാമകൃഷ്ണന്‍ മുത്തുച്ചാമി എന്ന പേര് സൂരിയായി മാറിയ കഥയും അദ്ദേഹം പങ്കുവെച്ചു. കുട്ടിക്കാലം മുതല്‍ രജിനികാന്തിന്റെ വലിയ ആരാധകനായിരുന്നു താനെന്നും എല്ലാ സിനിമയും തിയേറ്ററില്‍ പോയി കാണുമായിരുന്നെന്നും താരം പറഞ്ഞു.

സൂരി Photo: Screen grab/ Pearley Maaney

ദളപതി എന്ന സിനിമയാണ് തന്റെ പേര് മാറ്റാന്‍ കാരണമെന്ന് സൂരി പറയുന്നു. രജിനികാന്തിനെ കാണാന്‍ വേണ്ടി മാത്രമാണ് താന്‍ ദളപതിക്ക് ടിക്കറ്റെടുത്തതെന്നും മമ്മൂട്ടി വരുന്ന ആദ്യത്തെ സീനിലെല്ലാം താന്‍ നല്ലവണ്ണം കൂവിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പേര്‍ളി മാണിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘രജിനി സാറിനെപ്പോലെ ഇംപോര്‍ട്ടന്റായിട്ടുള്ള റോളാണ് മമ്മൂട്ടി സാറിനെന്ന് പിന്നീട് മനസിലായി. ദേവ- സൂര്യ ഫ്രണ്ട്ഷിപ്പ് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. അതിലും മമ്മൂട്ടി സാര്‍ ‘സൂര്യ’ എന്ന് വിളിക്കുന്ന രീതി എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ ആ വിളിയില്‍ എന്തോ ഒരു പവറുണ്ടെന്ന് തോന്നി. മമ്മൂട്ടി സാറിന് മാത്രമേ അത് പറ്റുള്ളൂ.

പടം കണ്ട് ഇറങ്ങിയതിന് ശേഷവും സൂര്യ എന്ന പേരിനോട് എനിക്ക് വല്ലാത്ത ഇഷ്ടം തോന്നി. അതുകൊണ്ടാണ് എന്റെ പേര് സൂര്യ എന്ന് മാറ്റിയത്. മമ്മൂട്ടി സാറാണ് പേര് മാറ്റാന്‍ കാരണമെന്ന് പറയാം. പിന്നീട് സിനിമയില്‍ നല്ല വേഷങ്ങള്‍ കിട്ടി തുടങ്ങി. സൂര്യ ഓള്‍റെഡി അവിടെ സ്റ്റാറായതുകൊണ്ട് ആ പേരിനെ വീണ്ടും മാറ്റി സൂരി എന്നാക്കി,’ സൂരി പറയുന്നു.

പായ്‌വഞ്ചി റേസിനെ ആസ്പദമാക്കി മതിമാരന്‍ പുഗഴേന്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് മണ്ടാടി. വെട്രിമാരന്‍ അവതരിപ്പിക്കുന്ന ചിത്രത്തിനായി സൂരി നടത്തിയ കഷ്ടപ്പാടുകള്‍ സിനിമാപേജുകളില്‍ വലിയ ചര്‍ച്ചയായിരുന്നു. തെലുങ്ക് താരം സുഹാസാണ് ചിത്രത്തിലെ വില്ലന്‍. ആവേശം ഫെയിം മിഥുന്‍ ജയ് ശങ്കറും മഹിമ നമ്പ്യാരും മണ്ടാടിയില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്.

Content Highlight: Soori explains why changed his name

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more