| Monday, 19th October 2026, 10:10 pm

സുഷിന്‍ വൈബാക്കി, സായ് കത്തിച്ചു; കൈയടി വാങ്ങി ഓമിലെയും സീനിലെയും ഗാനങ്ങള്‍

അശ്വിന്‍ രാജേന്ദ്രന്‍

തമിഴ്-മലയാളം സിനിമാ പ്രേമികള്‍ ഒരുപോലെ കാത്തിരിക്കുന്ന രണ്ട് തമിഴ് ചിത്രങ്ങളാണ് ഓമും സീനും. രാജാ കറുപ്പുസ്വാമി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഓമില്‍ ധനുഷിനൊപ്പം മമ്മൂട്ടിയും നായകനായെത്തുന്നതോടെ വലിയ ഹെപ്പാണ് ചിത്രത്തിന് ഇതിനോടകം ലഭിച്ചിരിക്കുന്നത്. അതേസമയം ആവേശത്തിലൂടെ ആരാധകരെ സൃഷ്ടിച്ച ജിത്തു മാധവന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന സീനില്‍ നടിപ്പിന്‍ നായകന്‍ സൂര്യയാണ് നായകനാകുന്നത്. മമ്മൂട്ടിയെന്ന ഫാക്ടര്‍ ഓമിനെ മലയാളികള്‍ക്ക് പ്രിയങ്കരമാകുന്നതിനോടൊപ്പം മലയാളി അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും ഭാഗമാകുന്ന സീനും പ്രേക്ഷകരുടെ ഫേവറിറ്റ് ലിസ്റ്റില്‍ ഇടംപിടിക്കുന്നു.

Photo: District

ഇപ്പോഴിതാ രണ്ട് ചിത്രങ്ങളിലേതുമായി പുറത്തുവന്ന ഗാനമാണ് സിനിമാലോകത്ത് തരംഗമാകുന്നത്. സായ് അഭ്യങ്കാര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ഓമിലെ വീഴാ വീരാ എന്ന ഗാനത്തിന്റെയും സുഷിന്‍ ശ്യാമിന്റെ സംഗീത സംവിധാനത്തില്‍ ഒരുങ്ങുന്ന സീനിലെ എയറോപ്ലെയ്ന്‍ ഗാനത്തിന്റെയും ലിറിക്കല്‍ വീഡിയോകളാണ് പുറത്തുവന്നിരിക്കുന്നത്.

തമിഴിലെ ട്രെന്‍ഡിങ് സ്ട്രീക്ക് ഒരു തരി പോലും താഴാത്ത വിധത്തില്‍ ഹൈ വോള്‍ട്ട് ഗാനമാണ് സായ് അഭ്യങ്കാര്‍ ഓമിനായി ഒരുക്കിയിരിക്കുന്നത്. സായിയുടെ പ്ലേ ലിസ്റ്റിലേക്ക് ഒരു കിടിലന്‍ എന്‍ട്രിയാണ് വീഴാ വീരാ എന്നാണ് എല്ലാവരും ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. സായിയുടെ സംഗീത സംവിധാനത്തില്‍ ചിത്രത്തിലേതായി നേരത്തേ പുറത്തിറങ്ങിയ അളാകാ ലൂവാ ഗാനവും മമ്മൂട്ടിയുടെ കഥാപാത്രമായ കാര്‍ത്തികേയന്റെ ക്യാരക്ടര്‍ ടീസറായ സിയാ എന്‍ട്രിയുടെ ബി.ജി.എമ്മും വൈറലായിരുന്നു. ഈ കൂട്ടത്തിലേക്കാണ് ഇപ്പോള്‍ വീഴാ വീരയും വന്നിരിക്കുന്നത്.

അതേസമയം സീനിലേതായി ആദ്യം പുറത്തുവന്ന ആത്തി ഇവ ആരാ എന്ന ഗാനത്തിന് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന എയറോപ്ലെയിന് മികച്ച അഭിപ്രായമാണ് സിനിമാലോകത്ത് നിന്നും ലഭിക്കുന്നത്. നസ്രിയയുടെയും സൂര്യയുടെയും കഥാപാത്രങ്ങള്‍ തമ്മിലുള്ള വൈബ് കൃത്യമായി തന്നെ പാട്ടിലൂടെ പ്രേക്ഷകനിലേക്ക് കൈമാറാന്‍ സാധിക്കുന്നുണ്ടെന്ന് പലരും അഭിപ്രായപ്പെടുന്നു.

Photo: X.com

നേരത്തേ ജയിലര്‍ 2വിന് ക്ലാഷായിട്ടാണ് ഓം റിലീസ് തീരുമാനിച്ചതെങ്കിലും പിന്നീട് നവംബര്‍ 20ലേക്ക് റിലീസ് മാറ്റിവെക്കുകയായിരുന്നു. അതേസമയം നവംബര്‍ ആറിന് ദീപാവലി റീലാസായാണ് സീന്‍ റിലീസ് ചെയ്യുന്നത്.

Content Highlight: Songs from Om and Scene movies out now

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more