വലിയ അവകാശവാദങ്ങളില്ലാതെ ഒരിളം കാറ്റ് പോലെ തിയേറ്ററുകളിലെത്തി പ്രേക്ഷകമനസിന് കുളിരേകിയ ചിത്രമായിരുന്നു അഖില്‍ സത്യന്‍ സംവിധാനം ചെയ്ത സര്‍വ്വം മായ. നിവിന്‍ പോളിയും അജു വര്‍ഗീസും റിയ ഷിബുവും തുടങ്ങി ചിത്രത്തില്‍ വന്നുപോയ ചെറുതും വലുതുമായ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകരില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു. തിയേറ്ററില്‍ നിന്നും വന്‍ വിജയം നേടിയ ചിത്രം കഴിഞ്ഞ മാസം ഒ.ടി.ടിയിലെത്തിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലും വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.
Photo: Firefly film and arts
റിയ ഷിബുവിന്റെ ഡെലൂലുവിനെയും നിവിന്റെ പ്രഭേന്ദുവിനെയും പോലെ ചിത്രത്തിലെ ഗാനങ്ങളും മലയാള സിനിമാ പ്രേക്ഷകരുടെ ഫേവറിറ്റ് ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്. ജസ്റ്റിന്‍ പ്രഭാകരന്റെ സംഗീത സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങളായ വെള്ളാരതാരം, ചിരിതൊട്ട്, പുതുമഴ തുടങ്ങിയ ഗാനങ്ങള്‍ക്ക് കോടിക്കണക്കിന് പേരെയാണ് യൂട്യൂബിലും മ്യൂസിക് ആപ്പായ സ്‌പോട്ടിഫൈയിലും കേള്‍വിക്കാരായി ലഭിച്ചിരിക്കുന്നത്.
യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ കാഴ്ച്ചക്കാരെ ലഭിച്ചിരിക്കുന്നത് പ്രീതി മുകുന്ദന്റെ നൃത്തചുവടുകളാല്‍ സമ്പന്നമായ ചിത്രത്തിലെ ഫാസ്റ്റ് സോങ്ങായ ചിരി തൊട്ട് ആണ്. മനു മഞ്ജിത്തും ആരോണ്‍ മാത്യൂവും ചേര്‍ന്ന് വരികളെഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് തമിഴിലെ സുപ്രിസിദ്ധ ഗായിക ചിന്മയ് ശ്രീപദയും, ജസ്റ്റിന്‍ പ്രഭാകരനും, വെല്‍ഡണും ചേര്‍ന്നാണ്. ഒന്നരക്കോടിയോളം പേരാണ് യൂട്യൂബില്‍ ഇതിനോടകം ഗാനത്തിന്‍രെ വീഡിയോ കണ്ടിരിക്കുന്നത്.
ഡെലൂലു യഥാര്‍ത്ഥ ജീവിതത്തില്‍ ആരാണെന്ന് കണ്ടുപിടിക്കാനുള്ള യാത്രക്കിടെ കടന്നുവരുന്ന പുതുമഴ പോലൊരാളാണ് ഒരുകോടി മുപ്പത് ലക്ഷം കാഴ്ച്ചക്കാരുമായി രണ്ടാം സ്ഥാനത്തുള്ളത്. എ.ആര്‍ റഹ്‌മാന്‍ ഗാനങ്ങളിലെ സ്ഥിരം സാന്നിധ്യമായ ശക്തിശ്രീ ഗോപാലന്‍ ആലപിച്ച ഗാനം ഡെലൂലു എന്ന കഥാപാത്രത്തെ പ്രേക്ഷകരിലേക്ക് ആഴത്തില്‍ പതിപ്പിച്ചിട്ടുണ്ട്. റിയ ഷിബുവിന്റെ ഗാനത്തിലെ നൃത്തചുവടുകളും ഓര്‍ക്കസ്ട്രയും എടുത്തുപറയേണ്ടതാണ്.
Photo: Firefly film and arts
ഒരു കോടി പത്ത് ലക്ഷം കാഴ്ച്ചക്കാരുമായി വിനീത് ശ്രീനിവാസന്‍ ആലപിച്ച വെള്ളാരതാരം തൊട്ടും, തൊട്ട് പിന്നിലുണ്ട്. മനു മഞ്ജിത്ത് വരികളെഴുതിയ ഗാനത്തിന് വലിയ പ്രശംസയാണ് സിനിമാ പേജുകളില്‍ നിന്നും ലഭിക്കുന്നത്. പാലക്കാടിന്റെ ഗ്രാമഭംഗിയെ വരച്ചിടാന്‍ ഇതിലും നല്ല പാട്ട് മറ്റൊന്നില്ലെന്നും എത്ര തവണ കേട്ടാലും മതി വരാത്ത, കേള്‍ക്കുമ്പോഴെല്ലാം പോസിറ്റീവ് എനര്‍ജി നല്‍കുന്ന ഗാനമാണിതെന്നുമാണ് പലരുടെയും അഭിപ്രായം. ഇപ്പോള്‍ എല്ലാ ദിവസവും തുടങ്ങുന്നത് ഈ ഗാനം കേട്ടുകൊണ്ടാണെന്ന് പലരും കമന്റുകള്‍ രേഖപ്പെടുത്തുന്നതും കാണാം.
തമിഴ് ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ച് ശ്രദ്ധേയനായ ജസ്റ്റിന്‍ പ്രഭാകരന്‍ മലയാളത്തില്‍ ഫീല്‍ ഗുഡ് ഗാനങ്ങള്‍ സമ്മാനിക്കുന്നതില്‍ വിജയിച്ചിട്ടുണ്ടെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. കുഞ്ഞിരാമായണത്തിലൂടെ മലയാള സംഗീതലോകത്തേക്ക് അരങ്ങേറ്റം കുറിച്ച ജസ്റ്റിന്‍ പാച്ചുവും അത്ഭുതവിളക്കും ഹൃദയപൂര്‍വ്വം തെലുങ്കില്‍ ശ്രദ്ധേയമായ ഡിയര്‍ കോമ്രേഡ്, തമിഴ് ചിത്രം സിറൈ തുടങ്ങിയ ചിത്രങ്ങള്‍ക്കും സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.
Content Highlight: Songs in Sarvam Maya trending on social media