| Saturday, 7th February 2026, 10:59 pm

'കുഞ്ഞിക്കവിള്‍ മേഘമേ'യുടെ വരികള്‍ വ്യത്യസ്തം; ഇവിടെ മലയാളം ഉരുട്ടിയുരുട്ടി പറയണമായിരുന്നു: സൂരജ് സന്തോഷ്

ഐറിന്‍ മരിയ ആന്റണി

അമ്പിളിക്ക് ശേഷം ജോണ്‍ പോള്‍ ജോര്‍ജിന്റെ സംവിധാനത്തില്‍ കഴിഞ്ഞ ദിസവം തിയേറ്ററുകളിലെത്തിയ ചിത്രമാണ് ആശാന്‍. ഗപ്പി സിനിമാസിന്റെ ബാനറില്‍ ജോണ്‍ പോളും അന്നം ജോണ്‍ പോളും ചേര്‍ന്ന് നിര്‍മിച്ച ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരുടെയിടയില്‍ നിന്ന് വരുന്നത്. ഇന്ദ്രന്‍സും ജോമോന്‍ ജ്യോതിറുമാണ് സിനിമയില്‍ പ്രധാനവേഷങ്ങളിലെത്തിയത്.

സിനിമയുടെ റിലീസിന് മുമ്പേ ചിത്രത്തിലെ ‘കുഞ്ഞിക്കവിള്‍ മേഘമേ’ എന്ന ഗാനം റിലീസ് ചെയ്യുകയും പിന്നീട് ആ ഗാനം സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങാകുകയും ചെയ്തിരുന്നു. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സൂരജ് സന്തോഷിന്റെ ആലാപനം കൂടിയായപ്പോള്‍ പ്രേക്ഷകര്‍ ആ ഗാനത്തെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു.

ജോണ്‍ പോള്‍ ജോര്‍ജ് ആദ്യമായി സംഗീത സംവിധാനം നിര്‍വഹിച്ച ഗാനം കൂടിയായിരുന്നു ‘കുഞ്ഞിക്കവിള്‍ മേഘമേ’. ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തില്‍ ആശാനിലെ ഈ ഗാനത്തെ കുറിച്ച് സംസാരിക്കുകയാണ് സൂരജ് സന്തോഷ്.

‘ ഞാനായിട്ട് ഈ ഗാനത്തെ പാടി പൊലിപ്പിക്കുകയൊന്നും വേണ്ടിയിരുന്നില്ല. ഈ പാട്ടിന്റെ സിങ്ങിങ് അപ്രോച്ച് കുറച്ച് വ്യത്യസ്തമാണ്. ഈ വരികള്‍ കണ്ടപ്പോള്‍ മലയാളം വളരെ ഉരുട്ടി ഉരുട്ടി പറയണമെന്ന് എനിക്ക് തോന്നി. അങ്ങനെ സാധാരണ പാട്ടുകളില്‍ ഉരുട്ടിയുരുട്ടി ഭാഷ പറയാറില്ല. അങ്ങനെ ഉരുട്ടി പാടിയാല്‍ ഭംഗിയുണ്ടാകില്ലെന്ന് പലയിടത്തും തോന്നാറുണ്ട്.

കുഞ്ഞിക്കവിള്‍ മേഘമേയുടെ വരികള്‍ പക്ഷേ ഉരുട്ടികൊണ്ടാണ് പറഞ്ഞത് ‘ചുളിവുകളേറെ ഭംഗി പകരും’ എന്നാണ് പറയുന്നത്. അത്രയും നീട്ടി പറയണോന്ന് ചോദിച്ചാല്‍ അതിന്റെ ആവശ്യമില്ല. പക്ഷേ ഈ ഗാനത്തിന് അങ്ങനെയൊരു സമീപനം കൊണ്ടുവരാമെന്ന് തോന്നി,’ സൂരജ് സന്തോഷ് പറയുന്നു.

പാടി വന്നപ്പോള്‍ ഇന്‍ഡ്രസ്റ്റിങ്ങായി തോന്നിയെന്നും റെക്കോര്‍ഡിങ് തുടങ്ങി കുറച്ച് കഴിഞ്ഞപ്പോഴാണ് താന്‍ പാട്ടിനകത്തേക്ക് ഇന്‍ ആയതെന്നും പിന്നീട് പാടാന്‍ എളുപ്പമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹിറ്റാകുന്നതിലുപരി നല്ലൊരു കോമ്പോസിഷന്റെ ഭാഗമാകാന്‍ കഴിഞ്ഞതാണ് തന്നെ സന്തോഷിപ്പിക്കുന്നതെന്നും സൂരജ് കൂട്ടിച്ചേര്‍ത്തു.

സിനിമയ്ക്കുള്ളിലെ കഥ പറയുന്ന ചിത്രമായാണ് ആശാന്‍ ഒരുങ്ങിയത്. ഇന്ദ്രന്‍സ് നായകവേഷത്തിലെത്തുന്ന ആദ്യ കൊമേഴ്ഷ്യല്‍ സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ടായിരുന്നു. ഇന്ദ്രന്‍സ് എന്ന നടനുള്ള ട്രിബ്യൂട്ട് സോങായാണ് കുഞ്ഞിക്കവിള്‍ മേഘമേ എത്തിയത്.

Content Highlight:  Sooraj Santhosh on the song Kunjikkavil Meghame from the movie Aashan

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more