| Monday, 17th February 2014, 7:11 am

ആം ആദ്മി സ്ഥാനാര്‍ത്ഥി പട്ടികയില്‍ സോണി സോറിയുടെ പേരെന്ന് എന്‍.ഡി.ടി.വി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]ന്യൂദല്‍ഹി: ആം ആദ്മി സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാവോവാദി ബന്ധമാരോപിച്ച് ഭരണകൂടം തടവിലാക്കിയ ആദിവാസി അധ്യാപിക സോണി സോറിയുമെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ആം ആദ്മി പാര്‍ട്ടിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയിലേയ്ക്ക് അവസാന നിമിഷമാണ് നേതാക്കള്‍ സോണി സോറിയുടെ പേര് ചേര്‍ത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആദിവാസി മേഖലയായ ബസ്തറില്‍ ബി.ജെ.പിയുടെ ദിനേശ് കശ്യപിനെതിരായാണ് സോണി സോറി മത്സരിയ്ക്കുക.

തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാന്‍ താത്പര്യമുണ്ടെങ്കില്‍ മത്സരിയ്ക്കാമെന്ന് പറഞ്ഞപ്പോള്‍ സോണി സോറി സമ്മതിയ്ക്കുകയായിരുന്നുവെന്നും അവര്‍ക്കെതിരെയുള്ള കേസ് വ്യാജമാണെന്നും ആം ആദ്മി പാര്‍ട്ടി നേതാവ് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

ആദിവാസികള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചതിനാലാണ് അവര്‍ക്ക് ഇത്തരത്തില്‍ പീഡനങ്ങള്‍ നേരിടേണ്ടി വന്നതെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു- തുടങ്ങിയ കാര്യങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.

മാവോവാദി ബന്ധം ആരോപിച്ച് 2011ലാണ് ന്യൂദല്‍ഹിയില്‍ വച്ച് ഛത്തീസ്ഗഡ് പോലീസ് സോണി സോറിയെ അറസ്റ്റ് ചെയ്തത്. ഇടക്കാല ജാമ്യത്തിലിറങ്ങിയ ഇവര്‍ക്ക് സ്വദേശമായ ഛത്തീസ്ഗഡില്‍ പ്രവേശിയ്ക്കാന്‍ അനുമതിയുണ്ടായിരുന്നില്ല.

കഴിഞ്ഞയാഴ്ചയാണ് സുപ്രീം കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. സുപ്രീം കോടതി ജാമ്യം നല്‍കിയതോടെ ഇവര്‍ക്ക് ഛത്തീസ്ഖഢില്‍ പ്രവേശിക്കാന്‍ കോടതി അനുമതി നല്‍കി.

സോണി സോറിയുടെ ജാമ്യാപേക്ഷ 2013 ജുലൈ എട്ടിന് ഛത്തീസ്ഗഡ് കോടതി തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇവര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ അവസാനം സുപ്രീംകോടതി സോണിക്ക് ഇടക്കാലജാമ്യം അനുവദിയ്ക്കുകയായിരുന്നു.

വിചാരണ കൂടാതെ രണ്ട് വര്‍ഷം ജയില്‍ ശിക്ഷയനുഭവിച്ച സോണി സോറി  പോലീസ് കസ്റ്റഡിയില്‍ വെച്ച് താന്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി വ്യക്തമാക്കിയിരുന്നു.

സോണി സോറി, ഭരണകൂടം നിങ്ങളെ ബലാത്സംഗം ചെയ്തു

സോണി സോറി: പ്രധാനമന്ത്രിക്ക് തുറന്ന കത്ത്

We use cookies to give you the best possible experience. Learn more