ന്യൂദല്‍ഹി: തന്റെ നിരാഹാര സമരം തുടരാന്‍ തീരുമാനിച്ചതായി സോനം വാങ്ചുക്ക്. സ്വന്തം കൈപ്പടയിലെഴുതിയ ഒരു സന്ദേശത്തിലാണ് വാങ്ചുക്ക് ഈ കാര്യം അറിയിച്ചത്. സന്ദേശം വാങ്ചുക്കിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ പങ്കുവച്ചിട്ടുണ്ട്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാര്‍ട്ടി ആഹ്വാനം ചെയ്ത പാര്‍ലമെന്റ് മാര്‍ച്ചിനു നേര്‍ക്കുള്ള പൊലീസ് അതിക്രമത്തിന്റെ പശ്ചാത്തലത്തിലാണ് വാങ്ചുകിന്റെ തീരുമാനം.
സമാധാനപരമായി പ്രതിഷേധിച്ച യുവാക്കള്‍ക്ക് നേര്‍ക്കുള്ള പൊലീസിന്റെ ക്രൂരത കണ്ടതോടെ താന്‍ നിരാഹാര സമരം തുടരാന്‍ തീരുമാനിക്കുകയായിരുന്നെന്ന് വാങ്ചുക് തന്റെ സന്ദേശത്തില്‍ വ്യക്തമാക്കി.
യുവ നേതാക്കള്‍ പാര്‍ലമെന്റിലെത്തി എംപിമാരെ കാണുന്നത് വരെയോ എംപിമാര്‍ ആശുപത്രിയിലെത്തി തന്നെ കാണുന്നത് വരെയോ നിരാഹാര സമരം തുടരും. അതിന് മുമ്പ് വിദ്യാഭ്യാസ മന്ത്രിയെ സര്‍ക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വാങ്ചുക് പറഞ്ഞു.
പ്രകോപനമില്ലാതെ സമാധാനപരമായിട്ടാണ് പ്രതിഷേധം മുന്നോട്ട് പോയത്. ഇന്നോ നാളെയോ പാര്‍ലമെന്റില്‍ പോകാനും തങ്ങളുടെ പരാതികള്‍ അവതരിപ്പിക്കാനും യുവാക്കളെ അനുവദിച്ചുകൊണ്ട് സര്‍ക്കാരും പൊലീസും ഈ പ്രശ്‌നം പരിഹരിക്കണം. ഇപ്പോഴുള്ള ഇതേ ക്ഷമയും സഹനവും യുവാക്കള്‍ നാളെയും കാണിക്കുമെന്ന് തനിക്കുറപ്പാണെന്നും വാങ്ചുക്ക് പറഞ്ഞു.
വാങ്ചുകിന്റെ അഭ്യര്‍ത്ഥന പ്രകാരം സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ തന്റെ നിരാഹാര സമരം അവസാനിപ്പിപ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശനിയാഴ്ച വാങ്ചുക്കിനെ ജന്തര്‍ മന്ദറിലെ സമരപ്പന്തലില്‍ നിന്ന് പൊലീസ് ബലം പ്രയോഗിച്ച് മാറ്റിയതിന് പിന്നാലെയായിരുന്നു ദീപ്‌കെ നിരാഹാര സമരം ആരംഭിച്ചത്.
നേരത്തെ തന്റെ നിരാഹാര സമരം അവസാനിപ്പിക്കുന്നതിനുള്ള വ്യവസ്ഥകള്‍ വാങ്ചുക്ക് മുന്നോട്ട് വച്ചിരുന്നു. രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തിലെ വീഴ്ചകളില്‍ കേന്ദ്രസര്‍ക്കാര്‍ അവരുടെ ഉത്തരവാദിത്തം ഏറ്റെടുക്കുണമെന്നത് അടക്കമുള്ള വ്യവസ്ഥകളാണ് വാങ്ചുക്ക് മുന്നോട്ട് വെച്ചത്.
തന്റെ വ്യവസ്ഥകള്‍ വ്യക്തമാക്കുന്ന, വാങ്ചുക്കിന്റ കൈപ്പടയിലുള്ള ഒരു കുറിപ്പും ഇന്ന് (ജൂലൈ 20, തിങ്കള്‍) അദ്ദേഹത്തിന്റെ എക്സ് അക്കൗണ്ടില്‍ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആശുപത്രി അധികൃതര്‍ക്ക് നല്‍കിയ കത്തും ഈ സമൂഹ മാധ്യമ അക്കൗണ്ടില്‍ പങ്കുവച്ചത്.
‘നിങ്ങളില്‍ പലരും ചോദിച്ചിരുന്നു എന്നാണ് എന്റെ നിരാഹാര സമരം അവസാനിപ്പിക്കുക എന്ന്. നേരത്തെ ഞാന്‍ സൂചിപ്പിച്ചത് പോലെ ജൂലൈ 20ന് സമരം അവസാനിപ്പിക്കാന്‍ ഞാന്‍ തയ്യാറാണ്… പക്ഷേ’ എന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. തുടര്‍ന്ന് തന്റെ വ്യവസ്ഥകളും കുറിപ്പില്‍ വാങ്ചുക്ക് വ്യക്തമാക്കുന്നു.
രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തിലെ വീഴ്ചകളില്‍ കേന്ദ്രസര്‍ക്കാര്‍ അവരുടെ ഉത്തരവാദിത്തം ഏറ്റെടുത്താല്‍ താന്‍ നിരാഹാരം അവസാനിപ്പിക്കാം എന്നതാണ് വാങ്ചുക്ക് ആദ്യ വ്യവസ്ഥയായി പറയുന്നത്.
അല്ലെങ്കില്‍ താനും സി.ജെ.പി നേതാക്കളും പാര്‍ലമെന്റിന്റെ പടിക്കലെത്തിയാല്‍ വിവിധ പാര്‍ട്ടികളുടെ എം.പിമാര്‍ ഈ വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിക്കാം എന്ന് തങ്ങള്‍ക്ക് ഉറപ്പ് നല്‍കിയാല്‍ നിരാഹാരം അവസാനിക്കാമെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു.
തന്റെ ആരോഗ്യസ്ഥിതി കാരണമോ മറ്റെന്തെങ്കിലും കാരണത്താലോ പാര്‍ലമെന്റിലേക്ക് പോകാന്‍ പറ്റിയില്ലെങ്കില്‍ വിവിധ പാര്‍ട്ടികളുടെ എം.പിമാരും നേതാക്കളും ആശുപത്രിയിലെത്തി ഈ വിഷയത്തില്‍ ഉറപ്പു നല്‍കിയാല്‍ താന്‍ നിരാഹാരം അവസാനിപ്പിക്കാമെന്നും വാങ്ചുക്ക് പറഞ്ഞിരുന്നു.
നിലവില്‍ ദല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയിലാണ് വാങ്ചുക്ക്.
നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച അടക്കമുള്ള പ്രശ്‌നങ്ങളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നിരാഹാര സമരം തുടരുകയായിരുന്ന വാങ്ചുക്കിനെ ശനിയാഴ്ചയാണ് ജന്തര്‍ മന്ദറിലെ സമര വേദിയില്‍നിന്ന് സിവില്‍ വേഷത്തിലെത്തിയ ദല്‍ഹി പൊലീസ് സംഘം ബലം പ്രയോഗിച്ച് നീക്കിയത്. തുടര്‍ന്ന് അദ്ദേഹത്തെ സഫ്ദജര്‍ ജംഗ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
Content Highlight: Sonam Wangchuk to Continue Hunger Strike