| Saturday, 21st November 2026, 9:13 pm

ലഡാക്കിനെ ഒരു കോളനിയായി കാണുന്നു; ജനങ്ങളുടെ ശബ്ദത്തിന് വിലയില്ലെന്ന് സോനം വാങ്ചുക്

ദേവിക ജയചന്ദ്രന്‍

ലഡാക്: ലഡാക്കിനെ കേന്ദ്ര ഭരണകൂടം ഒരു കോളനിയായി കാണുകയാണെന്നും ജനങ്ങളുടെ സമ്മതമില്ലാതെ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും സാമൂഹ്യ പ്രവര്‍ത്തകന്‍ സോനം വാങ്ചുക്. തന്ത്രപ്രധാനമായ അതിര്‍ത്തി മേഖലയില്‍ ജനങ്ങളെ തുടര്‍ച്ചയായി അവഗണിക്കുന്നത് ദേശീയ സുരക്ഷയ്ക്ക് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ലേയില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നതിന് പിന്നാലെ ലേ അപെക്‌സ് ബോഡി (എല്‍.എ.ബി) ചെയര്‍മാന്‍ ചെറിങ് ദോര്‍ജെ ലക്രുക്കിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വാങ്ചുക് കേന്ദ്രഭരണകൂടത്തിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.

ജനാധിപത്യ അവകാശങ്ങള്‍ ലഡാക്കിലെ ജനങ്ങള്‍ക്ക് നിഷേധിക്കപ്പെടുകയാണെന്നും സമയക്രമത്തിലും നടത്തിപ്പിലും വ്യാപകമായ എതിര്‍പ്പുണ്ടായിട്ടും ഭരണകൂടം തെരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ടുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘ലഡാക്ക് ഫലത്തില്‍ ഒരു കോളനിയായി മാറിയിരിക്കുകയാണ്. തദ്ദേശീയ ജനങ്ങളുടെ ശബ്ദത്തിന് യാതൊരു വിലയുമില്ല. തീരുമാനങ്ങള്‍ അവരുടെമേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. ഇത്തരമൊരു സംവിധാനം എങ്ങനെ തുടരാനാകും?’ വാങ്ചുക് ചോദിച്ചു.

ലഡാക്കില്‍ തനിക്കെതിരെ നവംബര്‍ 11 മുതല്‍ ഫലത്തില്‍ വീട്ടുതടങ്കലിന് സമാനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നതെന്നും കോടതി വിഷയത്തില്‍ ഇടപെട്ടതിനു പിന്നാലെയാണ് തന്റെ വസതിക്കു മുന്നില്‍ വിന്യസിച്ചിരുന്ന പൊലീസ് സേനയെ പിന്‍വലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യ സ്വാതന്ത്ര്യങ്ങളും സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ട വാങ്ചുക്, രാഷ്ട്രപതി ദ്രൗപദി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിഷയത്തില്‍ ഇടപെടണമെന്നും അഭ്യര്‍ഥിച്ചു.

തന്ത്രപ്രധാനമായ അതിര്‍ത്തി മേഖലയിലെ ജനങ്ങളെ അകറ്റിനിര്‍ത്തുന്നത് അപകടകരമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സമാധാനകാലത്ത് ഇത്തരം നടപടികളുടെ പ്രത്യാഘാതങ്ങള്‍ പ്രകടമാകണമെന്നില്ലെങ്കിലും യുദ്ധസാഹചര്യത്തില്‍ അത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കാമെന്നും അദ്ദേഹം പറഞ്ഞു.

ലഡാക്കിന്റെ രാഷ്ട്രീയവും ഭരണഘടനാപരവുമായ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെയാണ് വാങ്ചുകിന്റെ പ്രതികരണം.

വരാനിരിക്കുന്ന ലഡാക്ക് ഓട്ടോണമസ് ഹില്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ (എല്‍.എ.എച്ച്.ഡി.സി.) തെരഞ്ഞെടുപ്പിനെക്കുറിച്ചും വാങ്ചുക് ആശങ്ക പ്രകടിപ്പിച്ചു. ശൈത്യകാലത്ത് തെരഞ്ഞെടുപ്പ് നടത്തരുതെന്ന് സര്‍ക്കാരിനോട് വീണ്ടും ആവശ്യപ്പെട്ട അദ്ദേഹം, ജനസംഖ്യയിലെ വലിയൊരു വിഭാഗം ഈ സമയത്ത് ലഡാക്കിന് പുറത്തായിരിക്കുമെന്നും അതിനാല്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയിെല്ലന്നും ചൂണ്ടിക്കാട്ടി.

‘രണ്ട് വോട്ടര്‍മാര്‍ മാത്രമുള്ള പോളിങ് സ്‌റ്റേഷനുകളിലേക്കുപോലും ഹെലികോപ്റ്റര്‍ അയച്ച് അവസാനത്തെ പൗരനിലേക്കും ജനാധിപത്യം എത്തിക്കുന്നുവെന്ന് ലോകത്തോട് നാം അവകാശപ്പെടുന്നു. മറുവശത്ത്, ജനസംഖ്യയുടെ 40 മുതല്‍ 50 ശതമാനം വരെ ആളുകളെ ഒഴിവാക്കി മഞ്ഞുവീഴ്ചയുള്ള ശൈത്യകാലത്ത് തെരഞ്ഞെടുപ്പ് നടത്തുകയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും വലിയ ബുദ്ധിമുട്ടുകളിലാക്കുന്നു,’ അദ്ദേഹം പറഞ്ഞു.

ഉന്നതപഠനത്തിനായി ലഡാക്കിന് പുറത്തുപോയ വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ക്ക് നിലവിലെ സാഹചര്യത്തില്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലഡാക്കിലെ ജനാധിപത്യ പ്രക്രിയകള്‍ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതായിരിക്കണമെന്നും അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതാകരുതെന്നും സര്‍ക്കാര്‍ നിലപാട് പുനപരിശോധിക്കണമെന്നും വാങ്ചുക് ആവശ്യപ്പെട്ടു.

Content Highlight: Sonam Wangchuk  says Ladakh being treated like a colony and warns of national security fallout

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more