| Saturday, 14th March 2026, 3:58 pm

ആറ് മാസത്തെ ജയില്‍ വാസം; സോനം വാങ്ചുക്ക് ജയില്‍ മോചിതനായി

അനിത സി

ന്യൂദല്‍ഹി: ആറ് മാസത്തെ ജയില്‍ വാസത്തിന് ശേഷം പാരിസ്ഥിതിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്ക് ജയില്‍ മോചിതനായി. ലഡാക്കിന് സംസ്ഥാന പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് വാങ്ചുക്ക് ജയിലിലായത്.

ആറ് മാസം ജയിലില്‍ കഴിഞ്ഞതോടെ തടങ്കല്‍ കാലാവധി പൂര്‍ത്തിയായതായും ഉടനെ വാങ്ചുക്കിനെ മോചിപ്പിക്കുമെന്നും ശനിയാഴ്ച രാവിലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. പിന്നാലെയാണ് അദ്ദേഹത്തെ വിട്ടയച്ചിരിക്കുന്നത്. രാജസ്ഥാനിലെ ജോധ്പൂരിലെ ജയിലില്‍ കഴിയുകയായിരുന്നു വാങ്ചുക്ക്.

കശ്മീരിലെ തര്‍ക്ക വിഷയങ്ങള്‍ പരിഹരിക്കുന്നതിനും കശ്മീരിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും ചര്‍ച്ചകള്‍ തുടരുമെന്നും ക്രിയാത്മക ഇടപെടലില്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വാങ്ചുക്കിന്റെ മോചനം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസ്താവനയില്‍ പറഞ്ഞു.

എന്നാല്‍, ലഡാക്കിന് സംസ്ഥാന പദവി എന്ന വാങ്ചുക്ക് ഉള്‍പ്പടെയുള്ളവരുടെ ആവശ്യത്തെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചിട്ടില്ല. എങ്കിലും, വിഷയത്തില്‍ കേന്ദ്രം നിര്‍ണായകമായ തീരുമാനങ്ങളെടുത്തെന്നാണ് പ്രസ്താവന സൂചിപ്പിക്കുന്നത്.

ലഡാക്കിനെ ഷെഡ്യൂള്‍ ആറില്‍ ഉള്‍പ്പെടുത്തണമെന്നും സംസ്ഥാന പദവി നല്‍കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ സെപ്റ്റംബര്‍ 26ന് ലേയില്‍ സോനം വാങ്ചുക്കിന്റെ നേതൃത്വത്തില്‍ നിരാഹാര സമരം നടക്കുന്നതിനിടെയാണ് സമരക്കാര്‍ നടത്തിയ റാലി അക്രമാസക്തമായത്.

പൊലീസ് സമരം അടിച്ചമര്‍ത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പ്രതിഷേധം അക്രമാസക്തമാവുകയും ലേയിലെ തെരുവില്‍ വലിയ രീതിയിലുള്ള സംഘര്‍ഷങ്ങള്‍ക്ക് വഴിയൊരുങ്ങുകയും ചെയ്യുകയായിരുന്നു.

പ്രതിഷേധത്തിനിടെ സി.ആര്‍.പി.എഫിന്റെ വാഹനം കത്തിക്കുകയും ബി.ജെ.പിയുടെ പ്രാദേശിക ഓഫീസിന് തീയിടുകയും ചെയ്തിരുന്നു. പൊലീസ് വെടിവെപ്പില്‍ നാല് പ്രതിഷേധക്കാര്‍ കൊല്ലപ്പെടുകയും 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സംഘര്‍ഷം നടന്ന് രണ്ടാമത്തെ ദിവസമാണ് വാങ്ചുക്കിനെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തത്. വാങ്ചുക്ക് 2021-22 കാലയളവില്‍ 9.81 ലക്ഷം രൂപ കൈകാര്യം ചെയ്തതില്‍ നിയമലംഘനം നടത്തിയെന്നും ആഭ്യന്തര മന്ത്രാലയം അറസ്റ്റിന് പിന്നാലെ ആരോപിച്ചിരുന്നു.

വാങ്ചുക്ക് സ്ഥാപിച്ച സ്റ്റുഡന്റ്‌സ് എജ്യുക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ മൂവ്‌മെന്റ് ഓഫ് ലഡാക്ക് എന്ന സംഘടന വിദേശ സംഭാവനകള്‍ സ്വീകരിക്കുന്നത് കേന്ദ്രം വിലക്കുകയും ചെയ്തിരുന്നു.

Content Highlight: Sonam Wangchuk released from prison after six months in jail

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more