| Thursday, 27th August 2026, 8:33 pm

നാല് ഇന്നിങ്‌സിൽ മൂന്ന് സെഞ്ച്വറിയടിച്ചിട്ടും ഒന്നാമതായില്ല; ഇന്ത്യയെ തകർത്തവരിൽ ഒന്നാമൻ ഇതിഹാസം

ആദർശ് എം.കെ.

ഇന്ത്യ – ശ്രീലങ്ക ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം സമനിലയിൽ അവസാനിച്ചിരിക്കുകയാണ്. കൊളംബോയിലെ സിംഹളീസ് സ്പോർട്സ് ക്ലബ്ബ് ​ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഫോളോ ഓണിനിറങ്ങിയ ആതിഥേയരുടെ അവിശ്വസനീയ ചെറുത്തുനിൽപ്പാണ് മത്സരം സമനിലയിലേക്കെത്തിച്ചത്.

മത്സരത്തിന്റെ നാല് ദിവസവും വിജയം മുമ്പിൽ കണ്ട ഇന്ത്യയുടെ കൈകളിൽ നിന്നും അവസാന ദിവസത്തെ ചെറുത്തുനിൽപ്പിലൂടെ ലങ്ക വിജയം തട്ടിയകറ്റുകയായിരുന്നു.

സ്‌കോർ

ഇന്ത്യ: 503/9d

ശ്രീലങ്ക: 290 & 429/9 (f/o)

ആറാം നമ്പറിൽ ക്രീസിലെത്തിയ സോനൽ ദിനുഷയുടെ അപരാജിത സെഞ്ച്വറി കരുത്തിലാണ് ശ്രീലങ്ക മത്സരം തോൽവിയിൽ നിന്നും കരകയറിയത്. 264 പന്തുകൾ നേരിട്ട് പുറത്താകാതെ 133 റൺസുമായാണ് ദിനുഷ കരുത്ത് കാട്ടിയത്.

മത്സരത്തിലെ ആദ്യ ഇന്നിങ്സിലും സെഞ്ച്വറി നേടിയ ദിനുഷയെ തന്നെയാണ് കളിയിലെ താരമായും തെരഞ്ഞെടുത്തത്.

ശ്രീലങ്ക പരാജയപ്പെട്ട ആദ്യ ടെസ്റ്റിലും താരം തന്റെ ക്ലാസ് വ്യക്തമാക്കിയിരുന്നു. ​ഗല്ലെയിൽ നടന്ന മത്സരത്തിന്റെ ഒന്നാം ഇന്നിങ്സിൽ സെഞ്ച്വറി പൂർത്തിയാക്കിയ താരം രണ്ടാം ഇന്നിങ്സിൽ 84 റൺസും സ്വന്തമാക്കിയിരുന്നു.

പരമ്പരയിൽ ബാറ്റെടുത്ത നാല് ഇന്നിങ്സിൽ നിന്നുമായി 420 റൺസാണ് ദിനുഷ തന്റെ പേരിന് നേരെ എഴുതിച്ചേർത്തത്.

ഇതോടെ രണ്ട് മത്സരങ്ങളുടെ ടെസ്റ്റിൽ‌ ഇന്ത്യയ്ക്കെതിര ഏറ്റവുമധികം റൺസ് നേടുന്ന താരങ്ങളുടെ പട്ടികയിൽ അഞ്ചാമനായി ഇടം പിടിക്കാനും സോനൽ ദിനുഷയ്ക്കായി. ഇതി​ഹാസ താരം സനത് ജയസൂര്യ ഒന്നാമതുള്ള ലിസ്റ്റിലേക്കാണ് ദിനുഷയും തന്റെ പേരെഴുതിച്ചേർത്തത്.

സനത് ജയസൂര്യ

രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയ്ക്കെതിരെ ഏറ്റവുമധികം റൺസ്

(താരം – ടീം – റൺസ് എന്നീ ക്രമത്തിൽ)

സനത് ജയസൂര്യ – ശ്രീലങ്ക – 571 (3 ഇന്നിങ്സുകൾ)

ആൻഡി ഫ്ളവർ – സിംബാബ്വേ – 540( 4 ഇന്നിങ്സുകൾ)

ബ്രെൻ‍ഡൻ മക്കെല്ലം – ന്യൂസിലാൻഡ് – 535 (4 ഇന്നിങ്സുകൾ)

ഹാഷിം അംല – സൗത്ത് ആഫ്രിക്ക – 490 (3 ഇന്നിങ്സുകൾ)

സോനൽ ദിനുഷ – ശ്രീലങ്ക – 420 (4ഇന്നിങ്സുകൾ)*

അതേസമയം, വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ആറാമതാണ് ശ്രീലങ്ക. ആറ് ടെസ്റ്റിൽ നിന്നും ഒരു ജയവും രണ്ട് തോൽവിയും മൂന്ന് സമനിലയുമാണ് ലങ്കയ്ക്കുള്ളത്.

നവംബറിലാണ് ശ്രീലങ്ക അടുത്ത ടെസ്റ്റ് മത്സരം കളിക്കുക. പാകിസ്ഥാൻ പര്യടനത്തിൽ രണ്ട് ടെസ്റ്റാണ് ലങ്കയ്ക്ക് കളിക്കാനുള്ളത്. നവംബർ ഒമ്പതിന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റിന് റാവൽപിണ്ടിയും 17ന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിന് ലാഹോറുമാണ് വേദിയാകുന്നത്.

Content Highlight: Sonal Disnusha joins Sanath Jayasuriya in the list of most runs vs India in a 2 match Test series

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more