| Saturday, 15th December 2012, 10:32 am

ഉപ്പ്.....

ഡൂള്‍ന്യൂസ് ഡെസ്‌ക്

വരാനിരിക്കുന്ന നാളുകളില്‍ ആ പലചരക്കു കടകളും കേരളത്തില്‍ നിന്നും അപ്രത്യക്ഷമാകും………. മാഞ്ഞുപോകും.. ആരും അറിയാതെ… ആരെയും നോവിക്കാതെ…ഹോ ! നോവിക്കപ്പെടാന്‍ ഇപ്പോള്‍ ഒരു കൈ ഉപ്പ് കള്ളവാരല്‍ നടത്തുന്ന കുട്ടികളെവിടെ.?


ടുനൈറ്റ് ഐ വില്‍ സിംഗ് ദി **** / സൂര്യന്‍

വര: മജിനി
ചാമ്പയ്ക്ക നെടുകെ പിളര്‍ന്ന് അതിലൊരു കല്ലുപ്പ്
വെച്ച് കടിച്ചു ചവച്ചു തിന്നുമ്പോള്‍, ചാമ്പയ്ക്കാ ചാറും ഉപ്പു രുചിയും ചേര്‍ന്ന് നാവില്‍ നൃത്തം ചെയ്യും…. വാളന്‍ പുളി ഉപ്പു നീരില്‍ മുക്കി വായിലിട്ട് നാവിലൂടെ വലിച്ചീമ്പുമ്പോള്‍ നാവില്‍ പഞ്ചവാദ്യമാണു നടക്കുന്നത്.

പച്ചമാങ്ങ ചെത്തി പൂളുപൂളാക്കി ഉപ്പുപൊടിയില്‍ മുക്കി കാന്താരി വട്ടത്തിലരിഞ്ഞതും ചേര്‍ത്ത് തിന്നുമ്പോള്‍ മാങ്ങയുടെ പരിഭവപ്പുളിയെ ഉപ്പ് സാന്ത്വനിപ്പിക്കും….” “സാരല്ല്യ … ഈ മാങ്ങയ്ക്ക് അല്ലേലും ഇച്ചിരി അഹങ്കാരം കൂടുതലാ””ന്ന്..[]

സ്‌കൂളിലേക്ക് പോകുമ്പോള്‍ കടലാസില്‍ അല്പം ഉപ്പ് പൊതിഞ്ഞെടുക്കും. പോകുന്ന വഴിക്കുള്ള മാവിനു കല്ലെറിഞ്ഞു മാങ്ങവീഴിച്ച് കൂട്ടുകാരോടൊപ്പം തിന്നപ്പോള്‍, ഏറുകൊണ്ട് മോന്ത ചളുങ്ങിയ മാങ്ങയോട് അല്പം പോലും കനിവ് കാണിച്ചിരുന്നില്ലല്ലോ ഞാനും കൂട്ടുകാരും. മാവില്‍ തൂങ്ങിയാടുന്ന മാങ്ങകള്‍ ഞങ്ങളുടെ അഹങ്കാരത്തെയും ഉന്നത്തെയും വെല്ലുവിളിച്ച് ഞാന്നു കിടന്നതിന്റെ പരിഭവമാകാം കാരണം.

എല്ലാ പലചരക്കു കടകളുടെയും മുന്നില്‍ ചാക്കില്‍ നിറച്ച് പരലുപ്പ് വെച്ചിട്ടുണ്ടാവും. കടക്കാന്‍ കാണാതെ ഒരു കൈ വാരിയെടുത്താലും അറിയില്ല. ജാതിയ്ക്കയോ ചാമ്പയ്ക്കയോ പുളിയോ കിട്ടിയാല്‍ ഒരു കൈ ഉപ്പ് കള്ളവാരല്‍ നടത്തി ഞങ്ങള്‍ ഞങ്ങളുടെ ഇന്റര്‍ വെല്ലുകള്‍ ഉല്‍സവ സമൃദ്ധമാക്കിയപ്പോള്‍, പെണ്‍കുട്ടികള്‍ അവരുടെ സഞ്ചിയില്‍ അത്യാവശ്യം ഉപ്പും ചാമ്പയ്ക്കയും പേരയ്ക്കയും പുളിയും സംഭരിച്ചായിരുന്നു ക്ലാസില്‍ വന്നിരുന്നത്.

സമുദ്രജലം ഉപ്പളങ്ങളിലേക്ക് കയറ്റി വെയില്‍ കൊള്ളിച്ചാണു ഉപ്പ് ഉണ്ടാക്കുന്നതെന്ന് സാര്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്കത് അതിശയമായിരുന്നു. വെള്ളത്തില്‍ അലിഞ്ഞ് മായാവിയെപ്പോലെ കിടക്കുന്ന ഉപ്പ്.

