ഏറെ നാളത്തെ പ്രണയ സാക്ഷാത്കാരം പൂവണിഞ്ഞ സന്തോഷത്തിലാണ് ബോളിവുഡിന്റെ പ്രിയതാരം സോനം കപൂറും വരന്‍ ആനന്ദ് അഹൂജയും. ഇവരുടെ വിവാഹത്തിന് സാന്നിധ്യം അറിയിക്കാനും ആശംസകള്‍ നേരാനും ബോളിവുഡിന്റെ സൂപ്പര്‍താരങ്ങളും എത്തിയിരുന്നു.
മുംബൈയില്‍ വച്ചു നടന്ന വിവാഹ ചടങ്ങിന്റെ മുഖ്യ ആകര്‍ഷണം ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ബോളിവുഡ് താരങ്ങള്‍ തന്നെയായിരുന്നു. സോനത്തിന്റെ അമ്മായിയുടെ ബാന്ദ്രയിലെ വീട്ടില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.
പിന്നീട് മുംബൈയിലെ ലീല ഹോട്ടലില്‍ നടന്ന വിവാഹ റിസപ്ഷന്റെ വീഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഷാരുഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, സെയ്ഫ് അലി ഖാന്‍, കരീന കപൂര്‍, രണ്‍വീര്‍ സിംഗ്, ഉള്‍പ്പടെ ഒട്ടുമിക്ക താരങ്ങളും റിസപ്ഷനെത്തിയിരുന്നു.
റിസ്പ്ഷനെത്തിയ താരങ്ങളുടെ കലാപ്രകടനം കൊണ്ട് ശരിക്കും ഒരാവാര്‍ഡ് നിശയുടെ അനുഭൂതിയായിരുന്നു ലീല ഹോട്ടലില്‍ പിന്നീട് നടന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം സല്‍മാനും ഷാരൂഖ് തങ്ങളൊരുമിച്ചഭിനിയച്ച ചിത്രമായ കരണ്‍ അര്‍ജുന്റെ പാട്ടിനൊത്ത് ചുവടു വച്ചു. ഇതിനിടെ നൃത്തം ചെയ്യാന്‍ സോനത്തിന്റെ അമ്മ സുനിത കപൂറും ഇവരോടൊപ്പം ചേര്‍ന്നു.
പിന്നീട് അച്ഛന്‍ അനില്‍ കപൂറിന്‍ ഊഴമായിരുന്നു. താന്‍ പഴയ ചുവടൊന്നും മറന്നിട്ടില്ലെന്ന് അനില്‍ കപൂറും തെളിയിച്ചു. രണ്‍വീര്‍ സിംഗും ഷാരുഖും അനില്‍ കപൂറും ഒന്നിച്ച് പിന്നീട് നൃത്തം ചെയ്യാന്‍ തുടങ്ങി.
ഇതിനിടെ നൃത്തത്തില്‍ മാത്രമല്ല വേണമെങ്കില്‍ പാട്ടിലും താനൊരു കൈ നോക്കുമെന്ന ധൈര്യത്തോടെ സല്‍മാന്‍ ഖാന്‍ ഗാനമാലപിച്ചു. കൂടെ ബോളിവുഡിന്റെ കിംഗ് ഖാനും കൂടി. ആഘോഷരാവിന്റെ അവസാനം വരന്‍ ആനന്ദ് അഹൂജയെ എടുത്തുയര്‍ത്തി നവ ദമ്പതികള്‍ക്ക് ആശംസ നേരുകയായിരുന്നു രണ്‍വീര്‍ സിംഗ്.
വിവാഹത്തെക്കാള്‍ ഉപരി ബോളിവുഡ് താരങ്ങള്‍ നിറഞ്ഞാടിയ വിവാഹ റിസപ്ഷന്റെ വീഡിയോകളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.