| Saturday, 30th August 2025, 10:34 pm

ഒരു കലാകാരന്‍ എന്ന നിലയില്‍ ഞാന്‍ ആഗ്രഹിക്കുന്നത് അങ്ങനെയുള്ള ജനങ്ങളെയാണ്: സൂരജ് സന്തോഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളിക്ക് സുപരിചിതനും പ്രിയങ്കരനുമായ പിന്നണി ഗായകനാണ് സൂരജ് സന്തോഷ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ ഗാനം ആലപിച്ച അദ്ദേഹം വിഷ്ണു വിജയ് സംഗീതം നല്‍കിയ ഗപ്പിയിലെ ‘തനിയെ’ എന്ന ഗാനത്തിന് മികച്ച പിന്നണി ഗായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും സ്വന്തമാക്കിയിരുന്നു

മാലിക്കിലെ തീരമേ, അമ്പിളിയിലെ ആരാധികേ എന്നിങ്ങനെ നെഞ്ചോട് ചേര്‍ന്ന് കിടക്കുന്ന നിരവധി പാട്ടുകളിലെ ശബ്ദം സൂരജിന്റേതാണ്. ഇപ്പോള്‍ റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഒരു കണ്‍സേര്‍ട്ടില്‍ പാട്ടുപാടിയപ്പോഴുണ്ടായ അനുഭവം പങ്കുവെക്കുകയാണ് സൂരജ് സന്തോഷ്

‘കൊച്ചിയില്‍ ഒരു പരിപാടിക്കിടെ ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. സങ്കടമുള്ള പരിപാടിയായി പോയി, ഒരു മൂന്ന് പാട്ട് പാടിയപ്പോഴേക്കും ആള്‍കൂട്ടം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. അതിന് ആരെയാണ് കുറ്റപ്പെടുത്തേണ്ടതെന്ന് അറിയില്ല. അതിനുള്ള സൗകര്യം ഒരുക്കാന്‍ അവിടെയുള്ളവര്‍ ബാധ്യസ്ഥരാണ്. അന്ന് എന്തുകൊണ്ടോ അത് സംഭവിച്ചില്ല. അന്ന് ആ കണ്‍സേര്‍ട്ട് നിര്‍ത്തേണ്ടി വന്നിട്ടുണ്ട്.

എനിക്ക് ബെംഗളൂരു പോലുള്ള നഗരങ്ങളില്‍ നല്ല ആള്‍കൂട്ടം എപ്പോഴും ഉണ്ടാകാറുണ്ട്. അവിടെ വരുന്ന ജനങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഇഷ്ട ഗാനം കേള്‍ക്കാന്‍ വരുന്ന ക്രൗഡ് അല്ല. നമ്മള്‍ എന്താണോ ഓഫര്‍ ചെയ്യുന്നത്, ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ നമ്മള്‍ക്ക് എന്താണോ അവരോട് പറയാനുള്ളതെന്ന് കേള്‍ക്കാന്‍ വരുന്ന ആള്‍കൂട്ടമാണ്. അങ്ങനെയുള്ളവരുടെ ഇടയില്‍ പെര്‍ഫോം ചെയ്യാന്‍ എനിക്ക് നല്ല താത്പര്യമാണ്.

മറ്റേതിനെ ഞാന്‍ കുറ്റപ്പെടുത്തുകയല്ല. തീര്‍ച്ചയായും ഇഷ്ടമുള്ള പാട്ട് കേള്‍ക്കാന്‍ വരുന്ന ജനതയുണ്ട്. അത് നമ്മള്‍ അവര്‍ക്ക് കൊടുക്കുമായിരിക്കും. പക്ഷേ അതിനുപരിയായി എന്താണ് നമ്മള്‍ പറയാന്‍ ശ്രമിക്കുന്നതെന്ന് അവര്‍ അറിയണം. ഒരു കലാകാരന്‍ അല്ലെങ്കില്‍ ഒരു ഇന്‍ഡിപെന്ററ്റ് മ്യൂസിഷേന്‍ എന്ന നിലയില്‍ ഞാന്‍ ആഗ്രഹിക്കുന്നത് അങ്ങനെയുള്ള ജനങ്ങളെയാണ്,’ സൂരജ് സന്തോഷ് പറയുന്നു.

Content Highlight:  Sooraj Santosh shares his experience singing at a concert in kochi 

We use cookies to give you the best possible experience. Learn more