ഈ ഉപ്പിനെ “സോഡിയം ക്ലോറൈഡ്” എന്ന് നിവര്‍ന്നു നിന്ന്! സയന്‍സ് പറഞ്ഞപ്പോള്‍ ഉപ്പിനോട് ഇത്തിരി ഒരകല്‍ച്ച തോന്നി. രാത്രിയില്‍ മഴപെയ്യുമ്പോള്‍ ആവിപൊന്തുന്ന കഞ്ഞിയിലേക്ക് പാകത്തിനു ഉപ്പു പകര്‍ന്ന് അമ്മ തരുന്നതുവരെ മാത്രമുള്ള അകല്‍ച്ച.

ഒരു ദിവസം പലചരക്ക് കടയില്‍ പാക്കറ്റില്‍ പൊതിഞ്ഞ ഉപ്പ് കണ്ടപ്പോള്‍ , ഞങ്ങള്‍ നാട്ടുകാരൊക്കെ അത് വാങ്ങാന്‍ മടിച്ചു. കടക്കാരന്‍ പലരീതിയിലും പ്രലോഭിപ്പിച്ചിട്ടും, ആദ്യമൊക്കെ ഞങ്ങള്‍ മടിച്ച് നിന്നപ്പോള്‍ കടക്കാരന്‍ പറയും… ഈ ഉപ്പ് നല്ലതാ, തൊണ്ടയില്‍ മൊഴ വരാതിരിക്കും.

അങ്ങനെ ഗ്രാമം പാക്കറ്റ് ഉപ്പിലേക്ക് തിരിഞ്ഞു. ചാക്കില്‍ നിറച്ചുവെച്ചിരുന്ന പരലുപ്പ് അനാഥമായിക്കിടന്നു. പിന്നീടൊരിക്കല്‍ ആ ചാക്കുകള്‍ തന്നെ കടകള്‍ക്ക് മുന്നില്‍ നിന്നും അപ്രത്യക്ഷമായി..

വരാനിരിക്കുന്ന നാളുകളില്‍ ആ പലചരക്കു കടകളും കേരളത്തില്‍ നിന്നും അപ്രത്യക്ഷമാകും………. മാഞ്ഞുപോകും.. ആരും അറിയാതെ… ആരെയും നോവിക്കാതെ…ഹോ ! നോവിക്കപ്പെടാന്‍ ഇപ്പോള്‍ ഒരു കൈ ഉപ്പ് കള്ളവാരല്‍ നടത്തുന്ന കുട്ടികളെവിടെ.?

പ്രണയം രൂപപ്പെട്ട നാളില്‍ ഉപ്പ് അവളുടെ മിഴികളിലായിരുന്നു ഊറിയൂറി വന്നിരുന്നത്… ഒരു മാങ്ങയോ ചാമ്പയ്ക്കയോ കിട്ടിയാല്‍ അവളോട് ഒരു പരിഭവ വാക്ക് പറഞ്ഞാല്‍ ആവശ്യത്തിനു ഉപ്പ് ലഭിക്കുമായിരുന്നു. പ്രണയം ഐസ് ക്രീം തിന്ന് ആഘോഷിക്കുന്നവര്‍ക്ക് ഇതൊന്നും പറഞ്ഞിട്ടില്ലല്ലോ…!

പ്രണയത്തിന്റെ ഉപ്പാണ് പരിഭവം !

പരിഭവരഹിതമായ പ്രണയം നിറമില്ലാത്ത മഴവില്ലെന്ന് മഴത്തുള്ളികള്‍ പെയ്യുന്നു. …..

സയന്‍സിന്റെ വികാസത്തില്‍ ഈ രുചിയെ നിയന്ത്രിക്കേണ്ടി വരുമ്പോള്‍ മാവിന്‍ കൊമ്പത്ത് അഹങ്കാരി മാങ്ങകള്‍ കുലകുലയായി തൂങ്ങിയാടുന്നു. ചാമ്പയ്ക്കാ മരത്തില്‍ ഇലകള്‍ക്ക് കമ്മലിട്ടതുപോലെ ചാമ്പയ്ക്കായ്കള്‍ കുലുങ്ങിച്ചിരിക്കുന്നു….!

അധ്വാനിക്കുമ്പോള്‍ ശരീരത്തില്‍ നിന്നും ഉപ്പുറവകള്‍ പൊട്ടിയൊഴുകുന്നത്, മനുഷ്യന്‍ പണ്ട് കടല്‍ ജീവിയായിരുന്നെന്ന ഓര്‍മ്മപ്പെടുത്തലോ..? അതോ ……… മനുഷ്യാ നീ ഉപ്പാകുന്നുവെന്ന പ്രപഞ്ചത്തിന്റെ വെളിപ്പെടുത്തലോ………?

മനുഷ്യന്‍ പ്രപഞ്ചത്തിന്റെ ഉപ്പ്…..

Latest Stories

We use cookies to give you the best possible experience. Learn more