ന്യൂദല്‍ഹി: സംഘപരിവാര്‍ അനുകൂലികള്‍ തനിക്കെതിരെ പ്രചരിപ്പിക്കുന്ന വ്യാജ വാര്‍ത്തകളെ പരിഹസിച്ച് സി.ജെ.പി സഹ കണ്‍വീനര്‍ സൗരവ് ദാസ്. സൗരവ് ദാസിന്റെ മാതാപിതാക്കള്‍ ആരാണെന്നും മേല്‍വിലാസം എന്താണെന്നും ചോദിച്ചുകൊണ്ടും അവയെക്കുറിച്ച് തെറ്റായ വാദങ്ങള്‍ നല്‍കിക്കൊണ്ടുമുള്ള പ്രചാരണങ്ങള്‍ സംഘപരിവാര്‍ അനുകൂല സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഈ പ്രചാരണങ്ങള്‍ക്കാണ് സൗരവ് ഇപ്പോള്‍ പരിഹാസത്തിന്റെ ഭാഷയില്‍ മറുപടി നല്‍കിയത്.
‘വൈകാതെ ഈ വലതുപക്ഷ അന്ധ്ഭക്ത്‌സ് എന്നെ നൈപ്റ്റിയൂണില്‍ നിന്ന് വന്ന അന്യഗ്രഹ ജീവിയായി പ്രഖ്യാപിക്കും,’ എന്ന് സൗരവ് പറഞ്ഞു. എക്‌സ് പോസ്റ്റിലൂടെയായിരുന്നു സൗരവിന്റെ പ്രതികരണം. സൗരവിന്റെ പിതാവ് ആരാണെന്ന് നേരത്തെ ചോദ്യം ഉയര്‍ന്നിരുന്നെന്നും ഇപ്പോള്‍ അദ്ദേഹത്തിന്റെ വിലാസത്തെക്കുറിച്ച് ചോദ്യം ഉയരുന്നുവെന്നും ആരോപിക്കുന്ന, ഇന്ത്യന്‍ അനലൈസര്‍ എന്ന ഒരു അക്കൗണ്ടില്‍ നിന്നുള്ള എക്‌സ് പോസ്റ്റ് പോസ്റ്റും ഇതിനൊപ്പം സൗരവ് ഷെയര്‍ ചെയ്തിട്ടുണ്ട്.
എക്‌സ് പ്ലാറ്റ്‌ഫോമില്‍ സജീവമായി ഇടപെടുന്ന സംഘി പ്രൊഫൈലുകള്‍ കഴിഞ്ഞ കുറച്ച് ദിവസമായി സൗരവ് ദാസ് അടക്കമുള്ള സി.ജെ.പി നേതാക്കളെ ലക്ഷ്യമിട്ടുള്ള വിദ്വേഷ പ്രചാരണങ്ങള്‍ നടത്തി വരുന്നുണ്ട്. സൗരവിന്റെ മാതാവ് നേപ്പാളില്‍ നിന്നുള്ള വ്യക്തിയാണെന്നടക്കമുള്ള വ്യാജ പ്രചാരണങ്ങള്‍ ഇത്തരത്തില്‍ പ്രചരിക്കുന്നു.
മാസം 12 ലക്ഷം രൂപ വാടകയുള്ള അപാര്‍ട്ട്‌മെന്റിലാണ് സൗരവ് ദാസ് താമസിക്കുന്നതെന്ന ആരോപണം നീറ്റ് പ്രതിഷേധത്തിന്റെ സമയത്ത് സംഘികള്‍ നടത്തിയിരുന്നു. ഈ പ്രചാരണത്തെക്കുറിച്ച് സൂചിപ്പിക്കുന്ന ഒരു കുറിപ്പും സൗരവ് ഇന്ന് എക്‌സില്‍ പങ്കുവെച്ചു. ‘എന്റെ വീടിന്റെ വാടക മാസം 12 ലക്ഷം എന്നതില്‍ നിന്ന് 24 ലക്ഷമായി ഉയര്‍ന്നു,’എന്ന് കുറിപ്പില്‍ പറയുന്നു.
ഗോദി മാധ്യമങ്ങള്‍ താനടക്കമുള്ള സി.ജെ.പി നേതാക്കള്‍ക്കെതിരെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെയും അടുത്തിടെ സൗരവ് വിമര്‍ശിച്ചിരുന്നു. സമന്‍സുകള്‍ സ്ഥിരമായി ലംഘിച്ച സി.ജെ.പി ലീഡര്‍മാര്‍ പൊലീസിന് മുന്നില്‍ ഹാജരായെന്ന വാര്‍ത്ത നല്‍കിയ ഒരു ചാനലിനെ കഴിഞ്ഞ ദിവസം സൗരവ് വിമര്‍ശിച്ചു. സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കോടതി മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനകത്ത് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാവുന്നത് സ്വാഭാവിക പ്രക്രിയയാണെന്നും സൗരവ് എക്‌സ് പോസ്റ്റില്‍ കുറിച്ചു.
Content Highlight: Soon these right-wing andhbhakts will declare I’m an extra-terrestrial being sent from Neptune!: Sourav Das