ഇന്ത്യ – ശ്രീലങ്ക ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരിക്കുകയാണ്. കൊളംബോയിലെ എസ്.എസ്.സിയില്‍ നടന്ന മത്സരത്തില്‍ ഫോളോ ഓണിനിറങ്ങിയ ആതിഥേയരുടെ അപരാജിത ചെറുത്തുനില്‍പ്പാണ് മത്സരം സമനിലയിലേക്കെത്തിച്ചത്.
മത്സരത്തിന്റെ നാല് ദിവസവും വിജയം മുമ്പില്‍ കണ്ട ഇന്ത്യയുടെ കൈകളില്‍ നിന്നും അവസാന ദിവസത്തെ ചെറുത്തുനില്‍പ്പിലൂടെ ലങ്ക വിജയം തട്ടിയകറ്റുകയായിരുന്നു.
സ്‌കോര്‍
ഇന്ത്യ: 503/9d
ശ്രീലങ്ക: 290 & 429/9 (f/o)
സൂപ്പര്‍ താരം സോനല്‍ ദിനുഷയുടെ അപരാജിത സെഞ്ച്വറി കരുത്തിലാണ് ശ്രീലങ്ക മത്സരം തോല്‍വിയില്‍ നിന്നും കരകയറിയത്. 420 മിനിട്ടുകള്‍ ക്രീസില്‍ നിന്ന്, 264 പന്തുകള്‍ നേരിട്ട്, പുറത്താകാതെ 133 റണ്‍സുമായാണ് ദിനുഷ കരുത്ത് കാട്ടിയത്.
മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സിലും സോനല്‍ ദിനുഷ സെഞ്ച്വറി നേടിയിരുന്നു. 162 പന്തില്‍ 103 റണ്‍സാണ് താരം സ്വന്തമാക്കിയത്.
രണ്ടാം ടെസ്റ്റിലെ പ്ലെയര്‍ ഓഫ് ദി മാച്ചും സോനല്‍ ദിനുഷ തന്നെയായിരുന്നു.
സോനല്‍ ദിനുഷ
ഇതോടെ ഒരു ചരിത്ര നേട്ടവും സോനല്‍ ദിനുഷ സ്വന്തമാക്കി. രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരമെന്ന നേട്ടമാണ് ദിനുഷ സ്വന്തമാക്കിയത്.
ഗല്ലെയില്‍, ശ്രീലങ്ക പരാജയപ്പെട്ട മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സിലും ലങ്കന്‍ താരം സെഞ്ച്വറി നേടിയിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ 16 റണ്‍സിനാണ് താരത്തിന് സെഞ്ച്വറി നഷ്ടമായത്.
(താരം – ടീം – എതിരാളികള്‍ – സെഞ്ച്വറി – വര്‍ഷം എന്നീ ക്രമത്തില്‍)
അരവിന്ദ ഡി സില്‍വ – ശ്രീലങ്ക – പാകിസ്ഥാന്‍ – 3 – 1997
അരവിന്ദ ഡി സില്‍വ – ശ്രീലങ്ക – ഇന്ത്യ – 3 – 1997
ജാക് കാല്ലിസ് – സൗത്ത് ആഫ്രിക്ക – പാകിസ്ഥാന്‍ – 3 – 2007
ഹാഷിം അംല – സൗത്ത് ആഫ്രിക്ക – ഇന്ത്യ – 3 – 2010
കുമാര്‍ സംഗക്കാര – ശ്രീലങ്ക – ബംഗ്ലാദേശ് – 3 – 2013
യൂനിസ് ഖാന്‍ – പാകിസ്ഥാന്‍ – ഓസ്‌ട്രേലിയ – 3 – 2014
മാര്‍നസ് ലബുഷാന്‍ – ഓസ്‌ട്രേലിയ – വെസ്റ്റ് ഇന്‍ഡീസ് – 3 – 2022
കെയ്ന്‍ വില്യംസണ്‍ – ന്യൂസിലാന്‍ഡ് – സൗത്ത് ആഫ്രിക്ക – 3 – 2024
സോനല്‍ ദിനുഷ – ശ്രീലങ്ക – ഇന്ത്യ – 3 – 2026*
ഇതിനൊപ്പം ഒരു ടെസ്റ്റ് പരമ്പരയില്‍ ശ്രീലങ്കയ്ക്കായി ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടവും ദിനുഷ സ്വന്തമാക്കി. അരവിന്ദ ഡി സില്‍വ രണ്ട് തവണയും സംഗക്കാര ഒരിക്കലും നേടിയ മൂന്ന് സെഞ്ച്വറിയെന്ന നേട്ടത്തിലാണ് മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍ തന്റെ പേരും എഴുതിച്ചേര്‍ത്തത്.
അതേസമയം, വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ആറാമതാണ് ശ്രീലങ്ക. ആറ് ടെസ്റ്റില്‍ നിന്നും ഒരു ജയവും രണ്ട് തോല്‍വിയും മൂന്ന് സമനിലയുമാണ് ലങ്കയ്ക്കുള്ളത്.
നവംബറിലാണ് ശ്രീലങ്ക അടുത്ത ടെസ്റ്റ് മത്സരം കളിക്കുക. പാകിസ്ഥാന്‍ പര്യടനത്തില്‍ രണ്ട് ടെസ്റ്റാണ് ലങ്കയ്ക്ക് കളിക്കാനുള്ളത്. നവംബര്‍ ഒമ്പതിന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റിന് റാവല്‍പിണ്ടിയും 17ന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിന് ലാഹോറുമാണ് വേദിയാകുന്നത്.
Content Highlight: Sonal Dinusha tops the list of most centuries in two match Test series