ന്യൂദല്‍ഹി: ബി.ജെ.പി പാര്‍ട്ടിയുടെ പ്രഖ്യാപിത ലക്ഷ്യം ജവഹര്‍ലാല്‍ നെഹ്‌റു എന്ന പേരിനെ അപകീര്‍ത്തിപ്പെടുത്തലും മായ്ച്ചുകളയലുമാണെന്ന് വിമര്‍ശിച്ച് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി.
‘നെഹ്‌റുവിനെ അപകീര്‍ത്തിപ്പെടുത്താനുള്ള പദ്ധതികളാണ് ഇന്നത്തെ ഭരണസംവിധാനം നടപ്പാക്കുന്നത്. ഇവരുടെ പ്രധാനലക്ഷ്യം, നെഹ്‌റുവിനെ ഇല്ലാതാക്കുക എന്നത് മാത്രമല്ല, നമ്മുടെ രാഷ്ട്രത്തിന്റെ സ്ഥാപിതമായ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ അടിത്തറകളെ നശിപ്പിക്കുക എന്നതുകൂടിയാണ്,’ സോണിയ പറഞ്ഞു.
രാജ്യചരിത്രത്തില്‍ നിന്നുതന്നെ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയുടെ പേര് ഇല്ലാതാക്കാനാണ് ശ്രമം. നെഹ്‌റുവിനെ അപകീര്‍ത്തിപ്പെടുത്തുകയെന്ന വ്യവസ്ഥാപിത ലക്ഷ്യത്തെ എതിര്‍ക്കുമെന്നും സോണിയ വിശദീകരിച്ചു.
നെഹ്‌റുവിന്റെ സംഭാവനകളെ കുറിച്ച് വിശകലനം നടത്തുന്നതും വിമര്‍ശിക്കുന്നതും സ്വാഗതാര്‍ഹമാണ്. എന്നാല്‍ ചരിത്രം മാറ്റിയെഴുതാനുള്ള ക്രൂരവും സ്വാര്‍ത്ഥവുമായ ശ്രമത്തിലൂടെ അദ്ദേഹത്തിന്റെ പൈതൃകത്തെ തകര്‍ക്കാനുള്ള ആസൂത്രിതമായ ശ്രമം അംഗീകരിക്കാനാവില്ലെന്നും സോണിയ പ്രസംഗത്തിനിടെ പറഞ്ഞു.
സോണിയ ഗാന്ധി Photo: Screen Grab From Sonia Gandhi/X.ocm
ജവഹര്‍ ഭവനില്‍ നെഹ്‌റു സെന്റര്‍ ഇന്ത്യ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി. രാജ്യത്തിന്റെ പൊതുഫണ്ട് ഉപയോഗിച്ച് നെഹ്‌റു ബാബരി മസ്ജിദ് പണിയാന്‍ ശ്രമിച്ചിരുന്നെന്നും അക്കാര്യം എതിര്‍ത്തത് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ മാത്രമാണെന്നും കഴിഞ്ഞദിവസം കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സോണിയ ഗാന്ധി വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
എന്നാല്‍, ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും പേരെടുത്ത് പറയാതെയായിരുന്നു സോണിയയുടെ വിമര്‍ശനം. മുന്നോട്ടുള്ള വഴി എളുപ്പല്ലെന്നും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിക്ക് എതിരായ ഈ പദ്ധതിയെ നേരിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും അവര്‍ വിശദീകരിച്ചു.
അതേസമയം, നെഹ്‌റുവിന്റെ സംഭാവനകളെ കുറച്ചുകാണിച്ചത് കോണ്‍ഗ്രസാണെന്ന് ബി.ജെ.പി തിരിച്ചടിച്ചു. കോണ്‍ഗ്രസ് നെഹ്‌റുവിന്റെ പേര് അത്രമാത്രം മതിക്കുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് കുടുംബ പേര് ഗാന്ധി എന്നാക്കി? നെഹ്‌റു എന്ന് ഉപയോഗിക്കാത്തത് എന്തുകൊണ്ടാണെന്ന് ബി.ജെ.പി വക്താവ് ടോം വടക്കന്‍ ചോദിച്ചു.
നെഹ്‌റുവിനെ അനാദരിക്കുന്നതിന് പകരം അദ്ദേഹത്തിന്റെ തെറ്റുകള്‍ മറച്ചുവെക്കാനുള്ള ശ്രമങ്ങളെ തടയുക മാത്രമാണ് ബി.ജെ.പി ചെയ്തതെന്നും ബി.ജെ.പി വക്താവ് പ്രതികരിച്ചു.
Content Highlight: Sonia says BJP’s aim is to defame and erase Nehru; BJP says Nehru is not even in his family name