ഈ വര്‍ഷം തെലുങ്കിലെ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടിയ ചിത്രമാണ് പെദ്ദി. റാം ചരണിനെ നായകനാക്കി ബുച്ചി ബാബു സന സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. 300 കോടി മുടക്കി ഒരുക്കിയ ചിത്രം 350 കോടിയാണ് നേടിയത്. കഴിഞ്ഞദിവസം പെദ്ദി ഒ.ടി.ടിയിലും സ്ട്രീമിങ് ആരംഭിച്ചിരുന്നു.
നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിങ് ആരംഭിച്ച സിനിമ ഇപ്പോള്‍ എയറില്‍ പറക്കുകയാണ്. ഈ വര്‍ഷത്തെ ഏറ്റവും മോശം സിനിമയെന്നാണ് പലരും പെദ്ദിയെ വിശേഷിപ്പിക്കുന്നത്. 2x സ്പീഡില്‍ ഇട്ടിട്ടും സിനിമ കണ്ടുതീര്‍ക്കാന്‍ പാടുപെട്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. തിയേറ്ററില്‍ ഈ സിനിമക്ക് തല വെച്ചവരെ പൂവി്ട്ട പൂജിക്കണമെന്നും കമന്റുകളുണ്ട്.
പെദ്ദി Photo: Netflix
വലിയ താരനിരയാണ് പെദ്ദിയില്‍ അണിനിരക്കുന്നത്. കുമ്പളങ്ങി നൈറ്റ്‌സീലുടെ ശ്രദ്ധ നേടിയ സൂരജ് പോപ്‌സും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. മൂന്ന് മണിക്കൂറിലേറെയുള്ള സിനിമയില്‍ ആദ്യാവസാനം നിറഞ്ഞുനില്‍ക്കുന്ന കഥാപാത്രമാണ് സൂരജ് അവതരിപ്പിച്ച കുറുമയ്യ. എന്നാല്‍ വരുന്ന എല്ലാ സീനിലും നായകനെ പുകഴ്ത്തുക എന്നത് മാത്രമാണ് കുറുമയ്യയുടെ പ്രധാന ജോലി.
പെദ്ദി വലിയ ക്രിക്കറ്ററാണെന്ന് പറഞ്ഞു തുടങ്ങുന്ന സീനെല്ലാം വന്‍ കോമഡിയാണ്. മൂന്ന് ഗ്രൗണ്ടിനപ്പുറത്ത് നിന്ന് പെദ്ദി അടിച്ച സിക്‌സ് ഈ ഗ്രൗണ്ടില്‍ വന്ന് വീണിട്ടുണ്ടെന്നെല്ലാം വല്യ അഭിമാനത്തോടെയാണ് കുറുമയ്യ പറയുന്നത്. ക്രിക്കറ്റില്‍ നിന്ന് പിന്നീട് ഗുസ്തിയിലേക്ക് മാറിയ പെദ്ദി അവിടെയും തിളങ്ങിയെന്നും ഒടുവില്‍ ഓട്ടക്കാരനായി ഇന്ത്യക്ക് വേണ്ടി മെഡല്‍ നേടിയെന്നുമെല്ലാം കുറുമയ്യ കഥ പറയുകയാണ്.
പുലിമുരുകനില്‍ മുരുകനെക്കുറിച്ച് തള്ളിമറിച്ച മൂപ്പന്റെ കഥാപാത്രത്തെപ്പോലെ സൂരജിന്റെ കഥാപാത്രത്തെ തോന്നിയെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. സാധാരണയായി ഇത്തരം വേഷങ്ങള്‍ ചെയ്യുന്ന പ്രകാശ് രാജ്, സത്യരാജ് എന്നിവര്‍ക്ക് പകരം പുതിയൊരു നടനെ ‘തള്ളാന്‍ വേണ്ടി’ കൊണ്ടുവന്നത് നല്ല പരീക്ഷണമാണെന്നും കമന്റുകളുണ്ട്.
തെലുങ്കിലേക്കുള്ള എന്‍ട്രി സൂരജ് ഒട്ടും മോശമാക്കിയിട്ടില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ഡയലോഗിലും ലിപ് സിങ്കിലും ചെറിയൊരു പിശക് തോന്നിയെങ്കിലും പെര്‍ഫോമന്‍സ് കൊണ്ട് സൂരജ് ഗംഭീരമാക്കി. തെലുങ്ക് ഇന്‍ഡസ്ട്രിയിലെ പുതിയ ‘നറേഷന്‍ സ്റ്റാര്‍’ എന്നാണ് സുരജിന് ലഭിച്ചിരിക്കുന്ന വിശേഷണം. ഇതുവരെ കാണാത്ത വ്യത്യസ്തമായ ഗെറ്റപ്പിലാണ് സൂരജ് പെദ്ദിയില്‍ പ്രത്യക്ഷപ്പെട്ടത്.
ചിത്രത്തിലെ പല സീനുകളും ഇതിനോടകം ട്രോള്‍ മെറ്റീരിയലാകുന്നുണ്ട്. പെദ്ദി എന്ന കഥാപാത്രം ക്രിക്കറ്റ് കളിക്കുമ്പോള്‍ ഉപയോഗിക്കുന്ന ഷോട്ടുകളെല്ലാം ട്രോളന്മാര്‍ക്ക് ചാകരയായി മാറി. എന്നാല്‍ ഈ സിനിമക്ക് വേണ്ടി റാം ചരണ്‍ നടത്തിയ ബോഡി ട്രാന്‍സ്‌ഫോര്‍മേഷനും എ.ആര്‍. റഹ്‌മാന്റെ സംഗീതവും മാത്രമാണ് സിനിമയുടെ പോസിറ്റീവെന്നും കമന്റുകളുണ്ട്.
Content Highlight: Sooraj Pops character in Peddi movie getting trolls after OTT release