മ്യാന്‍മറിന്റെ ഭൂട്ടാന്‍ പര്യടനത്തിലെ മൂന്നാം ടി-20യില്‍ ചരിത്രമെഴുതി ഭൂട്ടാന്‍ ഇടംകയ്യന്‍ സ്പിന്നര്‍ സോനം യാഷേ. മത്സരത്തില്‍ എട്ട് വിക്കറ്റുമായാണ് യാഷേ ക്രിക്കറ്റ് ലോകത്തെ ഒന്നാകെ ഞെട്ടിച്ചത്.
ഭൂട്ടാന്‍ ഉയര്‍ത്തിയ 128 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മ്യാന്‍മര്‍ സോനം യെഷേയുടെ കരുത്തില്‍ വെറും 45 റണ്‍സിന് പുറത്തായി. നാല് ഓവറില്‍ ഏഴ് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് താരം എട്ട് വിക്കറ്റുകള്‍ വീഴ്ത്തിയത്.
ടി-20 ഫോര്‍മാറ്റിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു താരം എട്ട് വിക്കറ്റുകള്‍ സ്വന്തമാക്കുന്നത് എന്നതും ഈ പ്രകടനത്തിന്റെ തിളക്കം വര്‍ധിപ്പിക്കുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള ആഭ്യന്തര മത്സരങ്ങളിലോ ലീഗ് മത്സരങ്ങളിലോ ഒന്നില്‍പ്പോലും ഇത്തരമൊരു ബൗളിങ് പ്രകടനം പിറവിയെടുത്തിട്ടില്ല.
ഇതിനൊപ്പം തന്നെ ടി-20 ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിങ് ഫിഗറിന്റെ റെക്കോഡും ഭൂട്ടാനീസ് ഇന്റര്‍നാഷണലിനെ തേടിയെത്തി. 4-1-7-8 എന്നിങ്ങനെയാണ് താരത്തിന്റെ ബൗളിങ് ഫിഗര്‍.
ടി-20 ചരിത്രത്തില്‍ ഇത് മൂന്നാം തവണ മാത്രമാണ് ഒരു മത്സരത്തില്‍ ഒരു ബൗളര്‍ ഏഴോ അതിലധികമോ വിക്കറ്റ് വീഴ്ത്തുന്നത്.
(താരം – ടീം – എതിരാളികള്‍ – ബൗളിങ് ഫിഗര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
സാനം യെഷേ – ഭൂട്ടാന്‍ – മ്യാന്‍മര്‍ – 8/7 – 2025*
സിയാസുറള്‍ ഇദ്രസ് – മലേഷ്യ – ചൈന – 7/8 – 2023
അലി ദാവൂദ് – ബഹ്‌റൈന്‍ – ഭൂട്ടാന്‍ – 7/19 – 2025
അതേസമയം, മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഭൂട്ടാന്‍ നമാങ് ചെജെയ്‌യുടെ അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് സ്‌കോര്‍ ഉയര്‍ത്തിയത്. 45 പന്ത് നേരിട്ട താരം 50 റണ്‍സ് നേടി. 22 പന്തില്‍ 27 റണ്‍സ് നേടിയ നംഗായ് തിന്‍ലേയാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.
താഷി ഡോര്‍ജി (ഏഴ് പന്തില്‍ 17), രാങ്ജുങ് മിക്കിയോ ഡോര്‍ജി (പത്ത് പന്തില്‍ 11) എന്നിവരും ഭൂട്ടാന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായി.
ഒടുവില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ഭൂട്ടാന്‍ 127ലെത്തി.
മ്യാന്‍മറിനായി പയേ ഫ്യോ വായ്, കോ കോ ലിന്‍ തു, തുയ ഔങ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ടെറ്റ് ലിങ് ഔങ്, ഖിന്‍ ആയ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മ്യാന്‍മര്‍ നിരയില്‍ ഓപ്പണര്‍മാര്‍ മാത്രമാണ് ഇരട്ടയക്കം കണ്ടത്. 12 റണ്‍സ് നേടിയ ടെറ്റ് ലിന്‍ ഓയാണ് ടോപ്പ് സ്‌കോറര്‍. ഒടുവില്‍ 9.2 ഓവറില്‍ ടീം 45ന് പുറത്തായി.
യെഷേ എട്ട് വിക്കറ്റുമായി തിളങ്ങിയ മത്സരത്തില്‍ ആനന്ദ് മോംഗാര്‍ രണ്ട് വിക്കറ്റും വീഴ്ത്തി.
Content Highlight: Sonam Yeshey creates history by picking 8 wickets in a T20 match