| Sunday, 15th November 2026, 9:48 am

‘അപ്പാപ്പന്റെ റെക്കമൻഡേഷനിലൂടെ സിനിമയിലെത്താൻ ആഗ്രഹിച്ചിരുന്നില്ല’; ‘കാബൂളിവാല’ കാണുമ്പോൾ കരച്ചിൽ വരും: ഇന്നസെന്റ് സോണറ്റ്

അജ്മല്‍ കെ

മലയാള സിനിമയിൽ നിരവധി ഓർമിക്കപ്പെടുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച നടനാണ് ഇന്നസെന്റ്. ഹാസ്യവേഷങ്ങളിലൂടെയും സ്വഭാവികമായ അഭിനയത്തിലൂടെയും അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ ഇന്നും പ്രിയപ്പെട്ടതാണ്.

എന്നാൽ ഇപ്പോഴിതാ ചെറുപ്പം മുതൽ അപ്പാപ്പന്റെ സിനിമകൾ കണ്ടുവളർന്ന തനിക്ക് അഭിനയിക്കാൻ ആഗ്രഹമുണ്ടായിരുന്നുവെന്ന് പറയുകയാണ് ഇന്നസെന്റിന്റെ പേരമകൻ സോണറ്റ്. ആ ആഗ്രഹം ഒരുനാൾ സഫലമാകുമെന്ന് ഇന്നസെന്റ് പറഞ്ഞിരുന്നതായും ഇപ്പോൾ തന്റെ ആദ്യ ചിത്രമായ ‘പ്രേംപാറ്റ’ അപ്പാപ്പൻ തനിക്ക് സമ്മാനിച്ച സിനിമയായാണ് കാണുന്നതെന്നും സോണറ്റ് പറയുന്നു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

‘ആദ്യമായി അഭിനയിക്കുന്ന സിനിമയാണ് ‘പ്രേംപാറ്റ’. അതുകൊണ്ടുതന്നെ ഭയങ്കര രസമായിരുന്നു. ചെറുപ്പം മുതലേ സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതിനുള്ള സമയം ഇപ്പോഴായിരിക്കുമെന്നാണ് ഞാൻ കരുതുന്നത്. എന്റെ അപ്പാപ്പൻ എനിക്ക് തന്നിട്ടുള്ള ഒരു സിനിമയായാണ് ‘പ്രേംപാറ്റ’യെ കാണുന്നത്. പണ്ടുതൊട്ടേ അപ്പാപ്പനോട് ഞാൻ പറയുമായിരുന്നു, എനിക്ക് സിനിമയിലൊക്കെ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന്. അപ്പോൾ അപ്പാപ്പൻ പറയും, നിനക്കൊരു സമയം വരും, അന്ന് നീ സിനിമയിൽ അഭിനയിക്കുമെന്ന്’, സോണറ്റ് പറഞ്ഞു.

ഇന്നസെന്റിന്റെ പേരക്കുട്ടിയെന്ന നിലയിൽ അദ്ദേഹം കാരണം സിനിമയിലെത്താൻ അവസരങ്ങളുണ്ടായിരുന്നെങ്കിലും അതിന് താത്പര്യം ഇല്ലായിരുന്നുവെന്നും സോണറ്റ് പറഞ്ഞു.

‘അപ്പാപ്പൻ മുഖേന ഒരുപാട് സിനിമകളിലേക്ക് എനിക്ക് എത്താമായിരുന്നു. പക്ഷേ അങ്ങനെ എനിക്ക് താത്പര്യമുണ്ടായിരുന്നില്ല. അപ്പാപ്പന്റെ റെക്കമൻഡേഷനിലൂടെ സിനിമയിലേക്ക് വരാൻ എനിക്ക് ആഗ്രഹമില്ലായിരുന്നു. സിനിമയ്ക്ക് നമ്മളെ ആവശ്യമുണ്ടെങ്കിൽ അത് നമ്മളെ തേടി വരും. പിന്നെ നമുക്ക് ഒരു ഭാഗ്യം കൂടി വേണമെന്നാണ് ഞാൻ കരുതുന്നത്’, സോണറ്റ് വ്യക്തമാക്കി.

അപ്പാപ്പനെ കണ്ടാണ് തനിക്ക് സിനിമയിൽ അഭിനയിക്കണമെന്ന് തോന്നിയതെന്നും അദ്ദേഹത്തിന്റെ സിനിമകൾ കണ്ടാണ് വളർന്നതെന്നും സോണറ്റ് പറയുന്നു. അദ്ദേഹത്തിന്റെ നിരവധി കഥാപാത്രങ്ങൾ ഇഷ്ടമാണെങ്കിലും ‘കല്യാണരാമനി’ലെ പോഞ്ഞിക്കരയാണ് ഏറ്റവും പ്രിയപ്പെട്ടതെന്നും സോണറ്റ് പറഞ്ഞു.

‘അപ്പാപ്പനെ കണ്ടിട്ടുതന്നെയാണ് സിനിമയിൽ അഭിനയിക്കണമെന്ന് തോന്നിയത്. ചെറുപ്പം മുതലേ അപ്പാപ്പന്റെ സിനിമകൾ കണ്ടാണ് വളർന്നത്. അപ്പാപ്പൻ ചെയ്തതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ‘കല്യാണരാമനി’ലെ പോഞ്ഞിക്കരയാണ്. എനിക്ക് അത് ഭയങ്കര ഇഷ്ടമാണ്. ഇപ്പോഴും അപ്പാപ്പന്റെ പഴയ സിനിമകളൊക്കെ എടുത്ത് കാണാറുണ്ട്’, സോണറ്റ് പറഞ്ഞു.

അപ്പാപ്പന്റെ വൈകാരികമായ കഥാപാത്രങ്ങളും മനസിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ടെന്നും ‘കാബൂളിവാല’യിലെ ക്ലൈമാക്സ് രംഗം ഇന്നസെന്റിനൊപ്പം കണ്ടപ്പോൾ കരഞ്ഞുപോയെന്നും നടൻ പറഞ്ഞു.

‘എന്നെ ഏറ്റവും ഇമോഷണലായി കണക്ട് ചെയ്ത സിനിമയാണ് ‘കാബൂളിവാല’. അതിലെ കന്നാസും കടലാസും എനിക്ക് ഭയങ്കര ഇഷ്ടമാണ്. അപ്പാപ്പനോടൊപ്പം ആ സിനിമയിലെ ക്ലൈമാക്സ് സീൻ കാണുമ്പോൾ ഞാൻ കരഞ്ഞുപോയിട്ടുണ്ട്. ഇപ്പോഴും ആ സിനിമ കാണുമ്പോൾ കരച്ചിൽ വരും. അത്രയും ക്ലോസ് ടു ഹാർട്ടാണ് ആ സിനിമ’, സോണറ്റ് പറഞ്ഞു.

ആയിഷ, ഇ.ഡി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അമീര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രേംപാറ്റ. ജോമോന്‍ ജ്യോതിറാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൈജു കുറുപ്പ്, രാജേഷ് മാധവന്‍, ജുനൈസ് വി.പി, സാഫ് ബോയ് എന്നിവരാണ് പ്രേംപാറ്റയിലെ പ്രധാന താരങ്ങള്‍. നവംബര്‍ 27ന് ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight:Sonet, Innocent’s grandson, says that having grown up watching his grandfather’s films, he had a desire to act.

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more