| Saturday, 21st June 2025, 5:03 pm

ഇറാഖ് യുദ്ധത്തിലെ തെറ്റുകള്‍ അമേരിക്ക ഇറാനിലും ആവര്‍ത്തിക്കരുത്; ഇറാനുമായി ഇന്ത്യക്കുള്ളത് ചരിത്രപരമായ ബന്ധം: സോണിയ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇറാന്‍-ഇസ്രഈല്‍ സംഘര്‍ഷത്തില്‍ മൗനം പാലിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെതിരെ നിശിത വിമര്‍ശനവുമായി സോണിയ ഗാന്ധി. കേന്ദ്രസര്‍ക്കാരിന്റെ ഈ മൗനം രാജ്യത്തിന്റെ മൂല്യങ്ങള്‍ അടിയറവ് വെക്കുന്നതാണെന്നാണ് സോണിയ ഗാന്ധി വിമര്‍ശിച്ചത്.

ഇസ്രഈല്‍ ജൂണ്‍ 13ന് ഇറാന് നേരെ നടത്തിയ ആക്രമണം രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള ആക്രമണമാണെന്നും സോണിയ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ഹിന്ദുവില്‍ എഴുതിയ  ലേഖനത്തിലാണ് സോണിയ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യയ്ക്ക് ഈ വിഷയത്തില്‍ തെറ്റ് തിരുത്താന്‍ ഇപ്പോഴും അവസരമുണ്ടെന്ന് പറഞ്ഞ സോണിയ ഗാന്ധി ഇറാനും ഇന്ത്യയും തമ്മിലുള്ള ദീര്‍ഷകാല ബന്ധത്തെ ലേഖനത്തില്‍ ഓര്‍മിപ്പിക്കുകയും ചെയ്യുന്നുണ്ട്. പശ്ചിമേഷ്യയില്‍ അശാന്തിക്ക് കാരണമാകുന്ന ട്രംപിന്റെ നടപടികളേയും സോണിയ വിമര്‍ശിച്ചു. ഇറാഖ് യുദ്ധത്തിലെ തെറ്റുകള്‍ അമേരിക്ക ഇവിടെയും ആവര്‍ത്തിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാണിച്ചു.

‘ഇറാന്‍ മണ്ണില്‍ നടന്ന ബോംബാക്രമണങ്ങളെയും കൊലപാതകങ്ങളെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അപലപിച്ചു. ഇത് ഗുരുതരമായ പ്രാദേശിക, ആഗോള പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്നു.

ഗസയിലെ ക്രൂരമായ നടപടികള്‍ പോലെ ഇസ്രഈലിന്റെ ഈ നടപടിയും സാധാരണക്കാരുടെ ജീവിതത്തെയും പ്രാദേശിക സ്ഥിരതയെയും അവഗണിച്ചുകൊണ്ടാണ് നടപ്പിലാക്കിയത്. ഈ നടപടികള്‍ അസ്ഥിരത വര്‍ധിപ്പിക്കുകയും കൂടുതല്‍ സംഘര്‍ഷത്തിന് വിത്തുകള്‍ വിതയ്ക്കുകയും ചെയ്യും,’ സോണിയ ഗാന്ധി എഴുതി.

ലേഖനത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഇന്ത്യയുടെ ബന്ധത്തെക്കുറിച്ചും സോണിയ ഗാന്ധി താരതമ്യം ചെയ്യുന്നുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇസ്രഈലുമായി പ്രതിരോധം, വ്യാപാരം, രഹസ്യാന്വേഷണ മേഖലകളില്‍ ഇന്ത്യ സഹകരണം വര്‍ധിപ്പിപ്പിച്ചിട്ടുണ്ടെങ്കിലും, ഇറാനുമായുള്ളത് ചരിത്രപരവും തന്ത്രപരവുമായ ആഴത്തിലുള്ള ബന്ധമാണെന്നും സോണിയ ഗാന്ധി പറഞ്ഞു.

‘ഇറാന്‍ ഇന്ത്യയുടെ ദീര്‍ഘകാല സുഹൃത്താണ്, ആഴത്തിലുള്ള നാഗരിക ബന്ധങ്ങളാല്‍ നമ്മളുമായി ഇറാന്‍ ബന്ധപ്പെട്ടിരിക്കുന്നു. ജമ്മു കശ്മീരില്‍ ഉള്‍പ്പെടെ നിര്‍ണായക ഘട്ടങ്ങളില്‍ ഉറച്ച പിന്തുണ നല്‍കിയ ചരിത്രമാണ് ഇറാനുള്ളത്. 1994ല്‍, കശ്മീര്‍ വിഷയത്തില്‍ യു.എന്‍ മനുഷ്യാവകാശ കമ്മീഷനില്‍ ഇന്ത്യയെ വിമര്‍ശിക്കുന്ന ഒരു പ്രമേയം തടയാന്‍ ഇറാന്‍ സഹായിച്ചിട്ടുണ്ട്,’ സോണിയ എഴുതി.

Content Highlight: Sonia Gandhi criticise central government on India’s silence about Israel attack on Iran

We use cookies to give you the best possible experience. Learn more